"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

അമേരിക്കയിൽ ജനിച്ചുവളർന്ന് സിറിയയിലെത്തി ഭീകര സംഘടനയിൽ ചേർന്നു. ഐ.എസ് ഭീകരന്റെ ഭാര്യയായി മാറിയ ശേഷം തോക്കേന്തി ബിൻ ലാദനെ വാഴ്ത്തിപ്പാടി. ഒടുവിൽ യു.എസ് യുവതി തീവ്രവാദ കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞു. ഹലീമ സൽമാന് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂയോർക്ക്: അമേരിക്കയിൽ ജനിച്ചുവളർന്ന് സിറിയയിലെത്തി ഐ.എസ് ഭീകര സംഘടനയിൽ ചേരുകയും ഭീകരന്റെ ഭാര്യയായി മാറുകയും ചെയ്ത 27-കാരിയായ ഹലീമ സൽമാൻ തീവ്രവാദ പരിശീലനം നേടിയ കേസിൽ കുറ്റക്കാരിയാണെന്ന് യു.എസ് ഫെഡറൽ കോടതി വിധിച്ചു. 

10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസിൽ ഫെബ്രുവരി രണ്ടിന് കോടതി അന്തിമ ശിക്ഷ പ്രഖ്യാപിക്കും. ജൂറിയുടെ വിധിപ്രസ്താവം കേട്ടയുടൻ ഹലീമയും കോടതിയിലുണ്ടായിരുന്ന മാതാവും പൊട്ടിക്കരഞ്ഞു.

2017-ൽ, 17-ാം വയസ്സിലാണ് ന്യൂയോർക്കിലെ ബ്രൂക്ലിൻ സ്വദേശിയായ ഹലീമയുടെ ജീവിതം മാറിമറിയുന്നത്. തുർക്കിയിലെ ബന്ധുക്കളെ സന്ദർശിക്കാനെന്ന പേരിൽ പിതാവ് ഇവരെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് സിറിയൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

അവിടെവെച്ച് മുഖംമൂടി ധരിച്ച ഐ.എസ് ഭീകരർ വാഹനം വളഞ്ഞപ്പോൾ താൻ കടുത്ത ഭീതിയിലായെന്നും, തന്റെ ജീവിതം തകർത്തത് പിതാവിന്റെ വഞ്ചനയാണെന്നും ഹലീമ കോടതിയിൽ ബോധിപ്പിച്ചു. സിറിയയിലെത്തിയ ശേഷം ഇവരെ ഒരു ഐ.എസ് ഭീകരൻ വിവാഹം കഴിക്കുകയും, ലൈംഗിക അടിമയായി നിലനിർത്തുകയുമായിരുന്നു. 

2018-ൽ നടന്ന വ്യോമാക്രമണത്തിൽ ഹലീമയുടെ പിതാവ് കൊല്ലപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചാൽ വധിക്കപ്പെടുമെന്ന് ഭയന്നതിനാലാണ് അവിടെ തുടർന്നതെന്നും നിരന്തര ബോംബാക്രമണങ്ങൾക്കിടയിൽ തെരുവുകളിൽ അഭയം തേടേണ്ടിവന്നതായും ഹലീമ വാദിച്ചു. 

2019-ൽ ഐ.എസ് വിരുദ്ധ സഖ്യസേനയുടെ പിടിയിലായ ഹലീമയെ, 2024-ൽ അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴാണ് ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത്.

എന്നാൽ, ഹലീമ വെറുമൊരു നിരപരാധിയായ ഇരയല്ലെന്നും ഭീകരപ്രവർത്തനങ്ങളിൽ സ്വമേധയാ പങ്കാളിയായിരുന്നുവെന്നും തെളിയിക്കുന്ന നിർണ്ണായക ഡിജിറ്റൽ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 

അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ഭർത്താവിന് അയച്ചുകൊടുത്തതും, ഐ.എസ് സംഘടനയോട് പൂർണ്ണ കൂറുപ്രഖ്യാപിച്ച സന്ദേശങ്ങളും പ്രോസിക്യൂഷൻ പുറത്തുവിട്ടു. 

തോക്കേന്തി നിൽക്കുന്ന ഹലീമയുടെ വീഡിയോകളും ഫോട്ടോകളും കോടതിയിൽ പ്രദർശിപ്പിച്ചു. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങുക മാത്രമാണ് ചെയ്തതെന്ന വാദം തള്ളിയ കോടതി, യുവതി സംഘടനയിൽ സജീവ പങ്കാളിത്തം വഹിച്ചതായി വിലയിരുത്തിയാണ് കുറ്റക്കാരിയാണെന്ന് വിധിച്ചത്.

Get more updates from Pudukad News on Google