മണ്ഡല പുനർനിർണയ ബില്ലിൽ ഇന്ത്യാ മുന്നണിയിൽ വിള്ളൽ; ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന ശരദ് പവാർ പക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്, ‘രാജ്യസഭാ സീറ്റ് വിട്ടുനൽകിയത് എന്തിനായിരുന്നുവെന്ന്’ ചോദ്യം

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) തീരുമാനത്തിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി സഖ്യത്തിനുള്ളില്‍ ഭിന്നത രൂക്ഷമായി.
ഈ വര്‍ഷം ആദ്യം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിനെ വിജയിപ്പിക്കുന്നതിനായി തങ്ങളുടെ അവകാശവാദം പോലും ഉപേക്ഷിച്ച് നല്‍കിയ പിന്തുണയെ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് സഖ്യകക്ഷിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യാ മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ എതിര്‍ക്കുന്ന നിയമനിര്‍മ്മാണത്തെ എന്‍.സി.പി (എസ്.പി) പിന്തുണയ്ക്കുന്നതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.
2026 മാര്‍ച്ചില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് ശരദ് പവാറിനെയും വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയെയും ഓര്‍മ്മിപ്പിച്ചു. അന്ന് മഹാരാഷ്ട്ര നിയമസഭയില്‍ എന്‍.സി.പി (എസ്.പി) വിഭാഗത്തിന് 10 എം.എല്‍.എമാര്‍ മാത്രമാണുണ്ടായിരുന്നത്.
ഒരു രാജ്യസഭാ സീറ്റ് നേടാന്‍ 36 വോട്ടുകള്‍ ആവശ്യമായിരുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസിന് 16 എം.എല്‍.എമാരും ശിവസേനയ്ക്ക് (ഉദ്ധവ് താക്കറെ വിഭാഗം) 20 എം.എല്‍.എമാരുമാണ് ഉണ്ടായിരുന്നത്. പിതാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി സുപ്രിയ സുലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് സമീപിച്ചിരുന്നതായും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യാതൊരു മടിയുമില്ലാതെ പവാറിനെ പിന്തുണയ്ക്കാന്‍ സമ്മതിക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസ് സീറ്റിനുള്ള അവകാശവാദം ഉപേക്ഷിക്കുകയുമായിരുന്നു. പിന്നാലെ ശിവസേന (യു.ബി.ടി) കൂടി പിന്തുണ നല്‍കിയതോടെ മഹാവികാസ് അഘാഡി ഏകകണ്ഠമായി പവാറിനെ പിന്തുണച്ചു.
സ്വന്തം സീറ്റിനുള്ള അവകാശം മാറ്റിവെച്ചാണ് ശരദ് പവാറിനെ പിന്തുണച്ചതെന്നും, എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അതേ ശരദ് പവാറും സുപ്രിയ സുലെയും അവരുടെ പാര്‍ട്ടിയും ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പോവുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മണ്ഡല പുനര്‍നിര്‍ണയ നടപടികളെ പിന്തുണയ്ക്കുമെന്ന് എന്‍.സി.പി (എസ്.പി) നേതാവ് ജിതേന്ദ്ര അവ്ഹാദ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ശരദ് പവാറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഇതൊരു ഭരണഘടനാപരമായ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ ഔദ്യോഗിക രാഷ്ട്രീയ നിലപാടിനേക്കാളുപരി ഈ പ്രക്രിയയുടെ ഭരണഘടനാപരമായ സ്വഭാവത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്നും അതിനാല്‍ മണ്ഡല പുനര്‍നിര്‍ണയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും അവ്ഹാദ് പറഞ്ഞു.
നിര്‍ദ്ദിഷ്ട ബില്ലിനോടുള്ള സുപ്രിയ സുലെയുടെ നിലപാടിലും അടുത്ത ദിവസങ്ങളില്‍ മയപ്പെടലുണ്ടായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച് എതിര്‍ക്കുന്നതിന് പകരം അതിലെ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന സൂചനയാണ് അവര്‍ നല്‍കിയത്. ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിക്കാതെ അതിനെ തള്ളിക്കളയുന്നത് അകാലത്തിലുള്ള തീരുമാനമാകുമെന്നും രാജ്യത്തിന് ഗുണകരമായ നടപടികള്‍ അതിലുണ്ടായേക്കാമെന്നും നവംബര്‍ 26-ന് സുലെ അഭിപ്രായപ്പെട്ടിരുന്നു.
ഭരണകക്ഷി അവതരിപ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ നിയമനിര്‍മ്മാണത്തെ എതിര്‍ക്കരുതെന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കേണ്ടതെന്നും ആവശ്യപ്പെട്ട അവര്‍, നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് ബില്ലിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കണമെന്നും വ്യക്തമാക്കി.
ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് പുതിയ മണ്ഡല പുനര്‍നിര്‍ണയ ബില്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കും ബാക്കി 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായിരിക്കും. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഈ രാഷ്ട്രീയ ഭിന്നത ഉടലെടുത്തത്.
അടിയന്തര സര്‍ക്കാര്‍ നടപടികള്‍ക്കായി ലോക്സഭ നവംബര്‍ 30-നും രാജ്യസഭ ഡിസംബര്‍ രണ്ടിനും വീണ്ടും ചേരാന്‍ അഭ്യര്‍ത്ഥിച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചിട്ടുണ്ട്.
എന്‍.സി.പി (എസ്.പി) വിഭാഗത്തിന്റെ പുതിയ തീരുമാനം പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയിലെ ഭിന്നത വര്‍ധിപ്പിക്കുകയും മഹാരാഷ്ട്രയിലെ സഖ്യകക്ഷികള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമാക്കുകയും ചെയ്തിരിക്കുകയാണ്.




