മതിലകം : മതിൽമൂലയിൽ താമസിക്കുന്ന വയോധികരായ ദമ്പതികളുടെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ദമ്പതികളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിന് അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യത്തിലറങ്ങി വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച പാപ്പിനിവട്ടം മതിൽമൂല പുന്നച്ചാലിൽ ജിഷ്ണു 26 തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
2021 ഫെബ്രുവരി 7 ന് പുലർച്ചെ 02.00 മണിയോടെ വീടിനുള്ളിൽ കടന്ന പ്രതി കൈവശമുണ്ടായിരുന്ന ഇലക്ട്രിക് വയർ ഉപയോഗിച്ച് പരാതിക്കാരിയുടെ കഴുത്തിൽ ചുറ്റി താഴെ തള്ളിയിടുകയും കത്തികൊണ്ട് തലയിലും കൈകളിലും താടിയിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
അക്രമത്തിനിടെ യുവതിയുടെ വായിലേക്ക് തുണി തിരുകിക്കയറ്റുകയും, അവർ അത് കടിച്ചുപിടിച്ചപ്പോൾ പ്രതി ബലമായി വലിച്ചു പുറത്തെടുത്തതിനെത്തുടർന്ന് രണ്ട് പല്ലുകൾ പറിഞ്ഞുപോവുകയും ചെയ്തു. തുടർന്ന് യുവതി ധരിച്ചിരുന്ന മാലയും വളയും കവർച്ച ചെയ്യാൻ പ്രതി ശ്രമിച്ചു. ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ കഴുത്തിന് പിടിച്ചു ഞെരുക്കി തള്ളിയിടുകയും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ക്രൂരമായി ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ അജയ് എസ് മേനോൻ, ജി എസ് സി പി ഒ മാരായ ഷനിൽ, ബിനിൽ, മിധുൻ, റിസ്വാൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

