പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് രണ്ടുദിവസത്തെ വിപുലമായ പരിശോധന പൂർത്തിയാക്കി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ദ്വാരപാലക ശില്പത്തിന്റെ കൈപ്പത്തി ഉൾപ്പെടെയുള്ള സ്വർണ്ണപ്പാളികളിൽ നിന്ന് വലിയ ഭാഗങ്ങളാണ് മുറിച്ചെടുത്തത്. ഫോറൻസിക് പരിശോധനയ്ക്കായി ഇത്രയും വലിയ സാമ്പിളുകൾ ആവശ്യമാണെന്ന കർശന നിലപാടിലായിരുന്നു അന്വേഷണസംഘം. ശേഖരിച്ച ഈ സാമ്പിളുകൾ വരും തിങ്കളാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
അന്വേഷണത്തിന് ശേഷം മുറിച്ചുമാറ്റിയ സ്വർണ്ണപ്പാളികൾ തന്ത്രി കണ്ഠരര് മഹേശ് മോഹനരുടെ അനുമതിയോടെ താല്ക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും അദ്ദേഹം ശക്തമായ ആശങ്ക രേഖപ്പെടുത്തി. അംഗഭംഗം വന്ന രീതിയിൽ സ്വർണ്ണപ്പാളികൾ ദീർഘകാലം ശ്രീകോവിലിന് മുന്നിൽ നിലനിർത്താൻ കഴിയില്ലെന്ന് തന്ത്രി വ്യക്തമാക്കി. നിലവിൽ താല്ക്കാലികമായി പാളികൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, മുറിച്ചെടുത്ത ഭാഗങ്ങളിലെ വിടവ് നികത്തുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post ശബരിമല സ്വർണ്ണക്കൊള്ള! നിർണ്ണായക സാമ്പിളുകൾ ശേഖരിച്ച് എസ്.ഐ.ടി; ആശങ്കയറിയിച്ച് തന്ത്രി appeared first on Express Kerala.


