"> Skip to content
November 5, 2026
⌕

ഉത്തർപ്രദേശിൽ വീട്ടിലുണ്ടായ തീപിടിത്തം; വയോധിക ദമ്പതികൾ വെന്തുമരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് സംശയം | Hathras house fire

November 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

Hathras house fire

ഹാഥ്‌റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധിക ദമ്പതികൾ വെന്തുമരിച്ചു. സദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഹല്ല കഹ്‌റാനിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം (Hathras house fire). 65കാരനായ സഹ്‌ജാദും ഭാര്യ 62 കാരിയായ സൽമയുമാണ് മരിച്ചത്. ദമ്പതികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീട്ടിൽ തീപടർന്നത്. തീ അതിവേഗം പടർന്നതോടെ ഇരുവർക്കും പുറത്തുകടക്കാനായില്ലെന്നാണ് വിവരം. വീടിനോട് ചേർന്ന് വസ്ത്രവിൽപ്പനശാലയും പ്രവർത്തിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് കടയിൽ വസ്ത്രങ്ങൾ വലിയ തോതിൽ സംഭരിച്ചിരുന്നതും തീ ആളിപ്പടരാൻ കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയമെന്ന് ഹാഥ്‌റസ് പൊലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സിൻഹ പറഞ്ഞു. തീയും കനത്ത പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം നടത്തി. സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദമ്പതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും തുടർനടപടികൾക്കുമായി മാറ്റിയതായി പൊലീസ് അറിയിച്ചു. നാല് ആൺമക്കളിൽ ഒരാളുടെ കുടുംബത്തോടൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. എന്നാൽ അപകടസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ദമ്പതികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Summary: An elderly couple died in a house fire in Hathras, Uttar Pradesh, in the early hours of Thursday. Police suspect a short circuit triggered the blaze, which may have spread rapidly due to stored clothes for Diwali.

Get more updates from Pudukad News on Google