ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് മുങ്ങി; കോടതിയിൽനിന്ന് കടന്നുകളഞ്ഞ് പോക്സോ കേസ് പ്രതി

ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് മുങ്ങി; കോടതിയിൽനിന്ന് കടന്നുകളഞ്ഞ് പോക്സോ കേസ് പ്രതി

കരുനാഗപ്പള്ളി: പോക്സോ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതി കോടതിയിൽനിന്ന് കടന്നുകളഞ്ഞു. അസം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ കോടതിയിൽനിന്ന് മുങ്ങിയത്. ജാമ്യത്തിലായിരുന്ന പ്രതിയെ വിധി പറയാനായി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, ശിക്ഷാവിധി വരുന്നതിന് തൊട്ടുമുൻപ് ആരുമറിയാതെ കോടതി പരിസരത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. 23 വർഷം തടവും 2.10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

മൈനാഗപ്പള്ളിയിലെ ഇഷ്ടികക്കമ്പനിയിൽ ജോലി ചെയ്യവെ അസം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചതാണ് കേസ്. പെൺകുട്ടി തന്റെ ഭാര്യയാണെന്ന് ധരിപ്പിച്ചായിരുന്നു താമസം. ബന്ധുക്കളുടെ പരാതിയിൽ ചൈൽഡ് ലൈൻ ഇടപെടുകയും ശാസ്താംകോട്ട പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്‌ 20 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

The post ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് മുങ്ങി; കോടതിയിൽനിന്ന് കടന്നുകളഞ്ഞ് പോക്സോ കേസ് പ്രതി appeared first on Express Kerala.

Spread the love
Scroll to Top