സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുമ്പോഴും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷസ്ഥാനത്ത് മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകാര്യനായയാളെ അധ്യക്ഷനാക്കാനുള്ള നീക്കത്തിന് തടയിട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പരസ്യപ്രസ്താവനകൾ നടത്തുന്ന മുതിർന്ന നേതാക്കളുടെ നീക്കങ്ങൾക്കെതിരെ അതൃപ്തിയുമായി സണ്ണി ജോസഫ് നാളെ ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും

തിരുവനന്തപുരം: ഭരണംകിട്ടിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ തമ്മിലടി മുറുകിയെങ്കിലും നിലവിലുളള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.
വി.ഡി.സതീശൻ മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെ മുഴുവൻ സമയ അധ്യക്ഷനെ വേണമെന്ന മുറവിളി ഉയർന്നിരുന്നുവെങ്കിലും ഉടനെ മാറ്റം വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻെറ നിലപാട്.
തമ്മിലടി മുറുകിയ പശ്ചാത്തലത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ നടപടികൾ തുടങ്ങിയാൽ ഗ്രൂപ്പ് പോര് വീണ്ടും മൂർച്ഛിക്കുമെന്ന വിലയിരുത്തലിലാണ് സണ്ണി ജോസഫ് തുടരട്ടെ എന്ന ധാരണയിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേർന്നത്.
അധികാര ലബ്ധിക്ക് പിന്നാലെ സംസ്ഥാനത്തെ പാർട്ടിയിൽ തമ്മിലടി മുറുകിയതിലുളള അതൃപ്തിയും ഈ തീരുമാനത്തിലേക്കെത്താൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ദേശിയതലത്തിൽ ഇന്ത്യാ സഖ്യം ഏറ്റെടുത്തിരിക്കുന്ന സമരപരിപാടികളുടെയും മറ്റും തിരക്കിലുളള ഹൈക്കമാൻഡിന് ഇതിനൊപ്പം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയുളള തയാറെടുപ്പുകളും നടത്തേണ്ടതുണ്ട്.
ഹിന്ദി ബെൽറ്റിൽപ്പെട്ട ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ,ദക്ഷിണേന്ത്യൻ സംസ്ഥാനമായ ഗോവ എന്നിവിടങ്ങളിലെ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോഴേക്കും മാർച്ച് മാസമാകും. അതുവരെ നിലവിലുളള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടരട്ടെ എന്നാണ് കോൺഗ്രസ് ദേശിയ നേതൃത്വത്തിലെ ധാരണ.
രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങളെ അതിൻെറ മൂർധന്യത്തിൽ വെച്ച് കൈകാര്യം ചെയ്യുന്ന രീതി കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനില്ല. പ്രശ്നം കത്തി നിൽക്കുമ്പോൾ കൈക്കൊളളുന്ന തീരുമാനങ്ങൾ അത് വഷളാക്കാനിടയാക്കും എന്ന് കരുതലിലാണ് ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത്.
പ്രശ്നം കെട്ടങ്ങടിയശേഷം തീരുമാനം എടുക്കുക എന്നത് തന്ത്രപരമായ തീരുമാനം കൂടിയാണ്. അതും സണ്ണിജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തൽക്കാലം തുടരട്ടെ എന്ന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലെകോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന തർക്കങ്ങൾക്ക് പിന്നിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേതാക്കൾ നടത്തുന്ന മത്സരവും കാരണമായിട്ടുണ്ടെന്ന് ഹൈക്കമാൻഡിന് ബോധ്യമുണ്ട്. വിവിധ ചേരികളായി നിന്ന് ഗ്രൂപ്പുകളും നേതാക്കളും ഏറ്റുമുട്ടുന്ന ഘട്ടത്തിൽ തീരുമാനം വന്നാൽ ചേരിപ്പോര് അതിരൂക്ഷമാകും.അത് മനസിലാക്കിയാണ് ഹൈക്കമാൻഡ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സാവകാശമെടുത്തിരിക്കുന്നത്.
എഐസിസിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും സണ്ണി ജോസഫ് തൽക്കാലം കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്നാണ് നിലപാട്.

തനിക്ക് സ്വീകാര്യനായ കെപിസിസി അധ്യക്ഷനെ കൊണ്ടുവന്ന് ഭരണത്തിലും പാർട്ടിയിലും സമഗ്രാധിപത്യം പുലർത്താനാണ് വി.ഡി.സതീശൻെറ നീക്കമെന്ന തിരിച്ചറിവിലാണ് കെ.സി.വേണുഗോപാൽ ഈ നിലപാടിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
ഊർജ മന്ത്രിമാരുടെ ദേശിയ കോൺഫറൻസിൽ പങ്കെടുക്കാൻ നാളെ ഡൽഹിക്ക് പോകുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസം ഡൽഹിയിൽ തങ്ങുന്ന സണ്ണി ജോസഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗേ അടക്കമുളള നേതാക്കളെ കാണും.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്.കൂടിക്കാഴ്ചക്ക് എത്തുന്ന കെപിസിസി അധ്യക്ഷനെ അതൃപ്തി നേരിട്ട് അറിയിക്കാനാണ് സാധ്യത. പരസ്യ പ്രസ്താവന വിലക്കിയിട്ടും മുതിർന്ന നേതാക്കൾ അടക്കം പ്രതികരണങ്ങൾ നടത്തുന്നതിൽ സണ്ണി ജോസഫിനും അമർഷമുണ്ട്.
ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുളള നീക്കമാണിതെന്നും സണ്ണി ജോസഫ് സംശയിക്കുന്നു.ഇക്കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാൻ ഉറച്ചാണ് സണ്ണി ജോസഫ് ഡൽഹിയിലേക്ക് പോകുന്നത്.




