
അടുത്ത ആഴ്ച ആരംഭിക്കുന്ന ഐസിസി ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, മുൻ താരം പാർത്ഥിവ് പട്ടേൽ തന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതാണ് പാർത്ഥിവിന്റെ ഇലവനിലെ പ്രധാന പ്രത്യേകത.
നിലവിൽ മികച്ച ഫോമിലുള്ള താരങ്ങളെയാണ് ലോകകപ്പ് പോലുള്ള വലിയ വേദികളിൽ പരിഗണിക്കേണ്ടതെന്നാണ് പാർത്ഥിവ് പട്ടേലിന്റെ പക്ഷം. ന്യൂസിലൻഡിനെതിരായ അവസാന ടി-20യിൽ മിന്നും സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ, വിക്കറ്റ് കീപ്പിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു. ഓപ്പണിംഗിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഇഷാൻ കിഷൻ ഇറങ്ങണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
തിലക് വർമ്മയെ മൂന്നാം നമ്പറിലും സൂര്യകുമാർ യാദവിനെ നാലാം നമ്പറിലും ഉൾപ്പെടുത്തിയ പാർത്ഥിവ്, കരുത്തുറ്റ മധ്യനിരയെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ മധ്യനിരയിൽ അണിനിരക്കും. ബൗളിംഗിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും പേസ് നിരയെ നയിക്കുമ്പോൾ, വരുൺ ചക്രവർത്തി ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലിടം പിടിച്ചു.
The post സഞ്ജു പുറത്ത്, ഇഷാൻ അകത്ത്! ലോകകപ്പിനുള്ള പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ച് പാർത്ഥിവ് പട്ടേൽ appeared first on Express Kerala.



