Skip to content
November 23, 2026
⌕

ഫ്ലോറിഡയിൽ അഭിഭാഷകനെ കൊലപ്പെടുത്തിയ കേസ്; പ്ലാസ്റ്റിക് സർജനായ ഡോക്ടർക്ക് വധശിക്ഷ

November 23, 2026
Share this post to

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് വധശിക്ഷ. 2023 മാർച്ചിൽ കോസിയുടെ നിയമസ്ഥാപനത്തിലെ ശുചിമുറിയിൽ വച്ചാണ് കൊലപാതകം നടന്നത്.

 മെഡിക്കൽ ബില്ലിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കൊലപാതകത്തിനുശേഷം മൃതദേഹം എവർഗ്ലേഡ്സ് മേഖലയിലെ മാലിന്യസംഭരണിയിലേക്ക് തള്ളിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

പിന്നീട് മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റിയതിനാൽ മൃതദേഹം കണ്ടെത്താനായില്ല. കൊലപാതകം നടന്ന ശുചിമുറിയിൽനിന്നും കൊസോവ്സ്കിയുടെ വീടിന്റെ ഗാരേജിൽനിന്നും ലഭിച്ച രക്തസാംപിളുകളും ഡിഎൻഎ പരിശോധനാഫലങ്ങളും കേസിൽ നിർണായകമായി.

വിചാരണയ്ക്കിടെ സ്വന്തം കേസ് സ്വയം വാദിക്കാൻ തീരുമാനിച്ച കൊസോവ്സ്കിയെ സെപ്റ്റംബറിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം ആസൂത്രിതവും ക്രൂരവുമായിരുന്നുവെന്ന് നിരീക്ഷിച്ച പിനെല്ലാസ് കൗണ്ടി ജഡ്ജി ജോസഫ് ബലോൺ നവംബർ 20നാണ് വധശിക്ഷ വിധിച്ചത്.

 അറസ്റ്റിലാകുമ്പോൾ കൊസോവ്സ്കിയുടെ പക്കൽനിന്ന് വൻതോതിൽ പണവും ലഹരിമരുന്നും ആയുധങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

 

ഹെഡിങ്

Get more updates from Pudukad News on Google