
ടി20 ലോകകപ്പിൽ ഇന്ത്യയോട് 61 റൺസിന് തോറ്റ പാകിസ്ഥാൻ ടീമിനെ രൂക്ഷമായി പരിഹസിച്ച് മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. ടൂർണമെന്റിന് മുൻപ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ, ആ വാക്കിൽ ഉറച്ചുനിന്നിരുന്നെങ്കിൽ ഇത്രയും വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നുവെന്ന് കനേരിയ തുറന്നടിച്ചു.
ഇന്ത്യക്കെതിരെ കളിക്കാനിറങ്ങി ഇത്രയും ദയനീയമായി തോൽക്കുന്നതിലും നല്ലത് നേരത്തെ പറഞ്ഞതുപോലെ മത്സരം ബഹിഷ്‌കരിക്കുന്നതായിരുന്നു എന്ന് കനേരിയ പറഞ്ഞു. പാക് ടീമിന്റെ അവസ്ഥ അത്രത്തോളം പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ വെല്ലുവിളിക്ക് മുന്നിൽ പാകിസ്ഥാൻ വെറും 114 റൺസിന് തകരുകയായിരുന്നു.
Also Read: ഇഷാൻ കിഷന്റെ താണ്ഡവം; പാക് തന്ത്രങ്ങൾ പാളി! തോൽവിയിൽ പ്രതികരണവുമായി പാക് കോച്ച് മൈക്കൽ ഹെസ്സൻ
ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്റെ നില പരുങ്ങലിലായി. സൂപ്പർ-8 ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ അടുത്ത മത്സരത്തിൽ നമീബിയയെ വൻ മാർജിനിൽ തോൽപ്പിക്കണം. നിലവിൽ 4 പോയിന്റുള്ള അമേരിക്കയിൽ നിന്ന് പാകിസ്ഥാൻ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നമീബിയയോട് പരാജയപ്പെട്ടാൽ പാകിസ്ഥാൻ പുറത്താകുകയും അമേരിക്ക അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയതിനെതിരെ പാകിസ്ഥാൻ ആദ്യം രംഗത്തുവന്നിരുന്നു. പ്രതിഷേധസൂചകമായി ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഐസിസിയുടെ ഇടപെടലിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഈ നാടകീയ സംഭവങ്ങൾക്കൊടുവിൽ കളത്തിലിറങ്ങിയ പാകിസ്ഥാന് വൻ തിരിച്ചടിയാണ് ലഭിച്ചത്.
The post ‘കളിക്കാതിരുന്നെങ്കിൽ ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു’: പാക് ടീമിനെ എയറിലാക്കി ഡാനിഷ് കനേരിയ appeared first on Express Kerala.


