
2026 വർഷത്തിലെ ആദ്യ സൂര്യഗ്രഹണം നാളെ (ഫെബ്രുവരി 17, ചൊവ്വാഴ്ച) നടക്കും. ‘റിംഗ് ഓഫ് ഫയർ’ അഥവാ വലയസൂര്യഗ്രഹണം എന്നറിയപ്പെടുന്ന അപൂർവ്വ പ്രതിഭാസമാണ് ഇത്തവണ സംഭവിക്കുന്നത്. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്ത് ചന്ദ്രൻ എത്തുമ്പോഴാണ് ഇത്തരത്തിൽ സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ കഴിയാതെ വരികയും ചന്ദ്രന്റെ ഇരുണ്ട വട്ടത്തിന് ചുറ്റും സൂര്യപ്രകാശത്തിന്റെ തിളങ്ങുന്ന വളയം ദൃശ്യമാകുകയും ചെയ്യുന്നത്. ഈ കാഴ്ചയാണ് ‘അഗ്നിവലയം’ എന്ന പേരിൽ അറിയപ്പെടുന്നത്.
ഫെബ്രുവരി 17-ന് രാവിലെ 07:01 UTC-യ്ക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:31) ആരംഭിക്കുന്ന ഗ്രഹണം ഏകദേശം രണ്ട് മിനിറ്റ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കും. സൂര്യന്റെ ഏകദേശം 96 ശതമാനവും ചന്ദ്രൻ മറയ്ക്കും എന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ ആകാശവിസ്മയം നേരിട്ട് കാണാൻ ഇന്ത്യക്കാർക്ക് സാധിക്കില്ല. ഗ്രഹണസമയത്ത് ഇന്ത്യയിൽ സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കും എന്നതിനാലാണിത്. അന്റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രങ്ങളിലാണ് ഈ പ്രതിഭാസം അതിന്റെ പൂർണ്ണരൂപത്തിൽ ദൃശ്യമാകുക.
Also Read: റേഷൻ വാങ്ങാൻ ഇനി ‘ഇ-റുപ്പി’: ഗുജറാത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം
അന്റാർട്ടിക്കയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ടാൻസാനിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും അർജന്റീന, ചിലി തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും ഗ്രഹണം ഭാഗികമായി ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങളിലുള്ളവർ ഐഎസ്ഒ (ISO) മാനദണ്ഡമുള്ള പ്രത്യേക കണ്ണടകളോ സോളാർ ഫിൽറ്ററുകളോ ഉപയോഗിച്ച് മാത്രമേ സൂര്യനെ നിരീക്ഷിക്കാവൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരിട്ട് നോക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്.
The post ആകാശത്ത് അഗ്നിവലയം തെളിയും; 2026-ലെ ആദ്യ സൂര്യഗ്രഹണം നാളെ appeared first on Express Kerala.


