ഡെമോക്രാറ്റുകൾ അധികാരത്തിലെത്തിയാൽ എല്ലാത്തിനും വീറ്റോ; ‘മിസ്റ്റർ വീറ്റോ’ ആകുമെന്ന് ട്രംപ് | Donald Trump veto threat

Current: മലയാളം

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം നേടിയാൽ അവരുടെ ബില്ലുകൾ തടയാൻ പ്രസിഡന്റിന്റെ വീറ്റോ അധികാരം വ്യാപകമായി ഉപയോഗിക്കുമെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലോ സെനറ്റിലോ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താൻ ‘മിസ്റ്റർ വീറ്റോ’ ആയി മാറുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ്കാസ്റ്റായ ‘പോഡ് ഫോഴ്സ് വൺ’ പരിപാടിയിൽ മിറാൻഡ ഡിവൈനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ( Donald Trump veto threat)
ഡെമോക്രാറ്റുകൾ നിയന്ത്രണം ഏറ്റെടുത്താൽ എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യത്തിന്, അവർ കൊണ്ടുവരുന്ന ബില്ലുകൾ വീറ്റോ ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഒന്നോ രണ്ടോ മാസം തുടർച്ചയായി ബില്ലുകൾ തടയപ്പെടുമ്പോൾ സമയം പാഴാക്കുകയാണെന്ന് തിരിച്ചറിഞ്ഞ് ഡെമോക്രാറ്റുകൾ ചർച്ചയ്ക്ക് തയ്യാറാകുമെന്നും പിന്നീട് ധാരണയിലെത്താൻ കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഇത്തരത്തിലുള്ള രാഷ്ട്രീയ ഒത്തുതീർപ്പുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ലെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻമാർ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം എല്ലാ ബില്ലുകളും വീറ്റോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം പ്രസിഡന്റ് കാലയളവിൽ ഇതുവരെ രണ്ടുതവണ മാത്രമാണ് ട്രംപ് വീറ്റോ അധികാരം പ്രയോഗിച്ചിട്ടുള്ളത്. ആദ്യ ഭരണകാലത്ത് പത്ത് ബില്ലുകൾ വീറ്റോ ചെയ്തിരുന്നു. കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾ പ്രസിഡന്റിന് നിരസിക്കാനുള്ള അധികാരമാണ് വീറ്റോ. എന്നാൽ ജനപ്രതിനിധിസഭയിലും സെനറ്റിലും മൂന്നിൽ രണ്ട് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താൽ പ്രസിഡന്റിന്റെ വീറ്റോ മറികടന്ന് ബിൽ നിയമമാക്കാൻ കഴിയും. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹവും അഭിമുഖത്തിൽ ട്രംപ് പ്രകടിപ്പിച്ചു. അവസരം ലഭിച്ചാൽ വീണ്ടും മത്സരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ ഭരണഘടനയിലെ വ്യവസ്ഥകൾ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണയിൽ കൂടുതൽ ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വിലക്കുന്ന 22-ാം ഭരണഘടനാ ഭേദഗതിയാണ് അദ്ദേഹം പരാമർശിച്ചത്.
നവംബർ മൂന്നിനാണ് അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100ൽ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. മൂന്ന് സീറ്റുകൾ അധികമായി നേടാനായാൽ സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാനാകും.
Summary: Donald Trump has threatened to veto bills passed by a Democrat-controlled Congress if Republicans lose their majority in either chamber in the US midterm elections. He also discussed the possibility of seeking a third presidential term, despite the constitutional two-term limit.





