Skip to content
November 25, 2026
⌕

ലിവ്-ഇൻ പങ്കാളികൾ പരസ്പരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന് കർണാടക ഹൈക്കോടതി. ഐ.ടി നിയമപ്രകാരം  കുറ്റം നിലനിൽക്കണമെങ്കിൽ സത്യസന്ധമല്ലാത്തതോ വഞ്ചനാപരമോ ആയ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി. പങ്കാളിക്കെതിരെ സ്ത്രീ നൽകിയ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തട്ടിപ്പ് പരാതിയിലെ നടപടികൾ കോടതി റദ്ദാക്കി

November 25, 2026
Share this post to

ബംഗളൂരു: ലിവ്-ഇൻ ബന്ധത്തിലായിരുന്ന പങ്കാളികൾ പരസ്പരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഐ.ടി  നിയമപ്രകാരം കുറ്റകരമാകില്ലെന്ന് കർണാടക ഹൈക്കോടതി.

ഐ.ടി നിയമത്തിലെ 65, 66 വകുപ്പുകൾ പ്രകാരം കുറ്റം നിലനിൽക്കണമെങ്കിൽ സത്യസന്ധമല്ലാത്തതോ വഞ്ചനാപരമോ ആയ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

ബന്ധം തകർന്നതിനു പിന്നാലെ ഇരുവരും പരസ്പരം നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത മൂന്ന് ക്രിമിനൽ നടപടികളും ജസ്റ്റിസ് എച്ച്.പി. സന്ദേശ് റദ്ദാക്കി.

കമ്പ്യൂട്ടർ രേഖകളിൽ കൃത്രിമം കാണിക്കൽ, അനധികൃതമായി ഇലക്ട്രോണിക് വിവരങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് ഐ.ടി നിയമത്തിലെ 65, 66 വകുപ്പുകൾ.

ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് ഇരുവരും പരസ്പരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായും ബിസിനസ് ബന്ധങ്ങളെയും കുടുംബസുഹൃത്തുക്കളെയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഫോൺ ഉപയോഗിച്ചു എന്നതിന്റെ പേരിൽ മാത്രം ക്രിമിനൽ നടപടി ആരംഭിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

2017-ലാണ് കേസിലുൾപ്പെട്ട ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് വാടകവീട്ടിൽ ഒരുമിച്ച് താമസം ആരംഭിച്ച ഇവർ 2018 ഫെബ്രുവരിയിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ 2018 അവസാനത്തോടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാവുകയും ഇരുവരും പരസ്പരം പരാതികൾ നൽകുകയും ചെയ്തു.

തന്റെ മൊബൈൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി പരിശോധിക്കുകയും, ഡാറ്റ നീക്കം ചെയ്യുകയും, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തുവെന്നായിരുന്നു പുരുഷ പങ്കാളി സ്ത്രീക്കെതിരെ നൽകിയ പരാതി.

അതേസമയം, പുരുഷ പങ്കാളിക്കെതിരെ ബലാത്സംഗം, വീട്ടിൽ അതിക്രമിച്ചുകയറൽ, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളുമായി സ്ത്രീയും പരാതി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.

17.77 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും, ഇതിൽ 2.80 ലക്ഷം രൂപ തിരികെ ലഭിച്ചെന്നും ബാക്കി 14.97 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം.

എന്നാൽ, ബന്ധം വഷളായതിനു പിന്നാലെ പ്രതികാരം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് പരാതികൾ നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ബന്ധത്തിലായിരുന്ന ഇരുവരും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്നും, ബന്ധം അവസാനിച്ചതിന്റെ പേരിൽ മാത്രം ക്രിമിനൽ നടപടികൾ തുടരാനാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി മൂന്ന് കേസുകളും റദ്ദാക്കിയത്.

Get more updates from Pudukad News on Google