
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച മൂന്ന് കൗമാരക്കാരെ പോലീസ് പിടികൂടി. പോത്തൻകോട് സ്വദേശികളായ
16, 17 വയസ്സുള്ളവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.
രണ്ടുദിവസം മുമ്പ് കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് പിന്നിലെ നേതാജി ലെയ്ൻ ശിവനഗറിലായിരുന്നു സംഭവം. അനിലിന്റെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് സംഘം കവർന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ സംഘം വീടിന് മുന്നിൽ ബൈക്ക് നിർത്തിയ ശേഷം ഒരാൾ അകത്തുകയറി ബൈക്കുമായി സൈനിക സ്‌കൂൾ ചന്തവിള റോഡ് വഴി കടന്നുകളയുകയായിരുന്നു. മോഷണത്തിന് ശേഷം ബൈക്ക് തിരിച്ചറിയാതിരിക്കാൻ പ്രതികൾ ബൈക്കിലെ സ്റ്റിക്കറുകൾ മാറ്റുകയും പല ഭാഗങ്ങളും ഊരിമാറ്റി രൂപമാറ്റം വരുത്തുകയും ചെയ്തു. എന്നാൽ, പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം പ്രതികളെ തിരിച്ചറിയുകയായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രൂപമാറ്റം വരുത്തിയ നിലയിൽ ബൈക്ക് പോലീസ് കണ്ടെടുത്തു. പിടിയിലായ കൗമാരക്കാരെ നിലവിൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.
The post ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കർ മാറ്റി; കഴക്കൂട്ടത്ത് ബൈക്ക് കവർന്ന കൗമാരക്കാർ പിടിയിൽ appeared first on Express Kerala.


