ആറുമാസമായി മാരാങ്കോട് കശുമാവിൻതോപ്പ് ഉന്നതിയിൽ താമസിക്കുന്ന 43 ആദിവാസി കുടുംബങ്ങൾക്ക് അക്ഷയ ബിഗ് ക്യാമ്പയിനിലൂടെ വീട്ടുനമ്പർ നൽകി. അരേക്കാപ്പ് – വീരാംകുടി ആദിവാസി ഊരുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ച മാരാംകോട് കശുമാവിൻതോപ്പ് ഉന്നതിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്കാണ് ക്യാമ്പിലൂടെ വീട്ടുനമ്പർ ലഭിച്ചത്. നേരത്തെ ഉന്നതി സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ രേഖകൾ ലഭ്യമാക്കുമെന്ന് ഉന്നതി നിവാസികൾക്ക് ഉറപ്പു നൽകിയിരുന്നു. കളക്ടറുടെ പ്രത്യേകത താൽപര്യത്തിലാണ്
കശുമാവിൻ തോപ്പ് ഉന്നതിയിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിലൂടെ 12 പേർക്ക് റേഷൻ കാർഡ് സേവനങ്ങളും 28 പേർക്ക് ആധാർ സേവനങ്ങളും 13 പേർക്ക് വരുമാന സർട്ടിഫിക്കറ്റും ലഭിച്ചു. 18 പേർ ബാങ്ക് അക്കൗണ്ടുമെടുത്തു. 13 പേർക്ക് ജാതി സർട്ടിഫിക്കറ്റും ആറു പേർക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചു. ഏഴു പേർക്ക് തിരഞ്ഞെടുപ്പ് വോട്ടർ ഐഡിയും മൂന്നുപേർക്ക് സ്ത്രീ സുരക്ഷാ പദ്ധതി രജിസ്ട്രേഷനും രണ്ടുപേർക്ക് ജനന സർട്ടിഫിക്കറ്റും 44 പേർക്ക് തൊഴിൽ കാർഡ് സേവനങ്ങളും നൽകി.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെൻറ് ഡിജിറ്റൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ നാലാംഘട്ട ക്യാമ്പാണ് മാരാംകോട് കശുമാവിൻതോപ്പ് ഉന്നതിയിൽ നടന്നത്. ജില്ലാ ഭരണകൂടം, ടൈബൽ ഡെവലപ്മെൻ്റ് വകുപ്പ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത്, സംസ്ഥാന IT മിഷനും അക്ഷയയും വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.
ടി.ജെ. സനീഷ്കുമാർ എം.എൽ.എ. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോടശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. എസ്തപ്പാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിജി ജോയ് അധ്യക്ഷത വഹിച്ചു. ഊര് മൂപ്പൻമാരായ സാബു, വീരണ്ണൻ, പഞ്ചായത്ത് സെക്രട്ടറി വി.എച്ച്. ഹബീബ്, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എം. ശശി, സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപ്, ടി.ഇ.ഒ. പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗം ടോമി കളമ്പാടൻ, അക്ഷയ കോഡിനേറ്റർ യു.എസ്. ശ്രീശോഭ്, അക്ഷയ ബ്ലോക്ക് കോഡിനേറ്റർമാരായ ഇ.കെ. ശ്രീന, കെ.വി. റീജ എന്നിവർ സംസാരിച്ചു.


