സർക്കാരിൻ്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിച്ചതെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ; ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് ബേ- കം-ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇരിങ്ങാലക്കുട : സർക്കാരിൻ്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആർടിസിയെ ലാഭത്തിലേക്ക് എത്തിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ . മൂന്ന് കോടി രൂപ ചിലവിൽ ഇരിങ്ങാലക്കുടയിൽ നിർമ്മിക്കുന്ന കെ എസ് ആർ ടി സി ബസ് ബേ – കം – ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണോദ്ഘടനവും കെ.എസ്.ആര്‍.ടി.സി യിൽ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. കുറഞ്ഞ ചെലവിൽ പഠിപ്പിച്ച് നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകാൻ കെ. എസ്.ആർ. ടി. സി ഡ്രൈവിംഗ് സ്കൂളിൽ സാധിക്കും. രണ്ട് വർഷം കൊണ്ട് സംസ്ഥാന തലത്തിൽ ടാർഗറ്റിനെക്കാളും ശതമാനം കൂട്ടാൻ കെ എസ് ആർ ടി സി യ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുടയുടെ സെൻ്ററിൻ്റെ വരുമാനം വലിയതോതിൽ ഉയർന്നിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി യെ മുഴുവനായും ഡിജിറ്റലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.കെ.എസ്.ആർ.ടി.സി എടിഒ കെ ജെ സുനിൽ, വാർഡ് കൗൺസിലർ പ്രവീൺസ് ഞാറ്റുവെറ്റി, കെ.എസ്.ആർ.ടി.സി ഇ.പി.ഒ ജി. പി പ്രദീപ് കുമാർ, കെ എസ് ആർ ടി സി വികസനസമിതി കൺവീനർ ജയൻ അരിമ്പ്ര, എസ് ടി സി ഐ പ്രിൻസിപ്പാൾ എസ്.സലിംകുമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

