Skip to content
November 20, 2026
⌕

അയർലൻറ്റിലെ ക്രെഡിറ്റ് യൂണിയനുകളിലെ സൈബർ അറ്റാക്ക്; തട്ടിപ്പിനായി വ്യാജ മെസ്സേജുകൾ വരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

November 20, 2026
Share this post to

അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകളിലുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ അംഗങ്ങളെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.വാടക, ക്രെഷ് ഫീസ്, സ്പോർട്സ് ക്ലബ് അംഗത്വ ഫീസ് തുടങ്ങിയ പതിവ് പേയ്‌മെന്റുകളെ മറയാക്കിയാണ് തട്ടിപ്പുകാർ രംഗത്തെത്താൻ സാധ്യതയുള്ളത്.ക്രെഡിറ്റ് യൂണിയൻ അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ് പുതിയ ആശങ്കകൾ ഉയർന്നിരിക്കുന്നത്.

ലഭ്യമായ വിവരങ്ങൾ ദുരുപയോഗം ചെയ്ത് വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ശ്രമിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.വാടക അടയ്ക്കുന്നവരെയും കുട്ടികളുടെ ക്രെഷ് ഫീസ് നൽകുന്ന രക്ഷിതാക്കളെയും വിവിധ സ്പോർട്സ് ക്ലബുകളിലെ അംഗങ്ങളെയുമാണ് പ്രധാനമായും ലക്ഷ്യമിടാൻ സാധ്യത. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റമുണ്ടെന്നും പുതിയ അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ലഭിച്ചേക്കാം.

ലാൻഡ്‌ലോർഡിന്റെയോ ക്രെഷ് അധികൃതരുടെയോ ക്ലബ് ഭാരവാഹികളുടെയോ പേരിൽ സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുന്നതാണ് പ്രധാന ആശങ്ക. യഥാർത്ഥ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ഇത്തരം സന്ദേശങ്ങൾ കൂടുതൽ വിശ്വസനീയമായി തോന്നാനും സാധ്യതയുണ്ട്.

അതിനാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പണം കൈമാറരുതെന്ന് മുന്നറിയിപ്പുണ്ട്. ബന്ധപ്പെട്ട വ്യക്തിയെയോ സ്ഥാപനത്തെയോ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം മാത്രമേ പണമിടപാടുകൾ നടത്താവൂ. അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, സുരക്ഷാ കോഡുകൾ എന്നിവ ആവശ്യപ്പെടുന്ന സന്ദേശങ്ങളോടും അതീവ ജാഗ്രത പുലർത്തണം.

ക്രെഡിറ്റ് യൂണിയൻ അംഗങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രത്യേകം പരിശോധിക്കണമെന്നും തട്ടിപ്പിന് ഇരയായെന്ന് സംശയമുണ്ടെങ്കിൽ ഉടൻ ബാങ്കിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കണമെന്നും നിർദേശമുണ്ട്.

 

Get more updates from Pudukad News on Google