അയര്‍ലണ്ടിലടക്കം യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം വ്യാജ ബോംബ് ഭീഷണികള്‍ തുടരുന്നു

Current: മലയാളം

ഡബ്ലിന്‍: ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ സ്കൂളുകളും ആശുപത്രികളും കര്‍ശന ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി ജെന്നിഫര്‍ കരോള്‍ മക്നീല്‍. മാധ്യമസ്ഥാപനങ്ങള്‍ക്കും വിമാനക്കമ്പനികള്‍ക്കും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ഫിനഗേല്‍ പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളജ് കോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിന്റെ ആറുമാസത്തെ അധ്യക്ഷപദവി അയര്‍ലണ്ട് വഹിക്കുന്നതിനിടെ, വരും ദിവസങ്ങളില്‍ നടക്കുന്ന പ്രധാന ഉച്ചകോടികള്‍ ഡബ്ലിനില്‍ നടക്കുകയാണ്. ഇതിനിടെയാണ് ബോംബ് ഭീഷണികള്‍ രാജ്യത്ത് സുരക്ഷ സംബന്ധിച്ച് ആശങ്കകളുയര്‍ത്തുന്നത്.ബോംബ് ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് ആക്രമണങ്ങളാണ് അധികൃതരെ ഉത്ക്കണ്ഠപ്പെടുത്തുന്നത്.
ആര്‍ടിഇ ഉള്‍പ്പെടെ നിരവധി ഐറിഷ് മാധ്യമസ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഡബ്ലിനില്‍നിന്ന് പുറപ്പെട്ടവയടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനക്കമ്പനികള്‍ക്കും സമാനമായ ഭീഷണിയുണ്ടായി.
അടുത്തയാഴ്ച ഡബ്ലിനില്‍ നടക്കുന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി ഉച്ചകോടിയിലും തുടര്‍ന്നുള്ള യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തിലും 50ലേറെ ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഗാര്‍ഡ ഒരുക്കുന്നത്.
പോളണ്ട്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളും ഇത്തരം ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അധ്യക്ഷപദവിയുടെ ഭാഗമായ ഉച്ചകോടി അയര്‍ലണ്ടില്‍ നടക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധ നേടുന്നത്.
മറ്റു രാജ്യങ്ങളില്‍ ആശുപത്രികളും സ്കൂളുകളും ഹൈബ്രിഡ് ആക്രമണങ്ങളുടെ ലക്ഷ്യമായിട്ടുണ്ടെന്നും ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നതായും അവര്‍ പറഞ്ഞു. യൂറോപ്പിലുടനീളം നിലനില്‍ക്കുന്ന ഭീഷണികളെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഡ, ഡിഫന്‍സ് ഫോഴ്സ് , മറ്റ് സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്.അയര്‍ലണ്ടില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഖേദകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്കൂളുകളില്‍ സുരക്ഷാ നടപടി ശക്തമാക്കി
വിദ്യാഭ്യാസ-യുവജനമന്ത്രി ഹില്‍ഡെഗാര്‍ഡ് നോട്ടനും സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി. ഇത്തരം ഭീഷണികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ ഉറപ്പാക്കാന്‍ ജസ്റ്റീസ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റഷ്യന്‍ ബന്ധം തള്ളിക്കളയാനാകില്ലെന്ന് പ്രതിരോധമന്ത്രി
ഐറിഷ് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരായ ഭീഷണികള്‍ക്കു പിന്നില്‍ റഷ്യയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രതിരോധമന്ത്രി ഹെലന് മക്എന്റീ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും സമീപ മാസങ്ങളില്‍ യൂറോപ്പില്‍ റഷ്യയുമായി ബന്ധപ്പെടുത്തി നിരവധി ഹൈബ്രിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പോളണ്ട്, ലിത്വാനിയ, ലാത്വിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ തുടര്‍ച്ചയായി നേരിടുന്നുണ്ടെന്നും ജര്‍മനിയിലെ വിമാനത്താവളവുമായി ബന്ധപ്പെട്ട സംഭവത്തിലും റഷ്യന്‍ ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലെയും സുരക്ഷാ ഏജന്‍സികള്‍ വിവിധ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും ഭീഷണികളുടെ ഉറവിടം എവിടെയാണെന്നും പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
സുരക്ഷയില്‍ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി
അടുത്തയാഴ്ച ഡബ്ലിനില്‍ നടക്കുന്ന രണ്ട് പ്രധാന ഉച്ചകോടികളും സുരക്ഷിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനായിരിക്കുമിതെന്ന് ആര് ടി ഇയുടെ ലേറ്റ് ലേറ്റ് ഷോയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
50ലേറെ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി യോഗത്തിന് പുറമെ യൂറോപ്യന്‍ യൂണിയന് നേതാക്കളുടെ യോഗവും നടക്കും.ഗാര്‍ഡ, ഡിഫന്‍സ് ഫോഴ്സ്, സൈബര്‍ സുരക്ഷാ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ ജീവനക്കാരുടെ പണിമുടക്കും
അതേസമയം, അടുത്തയാഴ്ചത്തെ പ്രധാന പരിപാടികളുടെ സമയത്ത് ഗാര്‍ഡാ അംഗങ്ങള്‍ ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് അവരുടെ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗാര്‍ഡ സര്ജന്റുമാരുടെയും ഇന്‍സ്പെക്ടര്‍മാരുടെയും സംഘടന ജോലിനിയന്ത്രണത്തില് പങ്കെടുക്കില്ലെന്ന് അറിയിച്ചു.വ്യാഴാഴ്ച രാജ്യവ്യാപകമായി പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘനേരം ജോലി ചെയ്യേണ്ടിവരുമെന്ന് ഗാര്‍ഡ കമ്മിഷണര്‍ ജസ്റ്റിന് കെല്ലി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന് അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട പരിപാടികളിലും യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിലും ഗാര്‍ഡാ അംഗങ്ങള്‍ നല്കിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.











