തേങ്ങയുടെ അവശിഷ്ടങ്ങളിൽ നിന്ന് ബയോചാർ നിർമ്മാണം; കർഷകർക്ക് പ്രദർശനവുമായി അമൃത കാർഷിക വിദ്യാർത്ഥികൾ | Biochar Production

തെങ്ങിൻതൊണ്ടും ചിരട്ടയും ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോചാർ നിർമിക്കുന്ന രീതി പരിചയപ്പെടുത്തി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ. കോയമ്പത്തൂരിലെ പത്താം നമ്പർ മുത്തൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കായാണ് പ്രദർശനം സംഘടിപ്പിച്ചത്. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പരിപാടിയുടെ ഭാഗമായിരുന്നു ഇത്. (Biochar Production)
പ്രാദേശികമായി ലഭിക്കുന്ന തേങ്ങയുടെ അവശിഷ്ടങ്ങൾ മൂല്യവർധിത ഉൽപ്പന്നമാക്കി മാറ്റുന്നതിനെക്കുറിച്ചും കൃഷിയിൽ ബയോചാർ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും കർഷകർക്ക് അവബോധം നൽകുകയായിരുന്നു ലക്ഷ്യം. കോളേജ് ഡീൻ ഡോ. സുധീഷ് മണാലിലിന്റെ മാർഗനിർദേശത്തിൽ ഐശ്വര്യ, അർപിത, ഹൃദയ എ, ശിവഗണേഷ്, ശിവാനി, നന്ദന, അനഘ, അനൂജ ബി, അനൂജ എസ്, അശ്വിൻ, ദേവാനന്ദ്, പി. യു. ഹൃദയ എന്നിവരടങ്ങിയ സംഘമാണ് പരിപാടി നയിച്ചത്.
തെങ്ങിൻതൊണ്ടും ചിരട്ടയും ഉപയോഗിച്ച് ചെറിയ തോതിൽ ബയോചാർ നിർമിക്കുന്നതിന്റെ പ്രായോഗിക മാതൃകയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. പരിമിതമായ ഓക്സിജൻ ലഭ്യതയിൽ നിയന്ത്രിതമായി ചൂടാക്കിയാണ് കാർഷിക അവശിഷ്ടങ്ങളെ ബയോചാറാക്കി മാറ്റുന്നത്. ഈ രീതിയുടെ വിവിധ ഘട്ടങ്ങളും വിദ്യാർത്ഥികൾ വിശദീകരിച്ചു. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ജലസംഭരണശേഷി വർധിപ്പിക്കാനും ബയോചാർ സഹായിക്കുമെന്ന് കർഷകർക്ക് പരിചയപ്പെടുത്തി. തെങ്ങിന്റെ അവശിഷ്ടങ്ങൾ കത്തിച്ചുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിനുപകരം കൃഷിക്ക് പ്രയോജനകരമായി ഉപയോഗിക്കാമെന്ന സന്ദേശവും പ്രദർശനം മുന്നോട്ടുവച്ചു. സുസ്ഥിര കാർഷിക രീതികളും ഫലപ്രദമായ കാർഷിക മാലിന്യ സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിൽ പരിപാടി ശ്രദ്ധേയമായി.
Summary: Amrita School of Agricultural Sciences students demonstrated how to produce biochar using coconut husk and shells for farmers in Muthur village, Coimbatore. The initiative aimed to promote sustainable farming, improve soil quality and encourage the productive use of agricultural waste.



