എസ്.ഐ.ആർ വിവാദത്തിൽ മൗനം തുടരുന്നതിനിടെ മാസങ്ങൾക്കുശേഷം വിവാഹസൽക്കാരത്തിൽ പ്രത്യക്ഷപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. മുതിർന്ന കോൺഗ്രസ് നേതാവ് അജയ് സിങ്ങിനും മധ്യപ്രദേശ് സ്പീക്കർ നരേന്ദ്ര സിങ് തോമറിനുമൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ ചർച്ചയായി. ഗ്യാനേഷിന്റെ സാന്നിധ്യം അറിയാതെയാണ് ചടങ്ങിനെത്തിയതെന്നും രാജി ആവശ്യത്തിൽ മാറ്റമില്ലെന്നും അജയ് സിങ്

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെ, മാസങ്ങൾ നീണ്ട മൗനത്തിന് ശേഷം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു സ്വകാര്യ വിവാഹസൽക്കാരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഉപേന്ദ്ര ജെയിനിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ, കോൺഗ്രസ് നേതാവ് അജയ് സിങ്, മധ്യപ്രദേശ് നിയമസഭാ സ്പീക്കർ നരേന്ദ്ര സിങ് തോമർ എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാർ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ ചർച്ചയായത്.
എസ്.ഐ.ആർ നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ വിവേക് ജോഷിയും സുഖ്ബീർ സിങ് സന്ധുവും 14 എതിർപ്പുകൾ ഉന്നയിച്ചതായി സെപ്റ്റംബർ 23-ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിലാണ്. വിവാദങ്ങൾക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പുകളിലൂടെ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചെങ്കിലും കുമാർ നേരിട്ട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
പ്രതിഷേധങ്ങളെത്തുടർന്ന് സെപ്റ്റംബറിലെ മീററ്റ്, വാരാണസി സന്ദർശനങ്ങളും ഒക്ടോബറിലെ ഛത്തീസ്ഗഡ് സന്ദർശനവും അദ്ദേഹം മാറ്റിവെച്ചിരുന്നു.
അതേസമയം, വിവാഹച്ചടങ്ങിൽ ഗ്യാനേഷ് കുമാറുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് അജയ് സിങ് വ്യക്തമാക്കി. അദ്ദേഹം ചടങ്ങിനെത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുള്ള നിലപാടിൽ മാറ്റമില്ലെന്നും സിങ് വിശദീകരിച്ചു.
ഗ്യാനേഷ് കുമാർ ഭോപ്പാലിലെത്തിയ വിവരമറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിലും വിമാനത്താവളത്തിലും പ്രതിഷേധവുമായി എത്തിയെങ്കിലും അദ്ദേഹം അപ്പോഴേക്കും മടങ്ങിയിരുന്നു. തുടർന്ന് സംസ്ഥാന കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.




