loader image
പ്രണയകാലത്ത് വീണ്ടും ‘പ്രേമം’; തെന്നിന്ത്യൻ തിയറ്ററുകളിൽ ആവേശമായി റീ-റിലീസ്

പ്രണയകാലത്ത് വീണ്ടും ‘പ്രേമം’; തെന്നിന്ത്യൻ തിയറ്ററുകളിൽ ആവേശമായി റീ-റിലീസ്

ലയാള സിനിമയിലെ എക്കാലത്തെയും വലിയ ട്രെൻഡ് സെറ്ററുകളിൽ ഒന്നായ ‘പ്രേമം’ റിലീസിന്റെ പതിനൊന്നാം വർഷത്തിൽ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇന്നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. പിവിആർ ഐനോക്സ് തിയറ്ററുകൾ വഴി കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലായി 14 സെന്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലെ പ്രേക്ഷകർക്ക് ജോർജിന്റെയും മലർ മിസ്സിന്റെയും പ്രണയകഥ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ ആസ്വദിക്കാം.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം 2015-ൽ പുറത്തിറങ്ങിയപ്പോൾ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ട്രെയിലർ പോലും പുറത്തുവിടാതെ, പാട്ടുകളിലൂടെ മാത്രം പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ബോക്സ് ഓഫീസിൽ 70 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം ചെന്നൈയിലെ ഒരു തിയറ്ററിൽ 200 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോർഡ് ഇട്ടിരുന്നു. തമിഴ് റീമേക്ക് വേണ്ടെന്ന് പറഞ്ഞ് അവിടുത്തെ ആരാധകർ സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ നടത്തിയത് ചിത്രത്തിന് അയൽസംസ്ഥാനങ്ങളിലുള്ള സ്വാധീനം വ്യക്തമാക്കുന്നു.

See also  ‘മമ്മൂക്കയെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം’; വാൾട്ടറിനെക്കുറിച്ച് അദ്വൈത് നായർ

Also Read: പമ്പയിലെ സിനിമാ ചിത്രീകരണം! അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ; മൊഴി രേഖപ്പെടുത്തി

നിർമ്മാതാക്കളായ അൻവർ റഷീദ് എന്റർടൈൻമെന്റ്സ് തന്നെയാണ് ഈ ലിമിറ്റഡ് റീ-റിലീസ് വിവരം പങ്കുവെച്ചത്. പത്ത് വർഷത്തിനിപ്പുറവും ചിത്രത്തോടുള്ള ആവേശം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആരാധകരുടെ പ്രതികരണങ്ങൾ. പ്രണയദിനത്തോട് അനുബന്ധിച്ച് എത്തുന്ന ചിത്രം യുവാക്കളെയും സിനിമാപ്രേമികളെയും വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post പ്രണയകാലത്ത് വീണ്ടും ‘പ്രേമം’; തെന്നിന്ത്യൻ തിയറ്ററുകളിൽ ആവേശമായി റീ-റിലീസ് appeared first on Express Kerala.

Spread the love

New Report

Close