‘പഴയ UDF ആയി മാറരുത്, അതിനല്ല ജനം വോട്ട് കൊടുത്തത്, പഴയ ഗ്രൂപ്പ് കളികളിൽ നാട്ടുകാർക്ക് താൽപര്യമില്ല’: G സുധാകരൻ | G Sudhakaran

കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെക്കുറിച്ചും സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും പരസ്യപ്രതികരണവുമായി ജി സുധാകരൻ രംഗത്ത്. പഴയ യുഡിഎഫ് ആയി മാറരുതെന്നും, അത്തരമൊരു അവസ്ഥയ്ക്കല്ല ജനങ്ങൾ വോട്ട് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.(G Sudhakaran Warns UDF Against Old Group Politics and Slams CPI M Internal Feuds)
മുഖം നന്നായാൽ പോരാ, ഉള്ളും നന്നാവണം എന്ന് ഓർമ്മിപ്പിച്ച സുധാകരൻ, പഴയ ഗ്രൂപ്പ് കളികളിൽ ജനങ്ങൾക്ക് താല്പര്യമില്ലെന്നും ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലുതെന്നും കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്നും യുഡിഎഫിന് മുന്നിൽ വലിയൊരു അവസരമാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമൊക്കെ കഴിവുള്ള നേതാക്കളാണെന്നും, ഭരണം നന്നായി കൊണ്ടുപോയാൽ യുഡിഎഫിന് വീണ്ടും അധികാരത്തിൽ വരാനും അപ്പോൾ കെസിക്കും ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാനും സാധിക്കുമെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിൽ ജയരാജന്മാർ തമ്മിലുള്ള പോരിലും അദ്ദേഹം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പാർട്ടിയുടെ ആഭ്യന്തര സ്ഥിതി ഇപ്പോൾ എല്ലാവർക്കും മനസ്സിലായല്ലോ എന്നും, ഇത്തരം കാര്യങ്ങൾ കണ്ടാണ് താൻ പാർട്ടിയിൽ നിന്ന് മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് പാർട്ടിയുടെ പൊതുവായ അവസ്ഥയെന്നും, ആരാണ് ഇനി തിരുത്തലുകൾ നടത്തുക, ആരാണ് നിയന്ത്രിക്കുക എന്നും അദ്ദേഹം ചോദിച്ചു. നിലവിൽ പാർട്ടിയിൽ നടക്കുന്നത് കേവലം പിആർ വർക്കുകൾ മാത്രമാണെന്നും, പിണറായി വിജയൻ തന്നെ ആക്ഷേപിച്ചപ്പോൾ അതിന് തക്ക മറുപടി അദ്ദേഹത്തിന് ലഭിച്ചെന്നും ജി സുധാകരൻ പറഞ്ഞു.
Story Summary
G Sudhakaran made sharp public remarks on both the Congress group rivalry and internal issues within the CPI(M), warning the UDF not to revert to its old ways as people value trust over group politics. He stated that the Left is unlikely to return to power anytime soon and that leaders like K C Venugopal and Ramesh Chennithala could even become Chief Minister if a future UDF government performs well. Targeting the CPI(M) over the feud involving the Jayarajans, he alleged that the party is currently driven by PR work and lacked effective control or correction.




