‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ ?’ ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ. രാജ്ഭവനിലെ ഭക്ഷണം തീരുമാനിക്കാൻ ഗവർണർക്ക് അവകാശമുണ്ട്. കോൺഗ്രസിന്റേത് ‘ഫ്രോഡ് രാഷ്ട്രീയം’. യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്ന് രാജീവ് ചന്ദ്രശേഖർ

Current: മലയാളം

തിരുവനന്തപുരം: രാജ്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
വ്യക്തിപരമായ ഭക്ഷണശീലങ്ങളെ മുൻനിർത്തി വിവാദങ്ങൾ സൃഷ്ടിക്കുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്നത് ‘ഫ്രോഡ് രാഷ്ട്രീയമാണെന്നും’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു ഭവനത്തിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവിടുത്തെ താമസക്കാരനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവർണർ താമസിക്കുന്ന ഔദ്യോഗിക വസതിയിലെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്കാരത്തിനും മുൻഗണനകൾക്കും അനുയോജ്യമായ ഭക്ഷണം നിശ്ചയിക്കാനുള്ള അവകാശം ഗവർണർക്ക് മാത്രമാണ്.
കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ഇനി അടുത്തത് ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ ഈ കോൺഗ്രസുകാർ?” എന്നും പരിഹസിച്ചു.
സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെക്കുറിച്ചോ ജനങ്ങളുടെ യഥാർത്ഥ ദുരിതങ്ങളെക്കുറിച്ചോ സംസാരിക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
ഭരണം 150 ദിവസം പിന്നിട്ടിട്ടും നൽകിയ പ്രധാന അഞ്ച് വാഗ്ദാനങ്ങൾ എവിടെയെന്നോ, പ്രഖ്യാപിച്ച ‘പുതുയുഗ കേരളം’ എന്തായെന്നോ പ്രതിപക്ഷം ചോദിക്കുന്നില്ല. യുവജനങ്ങളുടെ പ്രശ്നങ്ങളും ആശുപത്രികളിൽ മരുന്നില്ലാതെ ജനം വലയുന്ന സാഹചര്യവും അവഗണിച്ചാണ് ഗവർണറുടെ ഭക്ഷണക്രമം വലിയ വിവാദമാക്കാൻ ശ്രമിക്കുന്നത്.
പൊതുസമൂഹത്തിന് മറുപടി പറയേണ്ട വിഷയങ്ങളിൽ നിന്ന് ഒളിച്ചോടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സംഘമായി കോൺഗ്രസിനെ രാഹുൽ ഗാന്ധി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.






