
ദുബായ്: ലോകമെമ്പാടുമുള്ള 50 ലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ‘എഡ്ജ് ഓഫ് ലൈഫ്’ റംസാൻ കാംപെയ്ൻ യു.എ.ഇ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏറ്റവും കുറഞ്ഞത് 100 കോടി ദിർഹം സമാഹരിക്കാനാണ് ഈ ബൃഹത്തായ കാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്.
ലക്ഷ്യം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ
വിശപ്പും പോഷകാഹാരക്കുറവും മൂലം ഓരോ മിനിറ്റിലും അഞ്ച് വയസ്സിൽ താഴെയുള്ള അഞ്ചു കുട്ടികൾ വീതം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ, സംഘർഷങ്ങൾ എന്നിവ കാരണം ദുരിതത്തിലായ ലോകത്തെ ഏറ്റവും ദുർബലമായ പ്രദേശങ്ങളിലെ കുരുന്നുകളെ സഹായിക്കാനാണ് ഈ റംസാൻ കാംപെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Also Read: പൈതൃകപ്പെരുമയിൽ ഷാർജ; നാല് കേന്ദ്രങ്ങൾ കൂടി ഇസ്‌ലാമിക ലോക പൈതൃകപ്പട്ടികയിൽ
“നമ്മുടെ കൺമുന്നിൽ ഇത്തരമൊരു മാനുഷിക ദുരന്തം നടക്കുമ്പോൾ നിശബ്ദരായിരിക്കുക എന്നത് യു.എ.ഇയുടെ മൂല്യങ്ങൾക്കോ സ്വഭാവത്തിനോ ചേർന്നതല്ല. 50 ലക്ഷം കുട്ടികളെ പട്ടിണി മരണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ദൗത്യത്തിലേക്ക് ലോകത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.” – ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
അന്താരാഷ്ട്ര സംഘടനകളുടെ പങ്കാളിത്തം
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ദൗത്യത്തിൽ യു.എ.ഇയോടൊപ്പം താഴെ പറയുന്ന അന്താരാഷ്ട്ര സംഘടനകളും പങ്കാളികളാകുന്നു.
യുണിസെഫ്
സേവ് ദ ചിൽഡ്രൻ
ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ
ചിൽഡ്രൻസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷൻ
സഹായഹസ്തവുമായി ലോകത്തിന് മാതൃക
കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള 11.8 കോടിയിലേറെ കുട്ടികൾ പോഷകാഹാരക്കുറവ് നേരിട്ടിട്ടുണ്ടെന്നും ഇതിൽ 26 ലക്ഷം കുട്ടികൾ പട്ടിണി കാരണം മരിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള കുട്ടികളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ‘വൺ ബില്യൺ മീൽസ്’ ഉൾപ്പെടെയുള്ള റംസാൻ കാംപെയ്‌നുകളിലൂടെ കോടിക്കണക്കിന് ആളുകൾക്ക് സഹായമെത്തിക്കാൻ യു.എ.ഇക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഈ വർഷം ‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിയുമായി രാജ്യം ലോകത്തിന് മുന്നിലെത്തുന്നത്.
The post ഇനി ഒരു കുഞ്ഞും വിശന്നു മരിക്കരുത്; ലോകത്തിന്റെ കണ്ണീരൊപ്പാൻ ‘എഡ്ജ് ഓഫ് ലൈഫ്’ appeared first on Express Kerala.


