
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിപ്ലവകരമായ പരിഷ്കാരവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം വൈകുകയോ തുക കുറയുകയോ ചെയ്താൽ അതിന്റെ കാരണവും കൃത്യമായ വിവരങ്ങളും ഇനി മുതൽ ‘സഹേൽ’ ആപ്ലിക്കേഷൻ വഴി തൊഴിലാളികളെ നേരിട്ട് അറിയിക്കും. കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴിൽ രംഗത്തെ നിയമലംഘനങ്ങൾ തടയാനുമാണ് ഈ പുതിയ ഡിജിറ്റൽ സംവിധാനം ലക്ഷ്യമിടുന്നത്.
ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ അതിശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാത്ത പക്ഷം കമ്പനിയുടെ ഫയലുകൾ ഉടനടി മരവിപ്പിക്കുകയും തടസ്സങ്ങൾ നീക്കുന്നത് വരെ പ്രവർത്തനം തടയുകയും ചെയ്യും. അതോറിറ്റിയുടെ ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനം വഴി ശമ്പളത്തിലെ കുറവോ കാലതാമസമോ തത്സമയം കണ്ടെത്താൻ സാധിക്കും. ഇത്തരത്തിൽ ശമ്പളം കുറയുമ്പോൾ അതിന്റെ കൃത്യമായ കാരണം വിശദീകരിച്ചുകൊണ്ടുള്ള സന്ദേശം തൊഴിലാളിക്ക് സഹേൽ ആപ്പിൽ ലഭ്യമാകും.
Also Read: ഒമാനിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു! പ്രവാസികൾക്ക് തിരിച്ചടി
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സേവനങ്ങൾ സഹേൽ ആപ്പുമായി ബന്ധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാതിരുന്നാലുള്ള മുന്നറിയിപ്പുകൾ ഉൾപ്പെടെയുള്ള തൊഴിൽപരമായ മറ്റ് അറിയിപ്പുകളും ഇനി ഈ പ്ലാറ്റ്‌ഫോം വഴി ലഭിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ ഇല്ലാതാക്കാനുമാണ് കുവൈത്ത് ഇതിലൂടെ ശ്രമിക്കുന്നത്.
The post ശമ്പളത്തിൽ കുറവുണ്ടോ? ഇനി ഉടൻ അറിയാം; കുവൈത്തിൽ തൊഴിലാളികൾക്കായി ‘സഹേൽ’ സുരക്ഷ appeared first on Express Kerala.


