എഐ ഉച്ചകോടിയിലെ പ്രതിഷേധം ‘ലജ്ജാകരം’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

എഐ ഉച്ചകോടിയിലെ പ്രതിഷേധം ‘ലജ്ജാകരം’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

ൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’ വേളയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ശക്തമായി അപലപിച്ചു. പ്രവർത്തകരുടെ നടപടി അപമാനകരമാണെന്നും ഇതിൽ കോൺഗ്രസ് പാർട്ടി ക്ഷമ ചോദിക്കുമെന്ന് കരുതിയിരുന്നതായും അദ്ദേഹം പ്രതികരിച്ചു. എന്നാൽ പ്രതിഷേധത്തെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാരത് മണ്ഡപത്തിൽ നാടകീയമായ പ്രതിഷേധം അരങ്ങേറിയത്. ഓൺലൈനായി രജിസ്റ്റർ ചെയ്ത് പരിപാടിക്കെത്തിയ ഒരു കൂട്ടം പ്രവർത്തകർ ഹാൾ 5-ന് സമീപം വെച്ച് ജാക്കറ്റുകളും ഷർട്ടുകളും ഊരിമാറ്റി അർദ്ധനഗ്നരായി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതിഷേധം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Also Read: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കും ലക്ഷ്യമിട്ട് സ്ഫോടനത്തിന് പദ്ധതിയെന്ന് റിപ്പോർട്ട്

പ്രതിഷേധത്തെ ന്യായീകരിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ ഷർട്ടില്ലാത്ത ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങൾ “ഗാന്ധിയുടെ പിൻഗാമികൾ” ആണെന്നും ഭരണഘടനയുടെ പടയാളികളായ തങ്ങൾ ശബ്ദം ഉയർത്തുന്നത് തുടരുമെന്നും അവർ പ്രതികരിച്ചു. എഐ ഉച്ചകോടിയുടെ മോശം നടത്തിപ്പിനെതിരെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേരത്തെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പരിപാടിയിൽ ഇത്തരമൊരു പ്രതിഷേധം നടത്തിയത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ഉച്ചകോടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാരെ സ്ഥലത്തുണ്ടായിരുന്നവർ തന്നെ നേരിടുന്ന വീഡിയോ റിജിജു പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.

The post എഐ ഉച്ചകോടിയിലെ പ്രതിഷേധം ‘ലജ്ജാകരം’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു appeared first on Express Kerala.

Spread the love
Scroll to Top