
ഡൽഹി: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള നിർണായക പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും, സഹതാരം അഭിഷേക് ശർമ്മ പൂർണ്ണ കായികക്ഷമത കൈവരിക്കാത്തതാണ് സഞ്ജുവിന് വീണ്ടും വഴിതുറക്കുന്നത്.
നമീബിയക്കെതിരെ എട്ട് പന്തിൽ 22 റൺസുമായി സഞ്ജു മികച്ച തുടക്കമിട്ടിരുന്നു. മൂന്ന് സിക്സറുകളും ഒരു ഫോറും അടക്കം ആക്രമിച്ച് കളിച്ച സഞ്ജു വലിയൊരു ഇന്നിംഗ്സിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അനാവശ്യ ഷോട്ടിന് മുതിർന്ന് പുറത്താവുകയായിരുന്നു. ബെൻ ഷികോംഗോയുടെ പന്തിൽ ഡീപ്പ് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
Also Read: തമിഴ്‌നാടിനെ തകർത്തു! ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ കേരളത്തിന് ഐതിഹാസിക വിജയം
അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ടോസ് വേളയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ സഞ്ജു ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. “അഭിഷേക് ഇപ്പോഴും അസുഖത്തിൽ നിന്ന് പൂർണ്ണമായി മുക്തനായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി അദ്ദേഹത്തിന് നഷ്ടമായേക്കും. സഞ്ജുവും അഭിഷേകിനെപ്പോലെ തന്നെ തകർത്തടിക്കാൻ ശേഷിയുള്ള ബാറ്ററാണ്,” സൂര്യ വ്യക്തമാക്കി. ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന ഹൈവോൾട്ടേജ് പോരാട്ടത്തിലും സഞ്ജു പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
നമീബിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസ് എന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 24 പന്തിൽ 61 റൺസും (5 സിക്സ്, 6 ഫോർ), ഹാർദിക് പാണ്ഡ്യ 28 പന്തിൽ 52 റൺസും (4 സിക്സ്, 4 ഫോർ) നേടി അർധ സെഞ്ച്വറി തികച്ചു. തിലക് വർമ്മ (25), ശിവം ദുബെ (23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (12), റിങ്കു സിംഗ് (1), അക്സർ പട്ടേൽ (0) എന്നിവർ നിരാശപ്പെടുത്തി.
The post ഇന്ത്യ-പാക് പോരാട്ടത്തിന് സഞ്ജുവും? ഓപ്പണിംഗിൽ മലയാളി താരം തുടരാൻ സാധ്യത! സൂചന നൽകി സൂര്യകുമാർ appeared first on Express Kerala.


