Skip to content
November 18, 2026
⌕

ആർ. ശ്രീകണ്ഠൻ നായരുടെ പരാമർശങ്ങൾക്ക് പരസ്യ മറുപടിയുമായി അസിതാ സഹീർ. പിതാവിന്റെ ചികിത്സയ്ക്ക് ചാനലിൽ നിന്ന് രണ്ടര ലക്ഷം എന്നല്ല, രണ്ട് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് വെല്ലുവിളി. നഷ്ടപരിഹാരമായി 93,204 രൂപ നൽകിയാണ് സ്ഥാപനം വിട്ടതെന്നും തെളിവുകൾ സഹിതം വിശദീകരണം. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസിത

November 17, 2026
Share this post to

കൊച്ചി: ട്വന്റിഫോർ ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച പ്രമുഖ അവതാരക അസിതാ സഹീർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും വിശദീകരണവും മാധ്യമലോകത്ത് ചർച്ചയാകുന്നു.

അച്ഛന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപ കൈപ്പറ്റി എന്ന തരത്തിലുള്ള ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ പരാമർശങ്ങൾക്കെതിരെയാണ് അസിത രംഗത്തെത്തിയിരിക്കുന്നത്.

മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും, കുടുംബത്തെ പോലും ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

മോർണിംഗ് ഷോയ്ക്കിടെ ചാനൽ മേധാവി ആർ. ശ്രീകണ്ഠൻ നായർ നടത്തിയ പരാമർശമാണ് ഈ തർക്കങ്ങൾക്ക് കാരണം. ആരുടെയും പേര് പറയാതെ ശ്രീകണ്ഠൻ നായർ നടത്തിയ പരാമർശം  അസിത സഹീറിനെ ഉദ്ദേശിച്ചതാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് അസിത വിശദീകരണവുമായി രംഗത്തെത്തിയത്.

ഒരു അവതാരക  തന്റെ പിതാവ് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരമായ നിലയിലാണെന്ന് പറഞ്ഞ് ചാനലിൽ നിന്നും രണ്ടര ലക്ഷം രൂപ കൈപ്പറ്റിയെന്നും, ആ പണം വാങ്ങிய ശേഷം ഒരു വാക്ക് പോലും പറയാതെ രാജി വെച്ച് പോവുകയായിരുന്നു എന്നുമായിരുന്നു ശ്രീകണ്ഠൻ നായരുടെ ആരോപണം.

ഇത് വലിയ തോതിൽ ചർച്ചകൾക്കും സമൂഹ മാധ്യമങ്ങളിൽ അസിതയ്‌ക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അറിയപ്പെടുന്ന ഇടത് പക്ഷപാതിയായ അസിതയെ ലക്ഷ്യംവെച്ച് കോൺഗ്രസ് അനുകൂല സൈബർ പ്രൊഫൈലുകളിൽ നിന്നാണ് ശ്രീകണ്ഠൻ നായർ ഉദ്ദേശിച്ചത് അസിതയാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്.

വി.ഡി.സതീശനെ വിമർശിച്ചതിൻെറ പേരിൽ ട്വൻറിഫോറിലെ ചർച്ചാ പരാപാടികളിൽ നിന്ന് ഒഴിവാക്കപ്പെട്ട് ഒതുക്കിനിർത്തപ്പെട്ടിരുന്ന അസിതയുടെ രാജി കോൺഗ്രസ് സൈബർ പോരാളികൾ വലിയ ആഘോഷമായി കൊണ്ടാടുകയായിരുന്നു.

എന്നാൽ മുഖ്യമന്ത്രിയെ വിമർശിച്ചതിൻെറ പേരിൽ മാറ്റിനിർത്തപ്പെട്ട അസിതയുടെ രാജി ട്വൻറിഫോറിന് എതിരായ രൂക്ഷമായ കടന്നാക്രമണത്തിനുളള അവസരമായിട്ടാണ് സിപിഎം സൈബർ അണികൾ ഉപയോഗപ്പെടുത്തിയത്.

സൈബറിടത്തിൽ വലിയ ആക്രമണത്തിന് വഴിയൊരുക്കിയ അസിത സഹീറിൻെറ രാജി മാറിയതാണ് ശ്രീകണ്ഠൻ നായരെ മര്യാദയ്ക്ക് നിരക്കാത്ത പരാമർശത്തിന് പ്രേരിപ്പിച്ചത്. നിയന്ത്രണമില്ലാത്ത നാക്ക് കൊണ്ട് പലപ്പോഴും വിവാദത്തിൽ പെടാറുളള ശ്രീകണ്ഠൻ നായർ ട്വൻറിഫോറിൽ നിന്ന് രാജിവെക്കുന്ന മാധ്യമപ്രവർത്തകർക്ക് എതിരെ അധിക്ഷേപകരമായ പരാമർശം നടത്തുന്നത് ഇതാദ്യമല്ല.

കണ്ണൂർ ബ്യൂറോയിൽ നിന്ന് രാജിവെച്ച സജോ ദേവസ്യക്കെതിരെ ശ്രീകണ്ഠൻ നായർ നടത്തിയ നിന്ദ്യമായ പരാമർശം ഏറെ വിവാദമായിരുന്നു.ചെറിയ കുഞ്ഞിന് അസുഖമാണെന്ന് കളവ് പറഞ്ഞ ശേഷം സ്ഥലംമാറ്റം റദ്ദാക്കിച്ചയാൾ ഒന്നും പറയാതെ രാജിവെച്ച് പോയി  എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ സജോ ദേവസ്യക്ക് എതിരായ പരാമർശം.

എന്നാൽ ശ്രീകണ്ഠൻ നായരുടെ അധിക്ഷേപ പരാമർശത്തിന് ഇരയാകുന്ന മാധ്യമ പ്രവർത്തകരും ഇപ്പോൾ ബിഗ് ടിവി എം.ഡിയായ അനിൽ അയിരൂർ ഉൾപ്പെടെയുളള സാങ്കേതിക – അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുളളവരും മറുപടി പറയാൻ നിൽക്കാതെ സഹിക്കുന്നതായിരുന്നു ഇതുവരെയുളള പതിവ്.എന്നാൽ ആ പതിവ് ലംഘിച്ച് കൊണ്ട് ശ്രീകണ്ഠൻ നായരുടെ അധിക്ഷേപ പരാമർശത്തിന് പരസ്യമായി മറുപടി പറയുന്ന ആദ്യത്തെ മാധ്യമ പ്രവർത്തകയായി മാറുകയാണ് അസിതാ സഹീർ.

അറുപത്തിയഞ്ചാം വയസ്സിലും സ്വന്തം നിലയിൽ മാത്രം അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാരനായ ഒരച്ഛന്റെ മകളാണ് താനെന്നും, പിതാവിന്റെ ചികിത്സയ്ക്കായോ മറ്റ് ആവശ്യങ്ങൾക്കായോ ചാനലിൽ നിന്നോ മറ്റാരെങ്കിലും കൈയിൽ നിന്നോ രണ്ടര ലക്ഷം എന്നല്ല, രണ്ട് രൂപ പോലും വാങ്ങിയിട്ടില്ലെന്നും അസിത വ്യക്തമാക്കുന്നു.

ട്വൻറിഫോർ ചാനലിൽ ജോലി ചെയ്ത എട്ട് മാസം കാലയളവിൽ തന്റെ പിതാവ് എവിടെയും ചികിത്സ തേടിയിട്ടില്ലെന്നും, ആരോപണം തെളിയിക്കാൻ താൻ വെല്ലുവിളിക്കുന്നുവെന്നും അസിത സഹീർ ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

രണ്ട് മാസത്തെ നോട്ടീസ് കാലയളവ് പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ ചാനൽ ആവശ്യപ്പെട്ട 93,204 രൂപ നഷ്ടപരിഹാരമായി അവർ ആവശ്യപ്പെട്ട ‘ജനപ്രിയ’ എന്ന അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്
എന്നും, ഇതിന്റെ തെളിവുകൾ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ടെന്നും അസിത വ്യക്തമാക്കി.

ഔദ്യോഗികമായി നഷ്ടപരിഹാര തുക നൽകി സ്ഥാപനം വിട്ട തന്നെക്കുറിച്ച് ഇത്തരം അപവാദങ്ങൾ പ്രചരിപ്പിച്ചത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ പ്രസ്താവനയുടെ ചുവടുപിടിച്ച് തനിക്കെതിരെയും കുടുംബത്തിനെതിരെയും വ്യാജവും അപമാനകരവുമായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയ ടീമിനെ വെച്ച് പ്രചാരണം നടത്തുന്നു എന്ന ആരോപണവും അവർ തള്ളിക്കളഞ്ഞു.

അധികാരം ഏതുതരത്തിലുള്ളതായാലും അതിന് മുന്നിൽ മുട്ടിലിഴയണോ തല ഉയർത്തിപ്പിടിച്ചു പോരാടണോ എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്.

ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഇനിയും ഉച്ചത്തിൽ പറയുമെന്നും ഭയപ്പെടുത്തലുകൾ കൊണ്ട് ആരെയും കീഴ്പ്പെടുത്താനാകില്ലെന്നും വ്യക്തമാക്കിയാണ് അസിത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും പരസ്പര ബഹുമാനം പുലർത്തേണ്ടതുണ്ടെന്നും, വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നുമാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന പ്രധാന സൂചന.

അസിതയുടെ കുറിപ്പിൻെറ പൂർണ രൂപം

വിയോജിപ്പുകൾ പലതുണ്ടെങ്കിലും ഏറ്റവും മാന്യമായി ഒരു സ്ഥാപനത്തിൽ നിന്നും ഇറങ്ങണം എന്ന് നിർബന്ധം ഉള്ളതുകൊണ്ടാണ് 24ൽ നിന്നും രാജി വച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ നടത്തുകയോ സമൂഹ മാധ്യമ ചർച്ചകളുടെ ഭാഗമാകുകയോ ചെയ്യാതിരുന്നത്.

എന്നാൽ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ബന്ധപ്പെട്ടവർ തന്നെ നടത്തുകയും വ്യാജ പ്രചരണങ്ങൾക്ക് വഴി തുറക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ നിർബന്ധിതയായിരിക്കുകയാണ്..

അധികാര വർഗ്ഗത്തിന് മുന്നിൽ മുട്ടിലിഴയണോ തല ഉയർത്തിപ്പിടിച്ചു പോരാടണോ എന്നതൊക്കെ പൂർണമായും ഒരു ചാനൽ മാനേജ്മെന്റിന്റെയും എഡിറ്റോറിയലിന്റെയും തീരുമാനം ആണ്..അതിനോട് യോജിക്കാനും വിയോജിക്കാനും, മൗനം തുടരാനും കലഹിച്ചിറങ്ങാനും ഉള്ള സ്വാതന്ത്ര്യം ഓരോ തൊഴിലാളിക്കും ഉണ്ട്..

ഞാൻ ഉൾപ്പെടെ ഓരോ മാധ്യമ പ്രവർത്തകരും പല കാലങ്ങളിൽ പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു വന്നവരാണ്.. ഒരു സ്ഥാപനത്തിൽ നിന്നും ഇറങ്ങുന്ന നിമിഷം അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നവർ തങ്ങളും പല ഇടങ്ങളിൽ ജോലി ചെയ്തു വന്നവരാണ് എന്ന യാഥാർഥ്യം മറക്കുന്നത് നിർഭാഗ്യകരമാണ്..

അറുപത്തിയഞ്ചാം വയസ്സിലും സ്വന്തം നിലയിൽ മാത്രം  അധ്വാനിച്ചു ജീവിക്കുന്ന ഒരച്ഛന്റെ മകളാണ് ഞാൻ..എന്റെ പിതാവിന്റെ ചികിത്സയ്ക്കായോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങൾക്കായോ രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ല ..

24 എന്ന സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്ത എട്ട് മാസം ഒരു അസുഖത്തിനും എന്റെ പിതാവ് എവിടെയും ചികിത്സ തേടിയിട്ടുമില്ല..പിതാവിന്റെ ചികിത്സക്കായി ഞാൻ  പണം വാങ്ങിയെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു..

മറ്റ് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ,  അത് ഞാൻ എന്ന് ദ്യോതിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തി ആക്രമിച്ചു കീഴ്പ്പെടുത്താം എന്നാണെങ്കിൽ  നിശബ്ദമായി ഇരിക്കുകയും ഇല്ല..

24 നിർദ്ദേശിച്ച രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ അവർ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപ അവർ തന്നെ ആവശ്യപ്പെട്ട ‘ജനപ്രിയ’ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് കൈ മാറിയതിന് ശേഷമാണ് 24 വിട്ടത് ..

പണം നൽകിയതിന്റെ  രേഖകൾ കൂടി ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു..നഷ്ട പരിഹാര തുക നൽകി സ്ഥാപനം വിട്ട എനിക്കെതിരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ ചാനൽ മേധാവി ആ പ്രസ്താവനയിൽ വ്യക്തത വരുത്താനുള്ള ഉത്തരവാദിത്തം കാണിക്കണം എന്ന് ആവശ്യപ്പെടുകയാണ്..

ആ പ്രസ്താവനയുടെ ചുവട് പിടിച്ചു രണ്ടര ലക്ഷം വാങ്ങി പറ്റിച്ചു എന്ന നിലയിൽ എനിക്കെതിരെയും എന്റെ കുടുംബത്തിന് എതിരെയും വ്യാജവും അപമാനകരവുമായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും..

സോഷ്യൽ മീഡിയ ടീമിനെ വച്ച്  പ്രചാരണം നടത്തേണ്ട ആവശ്യം എനിക്ക് ഇല്ല.. സോഷ്യൽ മീഡിയയിൽ ബോധപൂർവം പ്രചരണം നടത്തുന്നു , ‘പലതും പുറത്തു വിടും’ എന്നത് പോലെയുള്ള പ്രസ്താവനകൾ  തെളിയിക്കാൻ വെല്ലുവിളിക്കുന്നു ..

മാധ്യമങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗം ആണെന്നും മാധ്യമങ്ങളും, മാധ്യമ പ്രവത്തകരും ജനങ്ങളാൽ ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും  എന്ന തിരിച്ചറിവ് ആണ് ആദ്യം ഉണ്ടാകേണ്ടത്..  വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ ആരെയും പ്രീതിപ്പെടുത്താനോ ഇന്നുവരെ ശ്രമിച്ചിട്ടില്ല..

ഓരോ വിഷയങ്ങളിലും ഇക്കാലയളവിൽ സ്വീകരിച്ച നിലപാടുകൾ ഉറച്ച ബോധ്യത്തോടെ ഉള്ളവയാണ്..പറഞ്ഞ ഓരോ വാക്കും പൂർണ ഉത്തരവാദിത്തത്തോടെയാണ്.. അത് ഇനിയും തുടരും ..

ശരി എന്ന് ബോധ്യം ഉള്ളവ ഇനിയും ഉച്ചത്തിൽ തന്നെ പറയും.. ഭയപ്പെടുത്തലുകൾ കൊണ്ടും വ്യാജ ആക്ഷേപങ്ങൾ കൊണ്ടും അതിനെ ആർക്കും കീഴ്പ്പെടുത്താനും കഴിയില്ല ..

അസിത സഹീർ

Get more updates from Pudukad News on Google