Skip to content
November 29, 2026
⌕

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു; മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം | Kasaragod Endosulfan Victims

November 28, 2026
Share this post to
CM VD Satheesan

കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ജില്ലാ സെൽ പുനഃസംഘടിപ്പിച്ചു (Kasaragod Endosulfan Victims). ദുരിതബാധിതരുമായി നവംബർ 20ന് മുഖ്യമന്ത്രി കാസർകോട് നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

കഴിഞ്ഞ നാല് വർഷമായി എൻഡോസൾഫാൻ സെൽ യോഗം പോലും ചേർന്നിരുന്നില്ലെന്ന പരാതി ദുരിതബാധിതർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സെൽ പ്രവർത്തനം സജീവമാക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ നടത്തുന്നതിനും തീരുമാനമായി. മൂന്ന് മാസത്തിലൊരിക്കൽ സെൽ യോഗം ചേരണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയാണ് സെല്ലിന്റെ ചെയർമാൻ. ജില്ലാ കളക്ടർ കൺവീനറായിരിക്കും. കാസർകോട് എം.പി, ജില്ലയിലെ എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.

എൻഡോസൾഫാൻ സമരസമിതിയുടെ പ്രതിനിധിയായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും പുതിയ സെല്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സെല്ലിന്റെ പുനഃസംഘടന സഹായകമാകുമെന്നാണ് പ്രതീക്ഷ.

Story Summary: The Kasaragod district Endosulfan Relief Cell has been reconstituted to coordinate and review rehabilitation and relief activities for affected families. The decision follows discussions between Chief Minister and Endosulfan victims on November 20. The Chief Minister has directed the cell to meet once every three months.

Get more updates from Pudukad News on Google