
ഇന്ത്യൻ സിവിൽ സർവീസിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ മൂന്ന് വിഭാഗങ്ങളിലുമായി 2,800-ലധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര സർക്കാർ റിപ്പോർട്ട്. 2025 ജനുവരി ഒന്നിലെ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ ഒഴിവുകൾ ഐ.എ.എസ് വിഭാഗത്തിലാണ് (1,300 ഒഴിവുകൾ). കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചതനുസരിച്ച് ഐ.പി.എസ് വിഭാഗത്തിൽ 505 ഒഴിവുകളും ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ (ഐ.എഫ്.എസ്) 1,029 ഒഴിവുകളുമാണുള്ളത്.
അനുവദിക്കപ്പെട്ട കേഡർ തസ്തികകളുടെ എണ്ണവും നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമാണ് കാണപ്പെടുന്നത്. രാജ്യത്താകെ 6,877 ഐ.എ.എസ് തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ 5,577 പേർ മാത്രമാണ് സർവീസിലുള്ളത്. സമാനമായി ഐ.പി.എസ് വിഭാഗത്തിൽ 5,099 തസ്തികകളിൽ 4,594 പേരും, ഐ.എഫ്.എസ് വിഭാഗത്തിൽ 3,193 തസ്തികകളിൽ 2,164 പേരും മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ഉദ്യോഗസ്ഥ മേഖലയിലെ ഈ കുറവ് നികത്താനുള്ള നടപടികൾ സർക്കാർ തുടരുകയാണ്. ഈ സാഹചര്യത്തിൽ സിവിൽ സർവീസ് തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം യു.പി.എസ്.സി പുറപ്പെടുവിച്ചിട്ടുണ്ട്. ഐ.എ.എസ്, ഐ.പി.എസ്, ഫോറിൻ സർവീസ് എന്നിവയുൾപ്പെടെയുള്ള തസ്തികകളിലെ 993 ഒഴിവുകളിലേക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ 80 ഒഴിവുകളിലേക്കും ഫെബ്രുവരി 24 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സിവിൽ സർവീസ് മോഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഈ വർഷത്തെ വിജ്ഞാപനത്തിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.
The post സിവിൽ സർവീസിൽ വൻ ഒഴിവുകൾ; രാജ്യത്ത് 2,800-ലധികം ഐഎഎസ്, ഐപിഎസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു appeared first on Express Kerala.


