
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിൽ ജനുവരി 21-ന് പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിലിന് പുറത്തിറങ്ങും.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസിലെ മറ്റ് മൂന്ന് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്, മറ്റുള്ളവർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; പോറ്റി പുറത്തേക്ക് appeared first on Express Kerala.




