
മലയാള സിനിമയുടെ പെരുമ ആഗോള സിനിമാ ഭൂപടത്തിൽ ഒരിക്കൽ കൂടി സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെടുന്നു. അഭിനയ വിസ്മയം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നായ ‘ഭ്രമയുഗം’ ലോകസിനിമയുടെ പരമോന്നത വേദികളിലൊന്നായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഇന്ന് രാത്രി പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന അപൂർവ്വ ബഹുമതിയാണ് രാഹുൽ സദാശിവൻ ചിത്രം ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തന്നിലെ നടനെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി എന്ന പ്രതിഭയുടെ വിശ്വരൂപമാണ് ഭ്രമയുഗത്തിൽ കണ്ടത്. കൊടുമൺ പോറ്റിയായും ചാത്തനായും അദ്ദേഹം പകർന്നാടിയ അഭിനയ മുഹൂർത്തങ്ങൾ ഹോളിവുഡ് നിലവാരത്തോടാണ് സിനിമാ ലോകം ഉപമിക്കുന്നത്. ചായക്കൂട്ടുകളുടെ ചമയങ്ങളില്ലാതെ, കറുപ്പും വെളുപ്പും മാത്രമുള്ള ഫ്രെയിമുകളിൽ മമ്മൂട്ടി എന്ന നടന്റെ കണ്ണുകളും ശബ്ദവും ചിരിയും ഒരു വിറയലോടെയല്ലാതെ പ്രേക്ഷകന് കണ്ടുതീർക്കാനാവില്ല.
Also Read: ‘മമ്മൂക്കയെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം’; വാൾട്ടറിനെക്കുറിച്ച് അദ്വൈത് നായർ
ലോസ് ഏഞ്ചൽസിലെ ടെഡ് മാൻ തിയേറ്ററിൽ രാത്രി 7.30-നാണ് പ്രദർശനം. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിൽ ലോകപ്രശസ്തമായ ഹൊറർ ക്ലാസിക്കുകൾക്കൊപ്പമാണ് ഭ്രമയുഗം ഇടംപിടിച്ചിരിക്കുന്നത്. മിഡ്സോമ്മർ, ദ വിച്ച്, ദ വിക്കർ മാൻ തുടങ്ങിയ ഹോളിവുഡ് മാസ്റ്റർപീസുകൾക്കൊപ്പം ഒരു മലയാളം സിനിമയുടെ പേര് ഉയർന്നു കേൾക്കുന്നത് ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്.
The post അറിയാലോ മമ്മൂട്ടിയാണ്! ‘ഭ്രമയുഗം’ ഓസ്കർ അക്കാദമി സ്ക്രീനിംഗ് ഇന്ന് appeared first on Express Kerala.


