
രാജകുമാരി: ജില്ലയിൽ വേനൽ കടുക്കുന്നതിന് മുൻപേ ഹൈറേഞ്ച്-ലോറേഞ്ച് വ്യത്യാസമില്ലാതെ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. സാധാരണ മാർച്ച് പകുതിയോടെ അനുഭവപ്പെടാറുള്ള ചൂട് ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ എത്തിയതാണ് പ്രതിസന്ധിക്ക് കാരണം. താപനിലയിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധനവ് ഉണ്ടായതോടെ പ്രകൃതിദത്ത ഉറവകൾ വറ്റുകയും ഭൂഗർഭ ജലനിരപ്പ് താഴുകയും ചെയ്തു. വനമേഖലയിൽ ജലക്ഷാമം രൂക്ഷമായതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായിട്ടുണ്ട്.
ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകേണ്ട ജലജീവൻ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. 2020-ൽ ആരംഭിച്ച് 2024-ൽ തീരേണ്ട പദ്ധതിയുടെ കാലാവധി ഇപ്പോൾ 2028 വരെ നീട്ടിയിരിക്കുകയാണ്. ജില്ലയിൽ ആകെ നൽകേണ്ട 2,41,261 കണക്ഷനുകളിൽ ഇതുവരെ വെറും 40,464 എണ്ണം മാത്രമാണ് നൽകാനായത്. പ്ലാന്റുകളുടെ നിർമ്മാണത്തിലെ കാലതാമസവും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലെ തടസ്സങ്ങളുമാണ് പദ്ധതി വൈകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ജലജീവൻ പദ്ധതിക്കായി ജില്ലയ്ക്ക് 2820.6 കോടി രൂപയാണ് അനുവദിച്ചത്. കട്ടപ്പന പ്രോജക്ട് ഡിവിഷന് 2573.45 കോടി രൂപയും താെടുപുഴ പ്രോജക്ട് ഡിവിഷന് 88.9 കോടി രൂപയും പൈനാവ് പ്രോജക്ട് ഡിവിഷന് 139.78 കോടി രൂപയും ജലനിധി, ഭൂഗർഭ ജല വകുപ്പ് എന്നിവയ്ക്കായി 18.5 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
Also Read: മണിശങ്കർ അയ്യരുടെ പ്രസ്താവന സ്വാഗതാർഹം; കേരള വികസനം ലോകത്തിന് മാതൃകയെന്ന് എം.വി. ഗോവിന്ദൻ
മറയൂർ, വട്ടവട മേഖല പദ്ധതി നടപ്പിലാക്കാൻ കരാറെടുക്കാൻ ആരും തയ്യാറാകുന്നില്ല. അടിമാലി മേഖല ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാളറ മുതൽ കൂമ്പൻപാറ വരെ പൈപ്പ് ഇടാൻ അനുമതി ലഭിച്ചിട്ടില്ല. കഞ്ഞിക്കുഴി, വാത്തിക്കുടി തുടങ്ങിയ ഇടങ്ങളിൽ പ്ലാന്റ് നിർമ്മാണം 90% കഴിഞ്ഞെങ്കിലും പൈപ്പ് ലൈൻ പ്രവൃത്തികൾ ബാക്കിയാണ്. രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ പ്ലാന്റ് നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല. മുട്ടം, കരിങ്കുന്നം, കുടയത്തൂർ പഞ്ചായത്തുകളിൽ ജലവിതരണത്തിനുള്ള പ്ലാന്റിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
കട്ടപ്പന നഗര സഭയിൽ ശുദ്ധജല വിതരണത്തിനായി അമൃത് 2.0 പദ്ധതിയിൽ 20 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
The post വേനൽ നേരത്തെയെത്തി; ഇടുക്കിയിൽ ശുദ്ധജലക്ഷാമം രൂക്ഷം, പദ്ധതികൾ പാതിവഴിയിൽ appeared first on Express Kerala.


