ലൈംഗികച്ചുവയുള്ളത് വേണ്ട; ഇന്ത്യയില്‍ പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും മനസിലാക്കേണ്ട വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം അതിന്റെ കണ്ടന്റ് റെക്കമെന്‍ഡേഷന്‍ കര്‍ശനമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമില്‍ വ്യാപകമാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ നടപടി.
ഉപയോക്താക്കള്‍ തങ്ങള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളും വീഡിയോകളും കാണുന്ന ‘എപ്ലോര്’, ‘റീല്‍സ്’, ‘ഫീഡ്’ തുടങ്ങിയ ഭാഗങ്ങളിലാണ് പുതിയ മാറ്റങ്ങള്‍ ബാധകമാക്കിയിരിക്കുന്നത്. സുരക്ഷിതമല്ലാത്തതും സെന്‍സിറ്റീവുമായ ഉള്ളടക്കങ്ങള്‍ പ്രമോട്ട് ചെയ്യുന്നത് പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാറ്റം.
ഒരു വര്‍ഷത്തിനിടയില്‍ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി ഡിഫോള്‍ട്ട് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി മെറ്റ വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി, ഇത്തരം കണ്ടന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തോത് പകുതിയായി കുറഞ്ഞെന്നും കമ്പനി അവകാശപ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ അതോറിറ്റികളുടെയും ഭാഗത്തുനിന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുമേല്‍ കടുത്ത നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സമാധാനത്തിനു ഭംഗം വരുത്തുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന പരിശോധന വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫീഡ് കൂടുതല്‍ വ്യക്തിഗതമാക്കാന്‍ സഹായിക്കുന്ന ‘സെന്‍സിറ്റീവ് കണ്ടന്റ് കണ്ട്രോള്’ ‘നോട്ട് ഇന്‍ട്രസ്റ്റഡ്’ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിക്കാമെന്നും മെറ്റ ഓര്‍മിപ്പിക്കുന്നു.
കൗമാരക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യയില്‍ അവതരിപ്പിച്ച ‘ടീന്‍ അക്കൗണ്ട്സ്’ സംവിധാനവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ ഇത്തരം കര്‍ശനമായ നിയമങ്ങളും സുരക്ഷാ മാറ്റങ്ങളും ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അനുഭവം എങ്ങനെ മാറ്റുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.




