
ബെംഗളൂരു: ഉപഭോക്താക്കൾ വിശ്വസിച്ച് ലോക്കറിൽ ഏൽപ്പിച്ച സ്വർണം വച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ ബാങ്ക് അസിസ്റ്റന്റ് മാനേജർ പിടിയിൽ. ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്ക് ഗിരിനഗർ ശാഖയിലെ അസിസ്റ്റന്റ് മാനേജറായ ഇ. കിരൺ കുമാറാണ് 4.12 കോടി രൂപ വിലമതിക്കുന്ന 2.783 കിലോ സ്വർണം തട്ടിയെടുത്തത്.
ഈ ശാഖയിൽ ജോലി ചെയ്യുന്ന കിരണിനായിരുന്നു ലോക്കറുകളുടെ പൂർണ്ണ ചുമതല. ലോക്കർ തുറക്കാനുള്ള അധികാരവും താക്കോലുകളും ഇയാളുടെ പക്കലായിരുന്നു. ജീവനക്കാർ എത്തുന്നതിന് മുൻപോ വൈകുന്നേരം എല്ലാവരും പോയ ശേഷമോ ആണ് ഇയാൾ ലോക്കറുകളിൽ നിന്ന് സ്വർണം കടത്തിയിരുന്നത്. മോഷ്ടിച്ച സ്വർണം വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ച് 2.5 കോടിയോളം രൂപ സംഘടിപ്പിച്ചു. ഈ തുക മുഴുവൻ ഓൺലൈൻ ബെറ്റിംഗ് ആപ്പുകളിൽ ഉപയോഗിച്ച് നഷ്ടപ്പെടുത്തി. ഇതുവരെ അഞ്ച് കോടിയിലധികം രൂപ ഇയാൾക്ക് ചൂതാട്ടത്തിലൂടെ നഷ്ടമായതായാണ് വിവരം.
Also Read: എം.ബി.എ വിദ്യാർത്ഥിനിയുടെ കൊലപാതകം; മൃതദേഹത്തോടും ക്രൂരത, ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം
ഓൺലൈൻ ബെറ്റിംഗിന് അടിമപ്പെട്ട കിരൺ ആദ്യം ശമ്പളവും പിന്നീട് വീട്ടിലെ സ്വർണവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ പണവും നഷ്ടപ്പെടുത്തിയിരുന്നു. കടം പെരുകിയതോടെയാണ് പണത്തിനായി താൻ ജോലി ചെയ്യുന്ന ബാങ്കിലെ ലോക്കറുകളിലെ സ്വർണം ഇയാൾ ദുരുപയോഗിച്ചത്. ഫെബ്രുവരി 2-ന് ഒരു വനിതാ ഉപഭോക്താവ് ലോക്കറിലെ സ്വർണം എടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിന്റെ സോണൽ ഹെഡ് ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിരിനഗർ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയായിരുന്നു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ കിരൺ കുറ്റം സമ്മതിച്ചു. തുടർന്ന് ബാങ്ക് സോണൽ ഹെഡ് നൽകിയ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം പോയ സ്വർണം കണ്ടുകെട്ടി ബാങ്ക് വഴി ഉടമകൾക്ക് തിരികെ നൽകുമെന്ന് സൗത്ത് ഡിവിഷൻ ഡിസിപി അറിയിച്ചു.
The post ലോക്കറിലെ സ്വർണം ‘ബെറ്റിംഗിന്’; 4.12 കോടിയുടെ ആഭരണങ്ങൾ മുക്കി ബാങ്ക് മാനേജർ appeared first on Express Kerala.


