
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെ രൂക്ഷമായി പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. കെ.സി. വേണുഗോപാലിന്റെ പ്രവൃത്തികൾ സിനിമകളെ ഓർമ്മിപ്പിക്കുന്നുവെന്നും ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെപ്പോലെയാണ് അദ്ദേഹമെന്നും ശിവൻകുട്ടി പരിഹസിച്ചു. ബൈക്കിന് പിന്നിൽ കയറിയും അടുക്കളകളിൽ വോട്ട് ചോദിച്ചും നടക്കുന്നത് വെറും പ്രഹസനമാണെന്നും, കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന പി.ആർ വർക്കിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി വോട്ട് ചോദിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വിഭാഗത്തിനായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പി.ആർ. ഏജൻസികളുടെ നിർദ്ദേശമനുസരിച്ചാണ് ഓരോ ദിവസവും കോൺഗ്രസ് നേതാക്കൾ നീങ്ങുന്നത്. മുൻപ് ശബരിമലയെ പിടിവള്ളിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച കോൺഗ്രസിന് ഇപ്പോൾ അതും നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ കെ.സി. വേണുഗോപാലിനെതിരെ ഉപയോഗിച്ച അത്രയും കടുത്ത വാക്കുകൾ താൻ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശബരിമല യുവതീപ്രവേശനം! സർക്കാർ ഉചിതമായ തീരുമാനമെടുക്കും; എം.എ. ബേബി
തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും വി. ശിവൻകുട്ടി ഉന്നയിച്ചു. പറവൂരിലും നേമത്തും കോൺഗ്രസ്-ബിജെപി ‘അഡ്ജസ്റ്റ്‌മെന്റ്’ ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി നേമത്ത് രാജീവ് ചന്ദ്രശേഖരനെ കോൺഗ്രസ് വിജയിപ്പിക്കുമെന്നും പകരം പറവൂരിൽ വി.ഡി. സതീശനെ ബിജെപി സഹായിക്കുമെന്നുമാണ് ധാരണയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം രാഷ്ട്രീയ കച്ചവടങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.
The post ‘കെ.സി. വേണുഗോപാലിന്റേത് സിനിമാ സ്റ്റൈൽ പ്രകടനം; രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി appeared first on Express Kerala.


