loader image
സിബിഎസ്‌ഇ പ്ലസ് ടു മൂല്യനിര്‍ണ്ണയം ഡിജിറ്റലാകുന്നു; 2026 മുതല്‍ ഓണ്‍-സ്‌ക്രീൻ മാര്‍ക്കിങ് രീതി

സിബിഎസ്‌ഇ പ്ലസ് ടു മൂല്യനിര്‍ണ്ണയം ഡിജിറ്റലാകുന്നു; 2026 മുതല്‍ ഓണ്‍-സ്‌ക്രീൻ മാര്‍ക്കിങ് രീതി

സിബിഎസ്‌ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതിയില്‍ അടിമുടി മാറ്റം വരുന്നു. 2026 മുതല്‍ ഉത്തരക്കടലാസുകള്‍ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓണ്‍-സ്‌ക്രീൻ മാർക്കിങ്’ സംവിധാനം നടപ്പിലാക്കാൻ സിബിഎസ്‌ഇ തീരുമാനിച്ചു.

മൂല്യനിർണ്ണയത്തിലെ സുതാര്യത വർദ്ധിപ്പിക്കുക, ഫലപ്രഖ്യാപനം വേഗത്തിലാക്കുക, മാനുഷികമായ പിഴവുകള്‍ ഒഴിവാക്കുക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകർ പേപ്പർ ഉത്തരക്കടലാസുകള്‍ക്ക് പകരം സ്കാൻ ചെയ്ത പകർപ്പുകള്‍ കമ്പ്യൂട്ടർ സ്ക്രീനില്‍ നോക്കിയാകും ഇനി മാർക്കിടുക. നിലവില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് മാത്രമാണ് ഈ മാറ്റം ബാധകം; പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയം പഴയ രീതിയില്‍ തന്നെ തുടരും.

പിഴവുകളില്ലാത്ത ഫലപ്രഖ്യാപനവും അധ്യാപകർക്ക് സൗകര്യവും

പുതിയ സോഫ്റ്റ്‌വെയർ അധിഷ്ഠിത മൂല്യനിർണ്ണയം വരുന്നതോടെ മാർക്കുകള്‍ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകള്‍ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഇതോടെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് വെരിഫിക്കേഷൻ നടപടികള്‍ക്കും റീ-കൗണ്ടിംഗിനും വലിയ തോതില്‍ കുറവുണ്ടാകും. അധ്യാപകർക്ക് സ്വന്തം സ്കൂളിലിരുന്ന് തന്നെ മൂല്യനിർണ്ണയം നടത്താൻ സാധിക്കുമെന്നതാണ് മറ്റൊരു വലിയ നേട്ടം. മൂല്യനിർണ്ണയ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ സാധിക്കുന്നതിലൂടെ അധ്യാപകരുടെ വിലപ്പെട്ട സമയവും സ്കൂളിലെ പഠനസമയവും ഒരുപോലെ ലാഭിക്കാൻ സാധിക്കും. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ പ്രത്യേക കോള്‍ സെന്ററുകളും സിബിഎസ്‌ഇ സജ്ജമാക്കും.

See also  ആനക്കല്ല് തൃത്താമരശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

സ്കൂളുകള്‍ സജ്ജമാകണം; പരിശീലനം ഉടൻ

ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകള്‍ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കണമെന്ന് സിബിഎസ്‌ഇ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞത് 4 GB റാം ഉള്ള കമ്പ്യൂട്ടറുകള്‍, വിൻഡോസ് 8-ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം, അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ കമ്പ്യൂട്ടർ ലാബുകളില്‍ ഉറപ്പാക്കണം. അധ്യാപകർക്ക് പുതിയ സംവിധാനവുമായി പരിചയപ്പെടുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും വീഡിയോകളും സിബിഎസ്‌ഇ പുറത്തിറക്കും. പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലുള്ള ‘ഡ്രൈ റണ്ണുകളും’ സംഘടിപ്പിക്കും. പരീക്ഷാ രീതികളില്‍ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടുള്ള സിബിഎസ്‌ഇയുടെ ഈ നീക്കം വലിയ സ്വാഗതം ഏറ്റുവാങ്ങിയിട്ടുണ്ട്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close