കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിനില്ലെന്ന് എം.വി. ഗോവിന്ദൻ

കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിനില്ലെന്ന് എം.വി. ഗോവിന്ദൻ

കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം ‘അടഞ്ഞ അധ്യായ’മാണെന്നും അദ്ദേഹവുമായി പരസ്യ സംവാദത്തിന് താല്പര്യമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പയ്യന്നൂരിലെ ഫണ്ട് വിവാദം പ്രാദേശികമായ ഒരു പ്രശ്നം മാത്രമാണെന്നും അക്കാര്യത്തിൽ നേതൃത്വത്തിന് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതൃത്വത്തെ തിരുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നാളെ വാർത്താസമ്മേളനം നടത്തും. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട കണക്കുകൾ പാർട്ടി നാളെ വ്യക്തമാക്കിയേക്കും. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നെങ്കിലും അത് ഏറ്റെടുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.

Also Read: സിപിഎമ്മിന് പ്രഹരം! രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു; അംഗത്വം നൽകി വി.ഡി സതീശൻ

അതേസമയം, കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് വലിയ ജനപങ്കാളിത്തം ഉണ്ടായത് പാർട്ടി വിരുദ്ധരുടെ സാന്നിധ്യം കൊണ്ടാണെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ എതിരാളികളാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അണികൾ അതിൽ ഭാഗമായിട്ടില്ലെന്നുമാണ് പാർട്ടിയുടെ വാദം.

The post കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിനില്ലെന്ന് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
Scroll to Top