Skip to content
November 29, 2026
⌕

കരിപ്പൂർ എയർപോർട്ട് സംരക്ഷിക്കാൻ ആര് മുന്നോട്ടുവരും ?

November 28, 2026
Share this post to

ഏകദേശം 38 വർഷം മുമ്പ്, (1988 ഏപ്രിൽ 13-ന്) 365 ഏക്കറിൽ പണിതതായിരുന്നു കരിപ്പൂരിലെ വിമാനത്താവളം. ചെറിയ റൺവേയും പരിമിതമായ ആഭ്യന്തര സർവീസുകളുമായി പ്രവർത്തനം തുടങ്ങിയ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കാലക്രമേണ വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നായി വളർന്നു, പക്ഷെ വികസിച്ചില്ല.

karipur airport

ക്രമേണ മലബാറുകാരുടെ നിരന്തരമായ മുറവിളികൾക്കവസാനം പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് അന്താരാഷ്ട്ര പദവി കൈവരിച്ച ഈ വിമാനത്താവളം, ബോയിംഗ് 747 ജംബോ ജെറ്റുകളും അത്യാധുനിക ബോയിംഗ് 777 വിമാനങ്ങളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളെപോലും സ്വാഗതം ചെയ്തു. 

മലബാറിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും, ഹജ്ജ് തീർത്ഥാടകർക്കും, ഗൾഫ് രാജ്യങ്ങളിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പോകാനുള്ള ഒരു പ്രധാന കവാടമായി കോഴിക്കോട് മാറി.

എന്നാൽ, 2020 ആഗസ്റ്റ് 7-ന് കരിപ്പൂർ റൺവേയിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് വീണ് രണ്ടായി പിളർന്ന എയർ ഇന്ത്യ എക്സ്പ്രസ് (ബോയിങ് 737-8HG-SFP) വിമാനാപകടത്തോടെ ഈ വിമാനത്താവളത്തിന്റെ അവസ്ഥ ദയനീയമായി മാറി. 

അപകടം സംഭവിച്ചത് പൈലറ്റിന്റെ പിഴവാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നിട്ടും വലിയ വിമാനങ്ങളുടെ വിലക്ക് നീക്കിയില്ല.

plain crash at karipur airport

(കരിപ്പൂരിൽ അപകടത്തിൽ പിളർന്ന ബോയിങ് 737 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം)

അതോടെ വലിയ വിമാനങ്ങളുടെ (wide-body aircraft) സർവീസുകൾ നിർത്തിവെച്ചത് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ സാരമായി ബാധിച്ചു. 

ബോയിംഗ് 777 വിമാനങ്ങൾ മാത്രം ഉപയോഗിച്ച് സർവീസ് നടത്തിയിരുന്ന എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ അവസാനിപ്പിച്ചു. 

കൂടാതെ മറ്റു പല കാരണങ്ങളാൽ നാരോ ബോഡി എയർക്രാഫ്റ്റുകൾ ഉപയോഗിച്ച ഗൾഫ് എയർ, എയർ ഏഷ്യ, ഒമാൻ എയർ എന്നി വിദേശ വിമാനക്കമ്പനികളും കോഴിക്കോടിനോട് വിട പറഞ്ഞു.

ചെറിയ വിമാനങ്ങളെ (narrow-body aircraft) മാത്രം ആശ്രയിക്കേണ്ടി വന്നത് കോഴിക്കോട് വിമാനത്താവളത്തിന്റെ യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും വളർച്ചയെ പരിമിതപ്പെടുത്തുകയും കേരളത്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ മത്സരശേഷി കുറയ്ക്കുകയും ചെയ്തു.

ചോദ്യങ്ങൾ മാത്രം ബാക്കി 

വിമാനത്താവളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവമില്ല എന്നത് ഏറെ നിരാശാജനകമാണ്. 

ഈ മേഖലയെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗം അധ്യക്ഷനായ ‘കാലിക്കറ്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി’ക്ക്, വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും ബന്ധപ്പെട്ട വ്യോമയാന അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയേണ്ടതാണ്. 

എന്നാൽ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൾ സമദ് സമദാനി, എം.കെ. രാഘവൻ, പി.കെ.കുഞ്ഞാലികുട്ടി  തുടങ്ങിയ പ്രമുഖരായ പാർലമെന്റ് അംഗങ്ങൾ ഈ മേഖലയെ പ്രതിനിധീകരിച്ചിരുന്നിട്ടും ദീർഘകാലമായി നിലനിൽക്കുന്ന വികസന പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു. 

ഈ രാക്ഷ്ട്രീയ നേതൃത്വം ഇന്നും ഈ മേഖലയെ എല്ലാ തരത്തിലും പ്രതീനിധീകരിക്കുന്നുമുണ്ട്. എന്നിട്ടും 38 നീണ്ട വർഷത്തിനുള്ളിൽ വിമാനത്താവള വികസനത്തിനാവശ്യമായ ഇത്തിരി ഭൂമിപോലും തരപ്പെടുത്താനായില്ല എന്ന സത്യം മലബാറുകാരെ  തെല്ലൊന്നുമല്ല നിരാശരാക്കിയത്. 

ഇവരെല്ലാം തന്നെ പ്രഗത്ഭരും രാഷ്ട്രീയ പരിചയസമ്പത്തും സ്വാധീനവുമുള്ള നേതാക്കളാണ്. ഓരോ തവണയും ഇവർ ജയിച്ചു വരുന്നത് പതിന്മടങ്ങ് ശക്തിയോടെയാണ്. 

അതുകൊണ്ട് മലബാറിന് കഴിവുള്ള നേതാക്കളുണ്ടോ എന്നതല്ല, മറിച്ച് ഈ മേഖലയിലെ വിമാനത്താവള വികസനത്തിന് അർഹമായ മുൻഗണന നൽകി  ബന്ധപ്പെട്ടവരിൽനിന്നും വികസനാനുമതി വാങ്ങിയെടുക്കാൻ എന്തുകൊണ്ടിവർ അമാന്തിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം.

ആയിരം കോടി മുടക്കാൻ തയ്യാർ 

എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോടിന്റെ വികസനത്തിനായി ആയിരം കോടി രൂപ ചെലവഴിക്കാൻ തയ്യാറായിട്ടും കേരളം സർക്കാർ സ്ഥലം ഏറ്റെടുത്തു കൊടുക്കാൻ വിമുഖത കാട്ടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മുപ്പത്തിയെട്ടാം വർഷത്തിലും ഉത്തരമില്ല. 

കേരളം മാറിമാറി ഭരിക്കുന്ന ഇടതിനും വലതിനും കോഴിക്കോട് എയർപോർട്ട് വികസിക്കുന്നതിൽ എന്തോ അറിയപ്പെടാത്ത താല്പര്യക്കുറവുണ്ട്.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നൽകുന്ന പരിഗണനയിൽ പ്രകടമായ അസന്തുലിതാവസ്ഥയുണ്ട് എന്നത് മറ്റൊരു ഖേദകരമായ യാഥാർത്ഥ്യമാണ്. 

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ വ്യത്യസ്ത ഉടമസ്ഥതയിലും നടത്തിപ്പ് രീതികളിലും വലിയ നിക്ഷേപങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുമ്പോൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേരളത്തിലെ ഏക വിമാനത്താവളമായ കോഴക്കോടിനെ എല്ലാം കൊണ്ടും അവഗണിക്കുന്നത് ഇവർ നോക്കി നിൽക്കുന്നു. 

വീർപ്പ് മുട്ടുന്ന ഒരു എയർപോർട്ട് 

അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന വികസന ആവശ്യങ്ങളും (RESA) റസയുടെ നിർമ്മാണത്തിലെ മെല്ലെപ്പോക്കും കാരണം ഇപ്പോഴും പ്രയാസങ്ങൾ നേരിടുന്നു. ഇതിന്റെ വികസന കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഒരേപോലെ പ്രതിബദ്ധത കാണിക്കേണ്ടതുണ്ട്. 

2023-ഡിസംബറിൽ ഗവാർ കൺസ്ട്രക്ഷൻ കമ്പനിക്ക് നൽകിയ കോൺട്രാക്ട് ആരംഭിച്ചത് 2024 ഫിബ്രവരിയിലും, പണികൾ പൂർത്തീകരിച്ഛ് കൈമാറേണ്ടത് 2025 ഡിസംബർ 31-നുമായിരുന്നു. 19 മാസമായിരുന്നു പണികൾ തീർക്കേണ്ട കാലാവധി. പക്ഷെ, ഈപ്പോഴും മുപ്പത്  ശതമാനത്തിലേറെ പണികൾ ഇനിയും പൂർത്തീകരിക്കാനുണ്ടന്നാണ് അറിയുന്നത്. 

സാമ്പത്തിക മേഖല 

കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഒരു പ്രത്യേക സാമ്പത്തിക മേഖലയായോ (Special Economic Zone) അല്ലെങ്കിൽ വ്യോമയാന വികസന മേഖലയായോ (Aviation Development Zone) പ്രഖ്യാപിക്കുന്നത് പരിഗണിക്കാവുന്ന ഒരു നിർദ്ദേശമാണ്. 

ആസൂത്രിതമായ ഭൂമി ഏറ്റെടുക്കൽ നയം, മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ, വ്യോമയാനവുമായി ബന്ധപ്പെട്ട ബിസിനസുകൾ, ലോജിസ്റ്റിക്സ്, കാർഗോ ടെർമിനലുകൾ, ഹോസ്പിറ്റാലിറ്റി, മറ്റ് വാണിജ്യ സംരംഭങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കിയാൽ ഈ വിമാനത്താവളത്തിന് മലബാറിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി മാറാൻ സാധിക്കും.

ഇത്തരമൊരു വികസനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ഈ മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായകരമായിരിക്കും. 

കേരളത്തിലെ മാറ്റ് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് ലഭിക്കുന്ന പരിഗണനയിൽ കോഴിക്കോടിനോട് പ്രകടമായ അസന്തുലിതാവസ്ഥയുണ്ട് എന്നത് ഖേദകരമായ മറ്റൊരു യാഥാർത്ഥ്യമാണ്. 

ആരാണുത്തരവാദികൾ 

എന്നാൽ ഇതിനായി മുൻകൈ എടുക്കേണ്ടത് ആരാണ്? ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ തയ്യാറാവേണ്ടത് ആരാണ് ? 

ഭൂമി ഏറ്റെടുക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ധീരമായ തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കേണ്ടത് ആരാണ് ? തീർച്ചയായും മലബാറിലെ രാഷ്ട്രീയ നേതൃത്വമാണ്. 

ഭാഗ്യവശാൽ അവരാണ് ഇന്ന് (2026-ൽ) കേരളം ഭരിക്കുന്നവർ. കേരളത്തെ ഒരു വ്യോമയാന ഹബ്ബായി വിഭാവനം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോഴിക്കോടിന്റെ വികസനത്തിൽ തീർച്ചയായും താല്പര്യം ഉണ്ടാകണം. 

കേരളത്തിലെ ബന്ധപ്പെട്ട മന്ത്രിമാരും, എം.എൽ.എമാരും, എം.പി.മാരും കേരള സർക്കാരിലും  കേന്ദ്ര സർക്കാരിലും  സമ്മർദ്ധം ചെലുത്തിയാൽ കോഴിക്കോട് വിമാനത്താവളത്തിന് ശോഭനമായ ഒരു ഭാവി ഉണ്ടാകും.

അതോടൊപ്പം മലബാറിലെ മൂന്ന് ചേംബറുകൾ (കോഴിക്കോട്, മലപ്പുറം,വയനാട്) ഒത്തൊരുമിച്ചുകൊണ്ട് കോഴിക്കോട് വിമാനത്താവള വികസനത്തിനാവശ്യമായ വഴികൾ ഒരുക്കേണ്ടതുണ്ട്. പൂച്ചക്ക് ആര് മണികെട്ടും എന്ന തർക്കത്തിന് ഇനി ഒട്ടും പ്രസക്തിയില്ല. എല്ലാവരും ഒരുമിച്ചിറങ്ങുക. അങ്ങനെ ഒരു വേദി ഉണ്ടാക്കുക അനിവാര്യമാണ്.

മൂവ്വായിരത്തിലേറെ ഏക്കറിൽ പണിത കണ്ണൂർ വിമാനത്താവളം അഞ്ചു വർഷമായിട്ടും പോയിന്റ് ഓഫ് കോൾ ലഭിക്കാതെ നട്ടം തിരിയുമ്പോൾ 365 ഏക്കറിൽ ശ്വാസം മുട്ടുന്ന കരിപ്പൂരിൽ ഒരു നൂറ് (100) ഏക്കർ ഭൂമിയെങ്കിലും ഏറ്റെടുത്തിരുന്നെങ്കിൽ ഇവിടെ വൈഡ്ബോഡി വിമാനങ്ങൾ ഇറങ്ങുമായിരുന്നു, 

അതുമൂലം സർക്കാരിന് സാമ്പത്തിക നേട്ടം കൈവരിക്കാമായിരുന്നു, ഒപ്പം മലബാറിന്റെ കവാടമായ കോഴിക്കോട് വിമാനത്താവളവും വികസിക്കുമായിരുന്നു. 

കോഴിക്കോട് വിമാനത്താവളം എന്നത് വെറുമൊരു വിമാനത്താവളം മാത്രമല്ല, പ്രവാസികൾ ഉൾപ്പെടെ മലബാറിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക ജീവനാഡിയാണത്. 

ഇതിന്റെ വികസനം ഏതെങ്കിലും ഒരു ജില്ലയ്ക്കോ രാഷ്ട്രീയ മണ്ഡലത്തിനോ നൽകുന്ന ഔദാര്യമല്ല, മറിച്ച്, ഇതൊരു പ്രാദേശിക ആവശ്യവും സാമ്പത്തിക ഉത്തരവാദിത്തവുമാണ്. 

ഈ പരിമിതികൾക്കിടയിലും കഴിഞ്ഞ വർഷം (2024-2025) 33 ലക്ഷം യാത്രക്കാർ ഈ വിമാനത്താവളം ഉപയോഗിച്ച് എന്നത് എടുത്തുപറയാവുന്ന മലബാറുകാരുടെ അഭിമാനമാണ്. 

പൊതുമേഖലിയിലെ വിമാനത്താവള വരുമാനത്തിൽ നാലാം സ്ഥാനത്താണ് കോഴിക്കോടിനെ അടയാളപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ 38 വർഷമായി മലബാറുകാർ, ഈ വിമാനത്താവളത്തിന് തങ്ങളുടെ സ്വപ്നങ്ങളും യാത്രക്കാരെയും അന്താരാഷ്ട്ര തലത്തിലുള്ള മേൽവിലാസവും നൽകിയിട്ടുണ്ട്. 

ഇനി സർക്കാരുകളും ജനപ്രതിനിധികളും തിരിച്ച് എന്തെങ്കിലും നൽകേണ്ട സമയമായിരിക്കുന്നു. ലോകത്തേക്കുള്ള ഞങ്ങളുടെ കവാടം ചിറകറ്റ് വീഴുന്നത് കണ്ടുനിൽക്കാൻ മലബാറിന് കഴിയില്ല. അല്ലാത്തപക്ഷം മലബാറിന് സ്വന്തമായ മറ്റൊരു ഗ്രീൻ ഫീൽഡ് എയർപോർട്ട് വരാനുള്ള സാധ്യതകളെ പരിഗണിക്കേണ്ടി വരും.

(കാൽനൂറ്റാണ്ടിലേറെക്കാലം ഏവിയേഷൻ മേഖലയിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ലേഖകൻ, കാലിക്കറ്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗം കൂടിയാണ്)

-ഹസ്സൻ തിക്കോടി (hassanbatha@gmail.com, phone: 9747883300)

 

 

Get more updates from Pudukad News on Google