"> Skip to content
November 6, 2026
⌕

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർത്തേക്കും; വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് | Kerala PSC Exam Fraud

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

PSC exam irregularities

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യത (Kerala PSC Exam Fraud). പി.എസ്.സി അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ചിന്റെ അന്തിമ തീരുമാനം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ പഴിചാരിയാണ് ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് അഡീഷണൽ സെക്രട്ടറി നൽകിയ മൊഴിയെന്നാണ് റിപ്പോർട്ട്.

പി.എസ്.സി ചെയർമാനെതിരെ നടപടിയെടുക്കണമെന്ന മുൻ ഗവർണറുടെ ശുപാർശയും സ്ഥാപനത്തിൽ ശുദ്ധീകരണം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും നിലനിൽക്കുന്നതിനിടെയാണ് ചെയർമാനെ പ്രതിചേർത്തേക്കുമെന്ന സൂചനകൾ പുറത്തുവരുന്നത്.

ചെയർമാന്റെ പങ്ക് അന്വേഷിച്ച് ക്രൈംബ്രാഞ്ച്
ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണെന്നും എഴുത്തുപരീക്ഷയുടെ മൂല്യനിർണയം നടത്തുന്നവരെ തീരുമാനിക്കുന്നതിലും ചെയർമാന് നേരിട്ട് പങ്കുണ്ടെന്നുമാണ് ചില പി.എസ്.സി അംഗങ്ങളും സെക്രട്ടറിയും നൽകിയ മൊഴികളിലുള്ളതെന്നാണ് വിവരം.

നിർണായകമായ പല തീരുമാനങ്ങളും കൂട്ടായ ആലോചനയില്ലാതെയും സെക്രട്ടറിയെ അറിയിക്കാതെയും എം.ആർ. ബൈജു സ്വന്തം നിലയിൽ എടുത്തിരുന്നുവെന്നും മൊഴികളിൽ പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ചെയർമാന്റെ പങ്ക് വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം.

ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും
ചെയർമാനും കേസിൽ അറസ്റ്റിലായ ആർ. ഹരിയും തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ പ്രധാന വിഷയമായിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

എന്നാൽ, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയുടെ അന്തിമവിധി വരട്ടെയെന്നും ഔദ്യോഗിക തിരക്കുകളുണ്ടെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.

ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ചെയർമാന് നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തുടർന്ന് ചെയർമാനെയും ആർ. ഹരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

Story Summary:
The Crime Branch is considering naming Kerala PSC Chairman M.R. Baiju as an accused in the examination fraud case. Statements reportedly given by some PSC members and officials have raised questions about the chairman’s role in selecting question-paper setters and evaluators. The Crime Branch plans to issue another notice for questioning and is seeking to question Baiju and arrested Additional Secretary R. Hari together. A final decision is expected after obtaining legal advice.

Get more updates from Pudukad News on Google