
തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന്റെ വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോഴ്സ് ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ എന്നിവയാണ് സേനയുടെ ഭാഗമായത്. ക്രമസമാധാന പാലനം, ഹൈവേ പെട്രോളിംഗ്, മലയോര മേഖലകളിലെ നിരീക്ഷണം എന്നിവ ശക്തമാക്കുന്നതിനായി ഈ വാഹനങ്ങൾ വിവിധ സ്റ്റേഷനുകൾക്കും കൺട്രോൾ റൂമുകൾക്കും കൈമാറും.
വാഹനങ്ങളുടെ വിന്യാസത്തിൽ പ്രത്യേക മുൻഗണനകളാണ് പൊലീസ് നിശ്ചയിച്ചിട്ടുള്ളത്. പെട്രോളിംഗ് ശക്തമാക്കാൻ 44 ബൊലേറോകളും ഹൈവേ പെട്രോളിംഗിനായി 40 സ്കോർപ്പിയോകളും ഉപയോഗിക്കും. മലയോര മേഖലകളിലെ ദുർഘടമായ പാതകളിൽ സേവനത്തിനായി 15 ഗൂർഖകളും 5 ഥാറുകളും നീക്കിവെച്ചു. കൂടാതെ, നഗരങ്ങളിലും മറ്റും രാപ്പകൽ പെട്രോളിംഗ് നടത്തുന്നതിനായി 24 ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകളും സേനയുടെ കരുത്ത് വർദ്ധിപ്പിക്കും.
Also Read: പുത്തൻ ഫീച്ചറുകളുമായി റോയൽ എൻഫീൽഡ്; കോണ്ടിനെന്റൽ ജിടി 650 ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു
ചടങ്ങിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. വാഹനങ്ങളുടെ ഫ്ലാഗ് ഓഫിനൊപ്പം 2024-ലെ മികച്ച പൊലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങളും വിതരണം ചെയ്തു. ആലപ്പുഴയിലെ മുഹമ്മ പൊലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനവും, തൃശൂരിലെ കൊടുങ്ങല്ലൂർ സ്റ്റേഷൻ രണ്ടാം സ്ഥാനവും, കാസർകോട്ടെ ബേക്കൽ സ്റ്റേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
The post ബൊലേറോ മുതൽ സ്കോർപ്പിയോ വരെ; പൊലീസിന്റെ പെട്രോളിംഗ് ശക്തമാക്കാൻ അത്യാധുനിക വാഹനനിര appeared first on Express Kerala.


