
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ പ്രധാനമന്ത്രി പൂർണ്ണമായും കീഴടങ്ങുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് മോദിക്ക് നല്ലതെന്ന് രൂക്ഷമായി പരിഹസിച്ചു.
രാജ്യത്തെ ബാധിക്കുന്ന അതീവ തന്ത്രപ്രധാനമായ കരാറുകൾ ട്രംപ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ചരിത്രത്തിലാദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി ഇന്ത്യയുടെ കരാറുകളെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്നത്. മോദി ഇതിന് വഴങ്ങിക്കൊടുക്കുന്നത് രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്നതിന് തുല്യമാണെന്നും വേണുഗോപാൽ ആരോപിച്ചു.
Also Read: എന്നെ അന്ധനാക്കി, ഇത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷത്തിനെതിരെ സ്പീക്കർ, സഭയിൽ നാടകീയ രംഗങ്ങൾ
പാർലമെന്റിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ സർക്കാർ ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തുകയാണ്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ സത്യമില്ലെങ്കിൽ അത് നിഷേധിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അപ്രിയ സത്യങ്ങൾ പുറത്തുവരുന്നത് തടയാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ സമ്മർദ്ദത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
The post മോദി ട്രംപിന് മുന്നിൽ കീഴടങ്ങി; വ്യാപാര കരാറിൽ രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെച്ചു; കെ.സി. വേണുഗോപാൽ appeared first on Express Kerala.



