ബിസ്ലേരി കുടിവെള്ള സാമ്പിളുകളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം; കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് എഫ്എസ്എസ്എഐ അനുമതി. നിശ്ചിത പരിധിയിലധികം ബ്രോമേറ്റും അപകടകരമായ ഹൈഡ്രോകാർബണുകളും കണ്ടെത്തിയതോടെയാണ് കർശന നടപടി; അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ബിസ്ലേരിയുടെ വിശദീകരണം

ഡല്‍ഹി: ലബോറട്ടറി പരിശോധനയില്‍ കുടിവെള്ള സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഞായറാഴ്ച അനുമതി നല്കി.
എന്നാല്‍, ബിസ്ലേരിയുടെ ഏത് തരം പാക്കേജ്ഡ് കുടിവെള്ള സാമ്പിളാണ് പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടില്ല. സംഭവത്തോട് പ്രതികരിച്ച ബിസ്ലേരി, കുടിവെള്ള സുരക്ഷയ്ക്ക് തങ്ങള്‍ വലിയ മുന്‍ഗണന നല്‍കുന്നുണ്ടെന്നും കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്നും അറിയിച്ചു.
ഉചിതമായ നിയന്ത്രണ നടപടികളിലൂടെ വിഷയം പരിഹരിക്കുന്നതിനായി എഫ്എസ്എസ്എഐയുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സുരക്ഷിതമല്ലാത്ത പാക്കേജ്ഡ് കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ബിസ്ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍ നിന്ന് ‘പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ (മിനറല്‍ വാട്ടര്‍ ഒഴികെ)’ വിഭാഗത്തിലുള്ള സാമ്പിളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. നിശ്ചിത ബ്രോമേറ്റ് പരിധി പാലിക്കുന്നതില്‍ സാമ്പിള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിയമപ്രകാരം ഇത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
എഫ്എസ്എസ്എഐയുടെ ഈ നടപടി പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാമ്പിളുമായി ബന്ധപ്പെട്ടുള്ളതാണെന്നും മിനറല്‍ വാട്ടറിനെ ബാധിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിസ്ലേരി വിവിധ തരത്തിലുള്ള കുപ്പിവെള്ളങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കിലും, സ്ഥാപനത്തില്‍ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ള സാമ്പിളിലാണ് അപാകത കണ്ടെത്തിയത്.
കമ്പനിയുടെ മിനറല്‍ വാട്ടര്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമല്ലെന്ന് ഈ നടപടി അര്‍ത്ഥമാക്കുന്നില്ല. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍, യുഎസ് ഇപിഎ തുടങ്ങിയ ആഗോള ആരോഗ്യ-പരിസ്ഥിതി ഏജന്‍സികള്‍ ബ്രോമേറ്റിനെ മനുഷ്യരില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുവായാണ് തരംതിരിച്ചിരിക്കുന്നത്.
കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാമ്പിള്‍ കൂടുതല്‍ പരിശോധനയ്ക്കായി റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു.
അവിടെ നടന്ന പരിശോധനയിലും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സാമ്പിള്‍ സുരക്ഷിതമല്ലെന്ന് ലബോറട്ടറി സ്ഥിരീകരിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു. ഇതോടെ നിയമലംഘനം വ്യക്തമായ സാഹചര്യത്തിലാണ് കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്.
ബിസ്ലേരിക്ക് പുറമെ വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാന്സ ഇന്‍ഡസ്ട്രീസ്, ആശാ കണ്‍ഫെക്ഷണറി എന്നിവയുള്‍പ്പെടെ മറ്റ് നിരവധി കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെട്ട ഉര്‍മി ലൈഫ് സയന്‍സസ് എല്‍എല്‍പി, ഗൗര്‍ ആയുര്‍വേദിക് സ്റ്റോര്‍ എന്നിവയുടെ ലൈസന്‍സുകള്‍ അതോറിറ്റി സസ്പെന്‍ഡ് ചെയ്തു.
സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ പ്രീ-പാക്കേജ്ഡ് ചോക്ലേറ്റ്-ഫില്‍ഡ് കുക്കികള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആശാ കണ്ഫെക്ഷണറിക്കെതിരെ ഉല്‍പ്പന്നം തിരിച്ചുവിളിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കുമെതിരെ എഫ്എസ്എസ്എഐ പരിശോധനകളും നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്ക്, മദ്യ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള നടപടികളും അതോറിറ്റി ശക്തമാക്കിയിരിക്കുകയാണ്.




