
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് പുതിയ അഗ്‌നിരക്ഷാ സേനാ വാഹനങ്ങൾ കമ്മീഷൻ ചെയ്തു. ഓസ്ട്രിയയിലെ പ്രമുഖ കമ്പനിയായ റോസൻബോർ നിർമ്മിച്ച ‘പാന്തർ’ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളാണ് പുതുതായി എത്തിച്ചിരിക്കുന്നത്. ഓരോ വാഹനത്തിനും ഏകദേശം 12 കോടി രൂപയാണ് വില. വിമാനത്താവളത്തിലെ റൺവേയിലോ വിമാനങ്ങളിലോ ഉണ്ടാകാനിടയുള്ള തീപിടിത്തങ്ങൾ കേവലം 30 സെക്കൻഡിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക വാഹനങ്ങൾ.
ഏകദേശം 700 എച്ച്.പി കരുത്തുള്ള എൻജിനാണ് ഈ വാഹനങ്ങളുടെ പ്രധാന പ്രത്യേകത. 12,500 ലിറ്റർ വെള്ളം, 1500 ലിറ്റർ ഫോം, 250 കിലോഗ്രാം രാസവസ്തുക്കൾ എന്നിവ ഒരേസമയം വഹിക്കാൻ ഇവയ്ക്ക് സാധിക്കും. ഇതിനു പുറമേ, വിമാനങ്ങളുടെ ബോഡി തുളച്ചുകയറി ഉള്ളിലെ തീ നിയന്ത്രിക്കാൻ സഹായിക്കുന്ന ‘ഹൈ റീച്ച് എക്‌സ്റ്റെൻഡഡ് ടററ്റ്’ (HRET) സംവിധാനമുള്ള മറ്റൊരു പ്രത്യേക വാഹനവും ഉടൻ വിമാനത്താവളത്തിലെത്തും. ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന ഈ വാഹനം ഏപ്രിലോടെ ഓസ്ട്രിയയിൽ നിന്നും എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Also Read: ഇനി ജനറൽ കോച്ചുകളും തിളങ്ങും; ഓരോ മണിക്കൂർ ഇടവേളയിലും ശുചീകരണം, റെയിൽവേയുടെ വൻ പ്രഖ്യാപനം
അദാനി എയർപോർട്ട്‌സ് സി.ഇ.ഒ ആമ്പർ ദുബെയാണ് പുതിയ വാഹനങ്ങളുടെ കമ്മീഷനിങ് നിർവഹിച്ചത്. ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്ട്കോടി, ഓപ്പറേഷൻസ് മേധാവി പി.കെ. അജു, ഫയർ സർവീസ് മേധാവി സഞ്ജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ എത്തുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉറപ്പാക്കാൻ സാധിക്കും.
The post തിരുവനന്തപുരം വിമാനത്താവളത്തിന് ‘പാന്തർ’ കരുത്ത്; അത്യാധുനികമായ 3 അഗ്നിരക്ഷാ വാഹനങ്ങൾ കമ്മീഷൻ ചെയ്തു appeared first on Express Kerala.


