‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; വ്യാജ വിവാഹവാഗ്ദാനത്തിൽ വീണ് മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം

‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; വ്യാജ വിവാഹവാഗ്ദാനത്തിൽ വീണ് മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം

മുംബൈ: ലോകസമ്പന്നൻ ഇലോൺ മസ്‌ക് ആണെന്ന വ്യാജേന വിവാഹവാഗ്ദാനം നൽകി മുംബൈ സ്വദേശിനിയിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ചെമ്പൂർ സ്വദേശിനിയായ നാല്പതുകാരിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ എത്തിയ ‘വ്യാജ മസ്‌കിന്റെ’ വലയിൽ വീണത്. തന്നെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ബന്ധത്തിലൂടെ മാസങ്ങൾ കൊണ്ടാണ് യുവതിയുടെ പണം കവർന്നത്.

വിസ നടപടികൾ വേഗത്തിലാക്കാൻ എന്ന പേരിൽ ജയിംസ് എന്ന മറ്റൊരാളെ തട്ടിപ്പുകാരൻ യുവതിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇയാളുടെ നിർദ്ദേശപ്രകാരം ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങിയാണ് യുവതി പണം കൈമാറിയത്. ആമസോൺ ഗിഫ്റ്റ് കാർഡുകളുടെ കോഡുകൾ കൈമാറുന്നതിലൂടെ ഒക്ടോബർ മുതൽ ഈ മാസം വരെ 16.34 ലക്ഷം രൂപ യുവതിക്ക് നഷ്ടമായി. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്ന പേരിൽ രണ്ട് ലക്ഷം രൂപ കൂടി ചോദിച്ചതോടെയാണ് യുവതിക്ക് സംശയം തോന്നിയത്.

Also Read: 50 വരെ എണ്ണാൻ കഴിഞ്ഞില്ല! അച്ഛന്റെ മർദ്ദനമേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

പണം നൽകില്ലെന്ന് ഉറപ്പായതോടെ ‘നിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകില്ല’ എന്ന് പറഞ്ഞ് പ്രതി ബന്ധം അവസാനിപ്പിച്ചു. ഇതോടെ ചതി മനസ്സിലാക്കിയ യുവതി മാതാപിതാക്കളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ ചീറ്റിംഗ്, വേഷപ്രച്ഛാദനം നടത്തി പറ്റിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ഐടി ആക്ടും ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

The post ‘ഞാൻ ഇലോൺ മസ്‌ക് ആണ്, നമുക്ക് കല്യാണം കഴിക്കാം’; വ്യാജ വിവാഹവാഗ്ദാനത്തിൽ വീണ് മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം appeared first on Express Kerala.

Spread the love
Scroll to Top