Skip to content
November 28, 2026
⌕

മൂന്ന് ദിവസം വനംവകുപ്പ് വട്ടമിട്ട് പറന്നിട്ടും പിടികൊടുക്കാതെ ചക്കക്കൊമ്പൻ; മയക്കുവെടിയേറ്റിട്ടും ആനയിറങ്കൽ ജലാശയത്തിലിറങ്ങി നീന്തിക്കയറി; മിഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി അവസാനിപ്പിച്ചു, രണ്ടാം ഘട്ടം ജനുവരിയിൽ | Mission Chakkakomban

November 27, 2026
Share this post to
Mission Chakkakomban

ഇടുക്കി: മൂന്ന് ദിവസം നീണ്ട വനംവകുപ്പിന്റെ ശ്രമങ്ങൾക്കൊടുവിലും പിടികൊടുക്കാതെ ചക്കക്കൊമ്പൻ (Mission Chakkakomban). മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാത്തതും ആനയിറങ്കൽ ജലാശയത്തിലിറങ്ങി നീന്തി മറുകര കടന്നതും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി. ഇതോടെ ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വനംവകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം ഉണ്ടാകില്ലെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സിസിഎഫ്) അറിയിച്ചു.

ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും വെളിച്ചക്കുറവും ആനയുടെ സഞ്ചാരരീതിയുമെല്ലാം ദൗത്യത്തിന് തടസ്സമായി.

ദൗത്യത്തിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഇടിക്കുഴി മേഖലയിൽ നിന്ന് നീങ്ങിയ ചക്കക്കൊമ്പൻ നടുത്തുരുത്തി, വിമലപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ആനയിറങ്കൽ ജലാശയത്തിന് സമീപമെത്തി. തുടർന്ന് ജലാശയത്തിലൂടെ നീന്തി മറുകരയിലെത്തിയ ആനയെ പിന്തുടർന്ന് വനംവകുപ്പ് സംഘം നിരീക്ഷണം തുടർന്നു.

മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്തെത്തിയതോടെ ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി പ്രയോഗിച്ചു. എന്നാൽ രണ്ട് ഡോസ് മയക്കുവെടി നൽകിയിട്ടും ആന പൂർണമായി മയങ്ങിയില്ല. ഇതിനിടെ ജലാശയത്തിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ അരമണിക്കൂറിലധികം വെള്ളത്തിൽ തുടർന്നു. പിന്നീട് മറുകരയിലെത്തിയ ആനയെ നിയന്ത്രണവിധേയമാക്കാൻ കുങ്കിയാനകളുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു. ഇതോടെ സംഘം പിൻവാങ്ങേണ്ടിവന്നു.

തുടർന്ന് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വീണ്ടും മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെളിച്ചക്കുറവ് തിരിച്ചടിയായി. ആന പൂർണമായി മയങ്ങാത്ത സാഹചര്യവും രാത്രിയായതും കണക്കിലെടുത്താണ് ദൗത്യം അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

ചക്കക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ തൽക്കാലം അവസാനിപ്പിച്ചെങ്കിലും ജനവാസമേഖലയിലേക്ക് ആന കടക്കുന്നത് തടയാൻ നിരീക്ഷണം തുടരും. ശനിയാഴ്ച പുലർച്ചെ മുതൽ വനംവകുപ്പ് സംഘം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്നും ജനവാസമേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ വഴിതിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു. ദൗത്യത്തിന്റെ രണ്ടാം ഘട്ടം ജനുവരിയോടെ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

മയക്കുവെടി പ്രയോഗിക്കുന്നതിനെതിരെ ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ദൗത്യം താൽക്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിക്കാൻ നിർദേശിച്ച കോടതി വിഷയം തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Summary: Forest Department suspends the Chakkakomban capture and radio-collaring mission in Idukki after three days of unsuccessful efforts. Despite two tranquiliser doses, the wild elephant remained active, swam across Anayirankal reservoir and charged at the rescue team. Monitoring will continue, with the next phase expected around January.

Get more updates from Pudukad News on Google