ചക്കക്കൊമ്പൻ ദൗത്യം ആശങ്കയിൽ: മയക്കുവെടിയേറ്റ ആന തുമ്പിക്കൈ ഉയർത്തി ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി നീന്തുന്നു, പിന്തിരിപ്പിക്കാൻ ശ്രമം | Mission Chakkakomban

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മൂന്നാം ദിന ദൗത്യം കടുത്ത ആശങ്കയിൽ. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആദ്യ ഡോസ് മയക്കുവെടിയേറ്റ ആന ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി നീന്താൻ തുടങ്ങിയതോടെയാണ് ദൗത്യം പ്രതിസന്ധിയിലായത്.(Mission Chakkakomban in crisis darted wild tusker enters Anayirankal reservoir and swims)
തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് ഗ്യാപ് റോഡ് ഭാഗത്തേക്ക് നീന്തുന്ന ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റാൻ വനംവകുപ്പ് സംഘം ബോട്ടുകളിൽ പിന്നാലെയുണ്ട്. വെള്ളത്തിൽ വെച്ച് മയക്കം ശക്തമായാൽ ആനയുടെ ജീവന് തന്നെ അപകടമുണ്ടായേക്കാം എന്നതാണ് വനപാലകരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്. രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്ത് കണ്ടെത്തിയ ചക്കക്കൊമ്പനെ നിരീക്ഷിച്ചുവരികയായിരുന്നു ദൗത്യസംഘം. 301 ഏക്കറിലെ അംഗൻവാടിക്ക് സമീപത്തുവെച്ചാണ് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആദ്യ ഡോസ് മയക്കുവെടി വെച്ചത്.
വെടിയേറ്റ ശേഷം അല്പനേരം അനങ്ങാതെ നിന്ന ആന പിന്നീട് ഈട്ടിക്കമല ഭാഗത്തേക്ക് ഓടുകയും, അവിടെയുള്ള യൂക്കാലിപ്റ്റസ് തോട്ടത്തിലൂടെ ആനയിറങ്കൽ അണക്കെട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. ആനയെ കരയ്ക്ക് കയറ്റുന്നതിനും നിയന്ത്രിക്കുന്നതിനുമായി കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. കരയ്ക്ക് കയറിയാലുടൻ ആവശ്യമെങ്കിൽ അടുത്ത ഡോസ് മയക്കുവെടി നൽകി റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മയക്കുവെടി വെച്ചിരുന്നെങ്കിലും ആനയെ തളയ്ക്കാൻ സാധിച്ചിരുന്നില്ല.
Story Summary
The third day of the mission to tranquilize and radio-collar wild tusker ‘Chakkakomban’ in Chinnakanal hit a critical hurdle after the darted elephant entered the Anayirankal reservoir and began swimming toward the Gap Road side. Forest officials in boats and kumki elephants have been deployed to guide the tusker safely back to shore amid fears that sedation in deep water could endanger its life.



