loader image
വെള്ളാപ്പള്ളിയുടേത് കേരളം ശീലിക്കാത്ത ‘വിദ്വേഷ രാഷ്ട്രീയം’, മുഖ്യമന്ത്രി അത് ശ്രദ്ധിക്കേണ്ടിയിരുന്നു; ജേക്കബ് ജോർജ്

വെള്ളാപ്പള്ളിയുടേത് കേരളം ശീലിക്കാത്ത ‘വിദ്വേഷ രാഷ്ട്രീയം’, മുഖ്യമന്ത്രി അത് ശ്രദ്ധിക്കേണ്ടിയിരുന്നു; ജേക്കബ് ജോർജ്

നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും ശക്തമാകുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും മുന്നണികളുടെ സാധ്യതകളും ഭരണത്തിന്റെ നേട്ട-ദൗർബല്യങ്ങളും ഉൾപ്പെടെ നിരവധി നിർണായക വിഷയങ്ങളിൽ തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജേക്കബ് ജോർജ്. മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ, മുന്നണികൾ തമ്മിലുള്ള ശക്തിസമീകരണങ്ങൾ, കൂടാതെ വരുന്ന തിരഞ്ഞെടുപ്പിന്റെ ഗതിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ പരിശോധിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടെയും സാധ്യതകളെ കുറിച്ചാണ് പ്രധാനമായും ചോദിക്കാനുള്ളത്. ആദ്യമായി ചോദിക്കാനുള്ളത് ഭരണപക്ഷമായ ഇടതുപക്ഷത്തിൻ്റെ സാധ്യതയെ കുറിച്ചു തന്നെയാണ്, മൂന്നാമതൊരു തുടർ ഭരണം ഇടതുപക്ഷത്തിന് സാധ്യമാണോ ?

ഇടതുപക്ഷത്തിന് സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അങ്ങനെ പറയുന്നത് ശരിയല്ല. കാരണം കഴിഞ്ഞ തവണ അധികമാരും പ്രതീക്ഷിക്കാതെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാമത് അധികാരത്തിൽ വന്നത്. അപ്പോൾ ഇനി മൂന്നാമത്തും അധികാരത്തിൽ വരാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യം, കേരളം രണ്ട് മുന്നണികൾ പരസ്പരം മത്സരിക്കുന്ന ഒരു ഇടമാണ്. ഒരുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മറുവശത്ത് ഐക്യ ജനാധിപത്യ മുന്നണി. രാഷ്ട്രീയമായി ഇരുവരും തുല്യ ശക്തികളാണ്. ഇതിനിടയ്ക്ക് രണ്ടു കൂട്ടരെയും നോക്കിക്കൊണ്ട് മൂന്നാമത് ഒരു മുന്നണി കയറി വരികയാണ്. അത് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎയാണ്. അവർ കുറച്ചു പാർട്ടികളെ ഒപ്പം കൂട്ടി വളരാൻ ശ്രമിക്കുകയാണ് ഇത് പുറത്തേക്ക് വരുന്നില്ല എന്ന് മാത്രം. അങ്ങനെ വരുമ്പോൾ രാഷ്ട്രീയ സങ്കല്പങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്.

പക്ഷെ, ആത്യന്തികമായിട്ട് രണ്ട് ശക്തികളുടെ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് പരാജയപ്പെട്ടു, ഇത്തവണയും യുഡിഎഫ് പരാജയപ്പെടുമോ എന്നാണ് താങ്കൾ ചോദിച്ചതിന് അർത്ഥം എന്ന് പറയുന്നില്ല, പക്ഷെ യുഡിഎഫിന് ജയിക്കാൻ സാധ്യതകളുണ്ട്. ആ സാധ്യതകളെ എങ്ങനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെടുത്തും, അതായിരിക്കും കുറച്ചുകൂടി നല്ല രാഷ്ട്രീയ ചോദ്യം. കഴിഞ്ഞ തവണ അങ്ങനെയാണ് സംഭവിച്ചത്, രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയതായിരുന്നു. എന്റെ അറിവിൽ അദ്ദേഹത്തിനായി പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു, പ്രധാനപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെയും പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ആരായിരിക്കണം എന്ന് വരെ തീരുമാനിച്ചു. മാണി ഗ്രൂപ്പിനെ അകറ്റി മാറ്റി നിർത്തി, ബെന്നി ബഹന്നാന്റെ ഒരൊറ്റ പത്രസമ്മേളനം നടത്തി. കെ എം മാണിയെ ഔട്ടാക്കി. കെ എം മാണി എന്ന് പറഞ്ഞാൽ യുഡിഎഫിന്റെ ഐക്യാ ജനാധിപത്യമുന്നണിയുടെ നെടുംതൂണായിരുന്നു. ആ മാണിയുടെ നേത്ര്വതത്തിലുള്ള കോൺഗ്രസിൽ അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം മകൻ സ്ഥാനം ഏൽക്കുന്നു. പക്ഷെ അത് പരാജയത്തിന് കാരണമായി. അന്നത്തെ ചർച്ചകളിൽ ഒക്കെ ഞാൻ പറയുമായിരുന്നു, ഞാൻ കുറച്ച് എഴുതുകയും ചെയ്തു. യുഡിഎഫിന് ഒരു പാർട്ടിയെ പോലുമല്ല ഒരു വ്യക്തിയെ പോലും കളയാൻ കഴിയാത്ത ഒരു സാഹചര്യം ആയിരുന്നു അന്ന്. ആ പാർട്ടിയിലേക്ക് പലരെയും ചേർക്കാം എന്നല്ലാതെ ഒരാളെയും കളഞ്ഞു കൂടാ. യുഡിഎഫിന്റെ പ്രധാന നേതാവായിരുന്ന സിപി ജോൺ രണ്ടുപേരോടും പറഞ്ഞു അവരെ കളയരുത് അത് അപകടകരമാണ് , കാരണം പ്രതിപക്ഷത്ത് ഇവരേക്കാൾ വളരെ ദീർഘദൃഷ്ടിയുള്ള ഒരു നേതാവ് ഉണ്ടായിരുന്നു. അതായിരുന്നു പിണറായി വിജയൻ. അദ്ദേഹം പെട്ടെന്ന് വല വിരിച്ച് ജോസ് കെ മാണിയെയും കൂട്ടരെയും സ്വീകരിച്ചു, ചോദിച്ച സീറ്റ് എല്ലാം കൊടുത്തു. അതാണ് അന്നത്തെ രാഷ്ട്രീയം.

വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പവും, പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകില്ലേ ?

തീർച്ചയായും തിരിച്ചടിയായിട്ടുണ്ട്, പക്ഷേ ആ ഒരു പശ്ചാത്തലത്തിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാം പരിശോധിക്കണം. പിഎംശ്രീ പദ്ധതി എന്ന് പറയുന്നത് സ്കൂളുകളുടെ വളർച്ച ,കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ പിഎംശ്രീക്ക് വലിയ പ്രാധാന്യമുണ്ട്. പ്രഥമദൃഷ്ടിയിൽ ഇത് കേരളത്തിന് യോജിച്ച ഒരു പദ്ധതിയാണെന്ന് പറയാൻ പറ്റുകയുമില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരുപക്ഷെ അത് അവർ തീരുമാനിച്ചു. അതിൽ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും പങ്കുണ്ട്. അതുപോലെതന്നെ വെള്ളാപ്പള്ളി, കേരള രാഷ്ട്രീയത്തിന്റെ തരത്തിൽ സംസാരിക്കുന്ന ഒരു വ്യക്തിയല്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് പലപ്പോഴും വിദ്വേഷത്തിന്റെ ചുവയുണ്ട്. കേരള സമൂഹത്തിന് ആ ഒരു ചുവ പരിചയമുള്ളതല്ല. ഇത്തരത്തിലുള്ള ഒരാളെ കൂട്ടുമ്പോൾ മുഖ്യമന്ത്രി തീർച്ചയായും ശ്രദ്ധിക്കേണ്ടിയിരുന്നു.

കഴിഞ്ഞ 5 വർഷക്കാലത്തെ ഇടതുപക്ഷ സർക്കാറിൻ്റെ പ്രധാന നേട്ടമായി കാണുന്നത് എന്തൊക്കെയാണ് ? അതുപോലെ തന്നെ ദൗർബല്യമായി വിലയിരുത്തുന്നത് എന്താണ് ?

കേരളത്തിന്റെ ഒരു പൊതു സ്വഭാവം, മതേതരത്വമാണ്. കേരളത്തിൽ അഞ്ചുവർഷം ഈ മതേതരാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഒരു നടപടിയും ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അത് ഗവൺമെന്റിന്റെയും കേരള പോലീസിന്റെയും ജാഗ്രത കൊണ്ടാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. വിദേശ പ്രചരണങ്ങൾ കേരളത്തിൽ പ്രത്യേകമായി എടുത്തു ശ്രദ്ധിക്കപ്പെടും. തിരുവനന്തപുരത്ത് അത്ര പടർന്നില്ലെങ്കിൽ പോലും ഒരു വർഗീയ ലഹള ഉണ്ടായിട്ടുണ്ട്. ചാലക്കമ്പോളം കത്തിയെരിയുന്ന ഒരു രാത്രി, വർഗീയ ആക്രമണമായിരുന്നു അത്. അതിനുമുമ്പായി ഒരു വിഭാഗം ആക്രമണം നടത്തി അതിന് പകരമായി വൈകുന്നേരം മറ്റൊരു വിഭാഗം ആക്രമണം നടത്തി. പോലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു ഇതെല്ലാം നടന്നത്. ചാലക്കമ്പോളം കത്തിയെരിയുന്നു പോലീസ് നോക്കിനിൽക്കുന്നു എന്നാണ് അന്ന് മാതൃഭൂമിയിലെ ഫസ്റ്റ് പേജിൽ ഞങ്ങൾ വാർത്ത കൊടുത്തത്. ആ സമയത്താണ് കേരളത്തിൽ പട്ടാളം ഇറങ്ങിയത്. എല്ലാ സന്നാഹങ്ങളുമായി ഇറങ്ങിയ പട്ടാളം തിരുവനന്തപുരം നഗരം മുഴുക്കെ പരക്കുകയായിരുന്നു. വർഗീയത ഉണ്ടാക്കുമ്പോൾ ശക്തമായ പോലീസ് പ്രതിരോധമായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അന്നത്തെ മുഖ്യമന്ത്രി ഒരു ഉദാസീനത കാണിച്ചു. പോലീസ് ബാരറ്റിൽ നിന്ന് ഇറങ്ങിയില്ല, പോലീസ് സ്റ്റേഷനിൽ ഒതുങ്ങി, ആകെ പ്രശ്നമായി. പ്രശ്നം വഷളാകും എന്ന് കണ്ടപ്പോൾ പട്ടാളത്തെ വിളിക്കാൻ സംസ്ഥാന ഗവൺമെന്റ് നിർബന്ധിതമായി, പട്ടാളമിറങ്ങി അന്ന് പോലീസ് ഡിജിപി പിജി അലക്സാണ്ടർ ആയിരുന്നു. അദ്ദേഹത്തിന് ചുമതല കൊടുത്ത്, അടിച്ചമർത്താൻ പറഞ്ഞു അദ്ദേഹം പോലീസിനെ രംഗത്തിറക്കി അതിവേഗം നഗരം ശാന്തമാക്കി.
ഇതേത്തുടർന്ന് വിതരണത്തിനിറക്കിയ പത്രം വിതരണക്കാരിൽ നിന്നും തിരിച്ച് വാങ്ങുകയും പട്ടാളം ഇറങ്ങി എന്ന് ഹെഡ് ലൈൻ ആക്കി അച്ചടിക്കുകയും ചെയ്തു. പിന്നെ മാറാട് കലാപം നടന്നിട്ടുണ്ട്. ഇങ്ങനെയുള്ള കലാപങ്ങൾ പലതും നമുക്കറിയാം. ഈ പത്ത് വർഷങ്ങൾ ഇത്തരം കാര്യങ്ങൾക്ക് സമാധാനം കൊടുത്ത വർഷങ്ങളാണ്. പക്ഷെ ഇടതുപക്ഷം ഭരിക്കുമ്പോൾ ആ കാര്യം സുനിശ്ചിതമാണെന്ന് ഉറപ്പാക്കാം. ഇത് തികച്ചും വ്യക്തിപരമായിട്ടുള്ള എന്റെ അഭിപ്രായമാണ്. സിപിഎമ്മിന് കേരളത്തിലെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് ഒരു വലിയ പങ്കുണ്ട്. 1971ൽ തലശ്ശേരിയിലെ ആർഎസ്എസ് കലാപത്തിന്റെ ആക്രമണത്തെ എതിർത്ത ചെറുപ്പക്കാരനായ നേതാവായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ . അദ്ദേഹത്തിന് അങ്ങനെ ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യം കേരളത്തിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ ധാര ആയിട്ട് നിലനിൽക്കുന്നുണ്ട് എന്ന് വേണം പറയാൻ. അത് വ്യക്തിപരമായി പിണറായി വിജയന്റെ സ്വഭാവമാണ്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് അത് അദ്ദേഹം വളരെ ശക്തമായി തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ ദൗർബല്യങ്ങളെ പറ്റി പറയാൻ ഒത്തിരിയുണ്ട്. ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പിണറായി സർക്കാർ അഞ്ചുവർഷം ഭരിക്കുകയും, അടുത്ത അഞ്ചുവർഷം നേതൃത്വം കയ്യിൽ കിട്ടുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് തന്റെ എംഎൽഎമാരിൽ അല്ലെങ്കിൽ പാർട്ടി നേതാക്കളിൽ ഏറ്റവും മികവുള്ളവരെ മന്ത്രിമാർ ആക്കാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഏറ്റവും വലിയ പ്രഗൽഭമായ ഗവൺമെന്റ് കേരളം ആയിരിക്കുമായിരുന്നു എന്നൊരു അഭിപ്രായം എനിക്കില്ല. കാരണം 1957ലെ ഗവൺമെന്റ് ഇന്നും കേരളത്തിലെ ഒരു മോഡൽ ഗവൺമെന്റ് ആയി നിലനിൽക്കുകയാണ്. ലോകത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സംസ്ഥാനമാണ് കേരളം. അതിന് 57 ലെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്തെല്ലാം സന്നാഹങ്ങൾ ഒരുകി എന്ന് അറിയാമോ? അന്ന് സ്റ്റേറ്റ് കോൺഗ്രസിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ശക്തിയായി വളർന്നുവരികയാണ് അതിന് പരാജയപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തണം എന്ന് ചിന്തിക്കാൻ ഒരു വിശാലമായ സന്നാഹങ്ങൾ ഒരുക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം. ഇഎംഎസ് ഭൂപരിഷ്കരണത്തെക്കുറിച്ച് വളരെ നന്നായി പഠിച്ച ഒരു വ്യക്തിയാണ്. മലബാർ മേഖലയിൽ നിന്ന് വന്ന്, അന്ന് മദ്രാസ് സംസ്ഥാനത്തെ ഒരംഗം ആയിരുന്നു അദ്ദേഹം. കർഷകന്റെ കടബാധ്യത, കർഷക തൊഴിലാളി പ്രശ്നങ്ങൾ ഇതെല്ലാം ശരിക്കും പഠിച്ച വ്യക്തിയായിരുന്നു ഇഎംഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും കത്തിജ്വലിച്ച് നിന്ന താരങ്ങളായിരുന്നു എം എൻ ഗോവിന്ദൻ നായർ, ടി വി തോമാസ് , കെ ആർ ഗൗരിയമ്മ എന്നിവർ. അതുപോലെ തന്നെ കോൺഗ്രസിന്റെ പി ടി ചാക്കോയും , പട്ടം താണുപിള്ളയും. പട്ടം താണുപിള്ള പിന്നീട് പിഎസ്പിയായി അവരും രാഷ്ട്രീയ അതികായരായിരുന്നു.ഈ രണ്ട് കൂട്ടരും ഏറ്റുമുട്ടുമ്പോൾ ഇന്നത്തെ പോലെ തന്നെ ജയം ആർക്ക് എന്നുള്ളത് ഒരു വലിയ പ്രശ്നമായിരുന്നു. ഞങ്ങൾ ജയിക്കും ഞങ്ങൾ ഭരിക്കും എന്നതായിരുന്നു കോൺഗ്രസ് നേതാക്കളുടെ അന്നത്തെ ഒരു ചിന്ത. അന്ന് വടക്കൻ അച്ഛന്റെ ഒരു തീസിസ് ഉണ്ടായിരുന്നു ഇതെല്ലം സാന്ദർഭികമായി പറഞ്ഞു പോകുന്നു എന്ന് മാത്രം, ”കോൺഗ്രസ് ഇങ്ങനെ നിന്നാൽ പോരാ കമ്മ്യൂണിസ്റ്റുകളെ തോൽപ്പിക്കണമെങ്കിൽ നിങ്ങൾ ഒരു മുന്നണി ഉണ്ടാക്കണം അതിന് ലീഗിനെയും പിഎസ്‌പിയേയും കൂടെ കൂട്ടണം” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആ ഒരു തിയറിയുടെ പേര് മട്ടാഞ്ചേരി തീസിസ് എന്നായിരുന്നു. അത് വളരെ പ്രസിദ്ധമായി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ അതിനെ കളിയാക്കി , കോൺഗ്രസ്സുകാർ അതിനെ ചെവിക്കൊണ്ടില്ല. അത് ചെവിക്കൊള്ളാതെ അവർ മത്സരിച്ചു , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇഎംഎസിന്റെ ഗവണ്മെന്റ് അന്ന് അധികാരത്തിൽ വന്നു. ആ ഗവണ്മെന്റ് ചെയ്ത പരിഷ്‌ക്കാരങ്ങളിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരവും ഭൂപരിഷ്ക്കരവും തന്നെയാണ്. കെ ആർ ഗൗരിയമ്മ ഒരാഴ്ചക്കുളിൽ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ ഒരു ഓഡറിൻസ് കൊണ്ടുവന്നു . രാത്രി ഉറക്കം ഒള്ളാച്ചിരുന്നു നിയമം എഴുതി ഒരു ഓഡറിൻസ് പാസ് ആക്കിയത്. അതൊക്കെ അന്ന് കേരളത്തെയും ഭൂപ്രഭുക്കളെയും ശരിക്കും നടുങ്ങിയ സംഭവങ്ങളായിരുന്നു. അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒരു കാര്യം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെ കുറിച്ചാണ്. അദ്ദേഹത്തിന്റെ ബില്ല്‌ വന്നപ്പോൾ തന്നെ ആ ഗവൺമെന്റിന്റെ ആദ്യവർഷങ്ങൾ സംഭവബഹുലമായിരുന്നു. പിന്നീട് 59 ൽ ഇത് പിരിച്ച വിടേണ്ട ഒരു സാഹചര്യം ഉണ്ടായി. ഇന്നും വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കാണുന്ന വളർച്ച ഇതിന്റെയെല്ലാം അടിസ്ഥാനമാണ്. ഇന്ന് ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്ത് നമ്പർ വൺ ആണ് കേരളം. ഞാൻ പറയുന്നത് അതിന്റെയൊക്കെ ചുവട് പിടിച്ചാണ് ഇടതുപക്ഷ ഗവൺമെന്റുകൾ വന്നിട്ടുള്ളത്. കേരളത്തിൽ ഇന്ന് കാണുന്ന വലിയ വളർച്ചയ്ക്ക് കാരണം കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ തന്നെയാണ്. ഒരു വശത്ത് ഇടത് പക്ഷവും മറുവശത്ത് ഐക്യജനാതിപത്യ മുന്നണിയും. യുഡിഎഫ് വന്നപ്പോഴൊക്കെ ഈ ഭരണപരിഷ്‌ക്കാരങ്ങളുടെ തുടർച്ച അവർ ഉറപ്പാക്കി.

See also  മ്യൂച്വൽ ഫണ്ട് നികുതി മാറി! പുതിയ നികുതി നിയമങ്ങൾ അറിയാം! 

പിന്നീട് സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രി ആയപ്പോഴുള്ള കാര്യം പറയാതിരിക്കാൻ വയ്യ. കാരണം, മലപ്പുറത്ത് വിദ്യാഭ്യാസമായിട്ട് ഒരു വളർച്ചയില്ല, അവിടെയുള്ള സാധാരണ സ്ഥിതി നോക്കുകയാണെങ്കിൽ മതപഠനം പഠിപ്പിക്കുന്നവർ പറഞ്ഞിട്ടുള്ളത്, ഇംഗ്ലീഷ് ആരും പറയരുത്, നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കരുത് എന്നാണ്, കാരണം ഇംഗ്ലീഷ് ഹറാമാണ് അത് സാത്താന്റെ ഭാഷായാണ്. അപ്പോൾ നാട്ടിലുള്ള പള്ളികൂടങ്ങളിൽ മതപഠനം മാത്രം, മദ്രസകൾ മാത്രമായി മാറി. അതിനപ്പുറത്തേക്ക് മുസ്ലിം കുട്ടികൾക്ക് പഠിക്കാനുള്ള സാധ്യതയില്ല , പള്ളികൂടങ്ങളില്ല. 1967 -ലെ ഗവൺമെന്റ് ഇഎംഎസ് ഉണ്ടാക്കിയ ഗവൺമെന്റാണ്. ആ ഇഎംഎസ് ലീഗിനെ കൂടെ കൂട്ടി. അത് ചരിത്രത്തിലെ തന്നെ ഒരു രസകരമായ ഏടാണ്. മുസ്ലിംലീഗിനെ കൂട്ടി 7 മുന്നണികളുടെ ഒരു കൂട്ടുകക്ഷി ഉണ്ടാക്കി. ആ മുന്നണി ആണ് 1967 ലേത് , കാരണം ഇ എം എസിനു മനസ്സിലായി കോൺഗ്രസ് വടക്കൻ അച്ഛൻ പറഞ്ഞതുപോലെ പി എസ് പിയേയും മുസ്ലിംലീഗിനെയും കൂട്ടിയാണ് ആദ്യ ഗവണ്മെന്റ് ഉണ്ടാക്കിയത് എന്ന്. അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ പറഞ്ഞു ഇത് ഒരു മുക്കൂട്ട് മുന്നണിയാണ് എന്ന്, പക്ഷേ ആ മുക്കൂട്ട് മുന്നണി ജയിച്ച് അധികാരത്തിൽ വന്നു. അത് കഴിഞ്ഞ് വരുന്നത് 67 ലെ ​ഗവൺമെന്റാണ് അപ്പോഴേക്കും കേരള കോൺ​ഗ്രസ് ഉണ്ടായി, അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടി രാണ്ടായിട്ട് പിള്ളർന്നു. 67 -ലെ ​ഗവർമെന്റിൽ വി​ദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ ആയിരുന്നു. മുസിം സമുദാത്തിലൽ ഏറെ പിന്തുണ കിട്ടിയിട്ടുള്ള ഒരു നേതാവയായിരുന്നു ഇദ്ദേഹം. സി എച്ച് വിദ്യാ​ഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ഒരു കാര്യം പ്രചാരിപ്പിച്ചത്. നമ്മാളരും ഇം​ഗ്ലിഷിനെതിരെ ഒരു പ്രചാരണം നടത്തിയിട്ട് കാര്യം ഇല്ലെന്നും, കാലം മുന്നോട്ട് പോകുകയാണ്, നമ്മൾ ഇം​ഗ്ലിഷ് പഠിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശേഷം, മലപ്പുറം ജില്ലയിൽ അദ്ദേഹം ധാരാളം സർക്കാർ സ്കൂളുകൾ അനുവ​ദിച്ചു. ആ സമയമാണ് ​ഗൾഫ് ബൂം ഉണ്ടായത്. ​ഗൾഫിലോക്കെ പോയി പണം ഉണ്ടാക്കി, അവർ സ്വന്തം നിലയ്ക്ക് സ്കൂളുകൾ നിർമ്മിച്ചു. ഇന്ന് മലപ്പുറമാണ് കേരളത്തിൽ വിദ്യാഭ്യാസ രം​ഗത്ത് മുന്നേറ്റമുള്ള ജില്ല. ആ നേട്ടം മുഴുവൻ ഞാൻ സി എച്ച് മുഹമ്മദ്കോയക്ക് നൽകും. കാരണം അദ്ദേഹമാണ് അതിന് വഴിയൊരുക്കിയത്. ഇന്ന് മലപ്പുറത്ത് കാണുന്ന വിദ്യാഭ്യാസരം​ഗത്തെ വളർച്ചയ്ക്ക് ഒരു നേട്ടം കുറച്ച് മുഹമ്മദ്കോയയുടെ പ്രവർത്തനം തന്നെയാണ്. അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടാണ് അതും കൂടി സൂചിപ്പിക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ഇ എം എസ് ​ഗവർമെൻ്റിൻ്റെ കാലത്താണ് മലപ്പുറം കേന്ദ്രമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയത്. അത് സി എച്ചിൻ്റെ ഒരു സ്വപ്നമായിരുന്നു, പക്ഷെ ഇ എം എസ് ​ഗവൺമെൻ്റാണ് അതിന് തറക്കല്ല് ഇട്ടത്. അതോക്കെയാണ് ​ഗവൺമെൻ്റുകൾ ചെയ്യേണ്ടത്.

ഈ ഗവൺമെന്റിന്റെ കാലത്തും ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊന്നും ഞാൻ എണ്ണി എണ്ണി പറയുന്നില്ല, ഡോക്ടർ കെ എം എബ്രഹാം കിഫ്ബിയുടെ തലപ്പത്തിരിക്കുന്നയളാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു, ദീർഘകാലം യുഡിഎഫ് ഭരണകാലത്ത് ധനകാര്യ മന്ത്രിയായിരുന്നു, ധനകാര്യ വിദഗ്ധനാണ്. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി. ചീഫ് സെക്രട്ടറി സ്ഥാനം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ വിളിച്ച് ആ സ്ഥാനം കൊടുത്തു. ഇപ്പോഴും ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഉന്നതനാണ് കെ എം എബ്രഹാം അദേഹം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. ഈ ഗവൺമെന്റ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. അതിന് കിഫ്ബി തന്നെ വലിയ ഉദാഹരണമാണ്. കിഫ്‌ബി നമ്മുടെ ബജറ്റ് വരുമാനത്തിന് അപ്പുറത്ത് ധാരാളം സമ്പത്ത് കണ്ടെത്തി കേരളത്തിന്റെ വികസനത്തിന് വേണ്ടി വിനിയോഗിക്കുകയാണ്. സ്കൂളുകളുടെ വളർച്ച, ഉൾനാടുകളിലേക്ക് പോയാൽ, അവിടെ സാധാരണ സ്കൂളുകളിൽ പോലും ഹൈടെക് മുറികൾ ഉണ്ട്. വലിയൊരു വിപ്ലവം നടന്നു കഴിഞ്ഞിരിക്കുന്നു വിദ്യാഭ്യാസ രംഗത്ത്. അത് ഈ ഗവൺമെന്റിന്റെ വലിയൊരു പ്രത്യേകതയാണ്. ഗവൺമെന്റ് അത്തരം കാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തുന്നുണ്ട്, അതിനു വേണ്ടി പണം വിനിയോഗിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളുടെ സൗകര്യം എന്തുമാത്രം മെച്ചപ്പെട്ടിരിക്കുന്നു. അത് ഈ അഞ്ചുവർഷം മാത്രമല്ല 10 വർഷ മുന്നേ തന്നെ വളർന്നതാണ്. ആ വികസനം അതിഗംഭീരമായ തലത്തിലേക്ക് ആണ് കടന്നിരിക്കുന്നത്. അതൊന്നും നമ്മൾ കണ്ണടച്ചിട്ട് കാര്യമില്ല അതൊക്കെ കേരളത്തിൽ ജനങ്ങൾക്ക് ലഭ്യമാകുന്ന കാര്യങ്ങളാണ്.

പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ട് വെക്കാൻ ഇല്ലാത്തൊരു അവസ്ഥയിലാണോ സിപിഎം നേതൃത്വം ഉള്ളത്?

സിപിഎം എന്ന് പറയുന്നത് ഒരു വ്യക്തിയല്ല, ഒരു നേതൃത്വമാണ്, കുറെ ആളുകളുടെ നേതൃത്വം. അവർ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത് ഏത് പാർട്ടി ആയാലും അങ്ങനെ തന്നെയാണ് തീരുമാനമെടുക്കുന്നത്, അങ്ങനെ തന്നെയാണ് വേണ്ടതും. ഇപ്പോൾ പിണറായി വിജയനാണല്ലോ സിപിഎമ്മിനെ നയിക്കുന്നത്. അപ്പോൾ അടുത്ത തെരഞ്ഞെടുപ്പും നയിക്കുന്നത് പിണറായി വിജയൻ തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് ജയിച്ചാൽ പിണറായി വിജയൻ ആയിരിക്കുമോ മുഖ്യമന്ത്രി അതോ മറ്റാരെങ്കിലും ആകുമോ എന്ന ചോദ്യം അന്ന് ചോദിക്കേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ കാണുന്നില്ല. പിണറായി വിജയന് അത്യാവശ്യം ആരോഗ്യമുണ്ട് . ചിന്തിയ്ക്കാനും സംസാരിക്കാനും യാതൊരു കുഴപ്പവുമില്ല. ഇന്നും ശക്തമായിട്ടും സൂക്ഷ്മമായിട്ടും നിലപാടുകൾ എടുക്കുന്ന ഒരു വലിയ രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ . എന്റെ വീക്ഷണത്തിൽ കേരളത്തിൽ ഏറ്റവും തലയെടുപ്പുള്ള നേതാവും, ഏറ്റവും തന്ത്രപ്രധാനമായിട്ടുള്ള തീരുമാനങ്ങൾ, അതിവിദഗ്ധമായി എടുക്കുന്ന നേതാവ് സഖാവ് പിണറായി വിജയൻ തന്നെയാണ്. അതിന്റെ കാര്യത്തിൽ ഒരു സംശയം തന്നെയില്ല.

See also  കിഷ്ത്വാറിൽ സൈനിക നടപടി; രണ്ട് തീവ്രവാദികളെ വധിച്ചു, വൻ ആയുധശേഖരം പിടിച്ചെടുത്തു

പൊതുവേ പിണറായി വിജയന് രാഷ്ട്രീയ എതിരാളികൾ ഒരു വില്ലെൻ കഥാപാത്രമായിട്ടാണ് ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ കാർക്കശവും ഈ വില്ലൻ പരിവേഷത്തിന് കാരണമായി മാറിയിട്ടുണ്ട്. താങ്കളുടെ അനുഭവത്തിൽ ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

ഞാൻ കഴിഞ്ഞ കുറേ കാലമായി തിരുവനന്തപുരത്ത് പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ആളാണ്. ആദ്യം മാതൃഭൂമിയിൽ പിന്നെ ഇന്ത്യ ടുഡേയിൽ. എനിക്ക് രാഷ്ട്രീയം വലിയ ഇഷ്ട്ടമാണ്. ഞാൻ കേറുമ്പോൾ 80 കാലഘട്ടത്തിൽ നായനാർ ഗവൺമെന്റ്. അത് കഴിഞ്ഞ് കരുണാകരൻ ഗവൺമെന്റ്. കരുണാകരൻ ഗവൺമെന്റ് കേറിയപ്പോൾ തിരുവനന്തപുരത്ത് ഭയങ്കര സംഭവമായിരുന്നു. അന്ന് എല്ലാം ലോകത്തിലെ ഏറ്റവും വലിയ നേതാവ് ആന്റണി എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളിലെ ദൃഢത, അദ്ദേഹം കെപിസിസി അധ്യക്ഷൻ ആയിരുന്നപ്പോൾ ഇന്ദിരാഗാന്ധി ബിഷപ്പുമാരെ കാണാൻ കോഴിക്കോട് വരുന്നു. ആന്റണി ദേഷ്യപ്പെട്ടു, ബിഷപ്പുമാരെ കാണാൻ പ്രധാനമന്ത്രി വരികയോ, ആന്റണി പോയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തിലെ കുറെ ബിഷപ്പുമാരെ കണ്ട് കോൺഗ്രസും ആയിട്ടുള്ള പ്രശ്നം തീർക്കാൻ വന്നപ്പോൾ, എ കെ ആന്റണി മിണ്ടാതെ പിണങ്ങി ഇന്ദിരാഗാന്ധിയോട് പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരത്തിരുന്നു. വാർത്തയല്ലേ, വലിയ വാർത്തയല്ലേ നമ്മളൊക്കെ അതൊക്കെ ആഘോഷിച്ചു എഴുതി.

കെഎസ്‌യുവിനെയും യൂത്ത് കോൺഗ്രസിനെയും ഇങ്ങനെ ഗ്രൂം ചെയ്ത വളർത്തിയെടുത്തത് ആന്റണിയാണ്. സമരത്തിന് നേതൃത്വം കൊടുത്തു കൊണ്ടാണ് ആന്റണി കോൺഗ്രസിന്റെ ധാരയിലേക്ക് വരുന്നത്. എം എ ജോൺ നമ്മളെ നയിക്കും പരിവർത്തനവാദിയായി മാറിയ ആൾ… ഇദ്ദേഹമാണ് കെഎസ്‌യു പ്രവർത്തകരെ പഠിപ്പിക്കുന്നതും നയിക്കുന്നതും. അദ്ദേഹം പ്രധാനമായി പഠിപ്പിക്കുന്ന പാഠം നമ്മളൊക്കെ താക്കോൽ സ്ഥാനങ്ങളിൽ കയറിയിരിക്കണം. അതെ നേതൃത്വത്തെ താഴെയിറക്കി അവിടെ കേറിയിരിക്കണം, ചെറുപ്പക്കാര് സ്ഥാനമാനങ്ങൾ നേടണം. എംഎൽഎ മാരാകണം, കിളവൻമാരൊക്കെ അടിച്ചു പുറത്താക്കണം എന്നാണ് നമ്മളൊക്കെ അന്ന് കൊച്ച് പിള്ളേരല്ലേ നമ്മളൊക്കെ അന്ന് ആവേശത്തോടെ ഇതെഴുതും. ഇതൊക്കെ ഞാൻ പത്ര പ്രവർത്തകൻ ആകുന്നതിനു മുമ്പ് നടന്ന സംഭവങ്ങളിടെ ചരിത്രമാണ് പറഞ്ഞത്.

1971-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി, എ കെ ആന്റണി ,രാമേന്ദ്രൻ കടന്നപ്പിള്ളി അങ്ങനെ കൊച്ച് പിള്ളേർ എംഎൽഎ ആവുകയാണ് 26,27 വയസ്സുള്ളവർ. ഒരു വലിയ സംഭവമായിരുന്നു കൊച്ചു പിള്ളേരൊക്കെ എംഎൽഎ ആകുന്നത്. അന്നേരം കെ എസ് യു ആർത്തിരമ്പി വളർന്നുവരുകയാണ്. അങ്ങനെയാണ് ആന്റണി ഒക്കെ അവരവരുടെ നേതാവായത്. ചായ കുടിക്കാത്ത എകെ ആന്റണി, കാപ്പി കുടിക്കാത്ത, പള്ളിയിൽ കയറാത്ത അന്നേരം ഒരു താരപരിവേഷമായി മാറിയിരുന്നു എ കെ ആന്റണിക്ക്. ആ സമയങ്ങളിൽ പത്രപ്രവർത്തകരോക്കെ ആന്റണി കൊള്ളാമെന്ന് നിലയിലേക്ക് വന്നു. സ്വാഭാവികമായിട്ടും കരുണാകരനെ എതിരെ എഴുതുക എന്നത് നമ്മുടെ സ്വഭാവമായിരുന്നു. കരുണാകരനെ ഒരു ദുഷ്ട കഥാപാത്രമായി ആവിഷ്കരിക്കുന്നത് പത്രപ്രവർത്തകർ അല്ല, കോൺഗ്രസ് ആണ്. എന്നോട് നേരത്തെ ചോദിച്ചില്ലേ പിണറായി വിജയനെ ദുഷ്ട കഥാപാത്രവാക്കുന്നത് എന്ന് അതിനുള്ള ഉത്തരമാണ് ഞാനിപ്പോൾ പറഞ്ഞത്.

രാഷ്ട്രീയത്തിൽ ബിംബം, പ്രതിബിംബം എന്ന് പറയുന്നത് ഒരു പ്രചാരണത്തിന്റെ അകത്ത് വരുന്ന സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കരുണാകരനെ എ കെ ആന്റണി ഇവരെല്ലാം എനിക്കറിയാം. എനിക്ക് തോന്നി കരുണാകരനാണ് ഏറ്റവും നല്ലതെന്ന്. 94-95 കാലഘട്ടത്തിൽ. അന്നാണ് ഐഎസ്ആർഒ ചാര കേസ് വരുന്നത്. അന്ന് ഞാൻ ഇന്ത്യ ടുഡേയിലാണ്. കരുണാകരനായി കൂടുതൽ അടുത്തു. എനിക്ക് ഏറ്റവും കൂടുതൽ കരുണാകരനെ ഇഷ്ടപ്പെട്ടത് രമൺ ശ്രീ വാസ്തവ ഐഎസ്ആർഒ ചാര കേസിലെ പ്രധാനപ്പെട്ട ഒരു പ്രതിയായിട്ട് കേരള പോലീസും ഇന്റലിജൻസ് ബ്യൂറോയും ചിത്രീകരിച്ചപ്പോൾ കരുണാകരൻ സമ്മതിച്ചില്ല. ഐബിയിലെ നേതാവ് മാത്യു ജോൺ, ആർ കെ ശ്രീകുമാർ രണ്ടു ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിൽ ചെന്ന് കരുണാകരനെ കണ്ടു. രമൺ ശ്രീ വാസ്തവയെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. കരുണാകരൻ പറഞ്ഞു തെളിവ് തരാൻ. എന്ത് തെളിവ് വെച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനെ ഞാൻ സസ്പെൻഡ് ചെയ്യേണ്ടത്. തെളിവ് തരാനില്ലാതെ ഞാനെങ്ങനെ സസ്പെൻഡ് ചെയ്യും. അവർ പിണങ്ങി ഇറങ്ങി പോയി. അന്ന് രാത്രി കെ കരുണാകരൻ ഡൽഹിയിൽ ആഭ്യന്തരവകുപ്പിലെ സഹമന്ത്രി മാർഗറ്റ് അൽവയെ വിളിച്ചു ഈ കാര്യം പറഞ്ഞു. കേരള പോലീസിൽ നിന്ന് സിബിഐയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസം തന്നെ ഐഎസ്ആർഒ ചാരക്കേസ് സിബിഐക്ക് വിട്ടുകൊടുത്തതായി കേന്ദ്രസർക്കാർ ഉത്തരവിട്ടു. അങ്ങനെ ധീരമായ നടപടിയെടുക്കാനും കഴിവുള്ള ആളായിരുന്നു കെ കരുണാകരൻ. ഞാനങ്ങനെ കരുണാകരനായിട്ട് വളരെ സുഹൃത്തായി. അന്ന് കോൺഗ്രസിനകത്ത് കരുണാകരനെ താഴെ ഇറക്കാനുള്ള യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്തൊക്കെ ഞാൻ കരുണാകരമായിട്ട് രാത്രി സമയങ്ങളിൽ വർത്താനം പറഞ്ഞിരിക്കുമായിരുന്നു.

മുഖ്യമന്ത്രിയെ ദോഷകരമായി ചിത്രീകരിക്കണം എന്നത് ചിലരുടെ ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നല്ലൊരു ഭരണാധികാരിയാണ്, കേരളം കണ്ട ഒരു മികവുള്ള ഭരണാധികാരി ആണ് എന്ന് തന്നെ ഞാൻ പറയും. അർത്ഥം അദ്ദേഹം മർക്കടമുഷ്ടികാരനാണെന്നോ എന്നല്ല. കരുണാകരൻ എന്ത് ധാർഷ്ട്യം ഉള്ള ആളായിരുന്നു. പക്ഷേ കരുണാകരനെയോ പിണറായി വിജയനെയോ താരതമ്യം ചെയ്യുകയല്ല… രണ്ടും രണ്ട് കാലങ്ങളിലായി വളർന്നു വന്നവരാണ്. കേരളത്തിൽ നിറഞ്ഞു നിന്ന് നേതാക്കൾ മാരാണ്. അതുകൊണ്ട് പിണറായി വിജയനെ കുറിച്ച് പറയുന്ന ഇത്തരം ആരോപണങ്ങൾക്ക് എന്റെ അംഗീകാരമില്ല.

ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും എന്തൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുക എന്നാണ് തോന്നുന്നത് ?

അല്ല ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായിട്ടും ഗവൺമെന്റിന് എതിരായ ഒരു പൊതുജനാഭിപ്രായം ഉണ്ടാക്കുക അതാണ് പ്രതിപക്ഷത്തിന്റെ ഒരു ലക്ഷ്യം. അതിനകത്ത് അങ്ങനെ സിസ്റ്റമാറ്റിക് ആയിട്ട് പ്രതിപക്ഷം ആ വഴിക്ക് പോകുന്നുണ്ട്. അങ്ങനെ ജനപ്രിയമല്ലാത്ത ഗവൺമെന്റിന്റെ തലപ്പത്ത് ഇരിക്കുന്നത് പിണറായി വിജയനാണ്. ആ പിണറായി വിജയനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ദുഷ്പ്രചാരണം എന്ന് ഞാൻ പറയുന്നില്ല അത് പ്രചാരണമാണ്. അത് പ്രതിപക്ഷത്തിന്റെ കർമ്മമാണ്, പ്രതിപക്ഷത്തിന് അർഹതപ്പെട്ട കാര്യമാണ്. ഞാൻ അതിനെ അങ്ങനെ രാഷ്ട്രീയമായിട്ട് എതിർക്കുന്നില്ല. അങ്ങനെ ഒരു പ്രചാരണം നടക്കുന്നുണ്ട്. അത് എല്ലാ തിരഞ്ഞെടുപ്പിന് മുമ്പും ആ പ്രചാരണം കൂടും. കോൺഗ്രസിൽ ആവുമ്പോൾ ഉമ്മൻ‌ചാണ്ടി ഗവൺമെന്റിന്റെ അവസാനകാലത്തെ ചരിത്രം ഓർമ്മയുണ്ടോ? അതായത് ഉമ്മൻചാണ്ടിക്ക് എതിരായിരുന്നു ആക്രമണം. അത് സിപിഐഎം അല്ലായിരുന്നു.സിപിഐഎം അല്ല കോൺഗ്രസിനകത്ത് നിന്ന് തന്നെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തന്നെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കരുക്കൾ നീക്കിയത് അതും കൂടി ഓർക്കണം. പക്ഷെ ഇവിടെ സിപിഐഎമ്മിനകത്ത് അങ്ങനെ ഒരു സംസാരമില്ല. കാരണം സിപിഐഎം അങ്ങനത്തെ പാർട്ടിയാണ്. എനിക്ക് തോന്നുന്നു ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാം. കേരളത്തിൽ കോൺഗ്രസിന് ആശ്രയിക്കാവുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഭരണപക്ഷ വിരുദ്ധ ജനവികാരം തന്നെയാണ് സംശയമൊന്നുമില്ല. പതിവ് തിരഞ്ഞെടുപ്പ് പ്രയോഗങ്ങൾ അത് തന്നെയാണ്. അത് ഇപ്പോഴും പത്ത് വർഷത്തെ ഗവൺമെന്റിന് എതിരെ പൊതുജനാഭിപ്രായം ഉണ്ടാകുക സ്വാഭാവികമാണ്. അത് എവിടെങ്കിലുമൊക്കെ ഉണ്ടാവും. ആർക്കെങ്കിലുമൊക്കെ അസംതൃപ്തിയോ ഒകെ ഉണ്ടാവും. അതിന് എതിരായിട്ടുള നിലപാട് അല്ലെങ്കിൽ അഭിപ്രായം ജനങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അത് പരമാവധി ഉപയോഗിക്കുക. അത് കോൺഗ്രസിന്റെ ധർമ്മമാണ് എന്ന് തന്നെ ഞാൻ കരുതുന്നു അത് പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ടാവാം. അതിനകത്ത് ഗവൺമെന്റ് അത് ചെയ്തില്ല, ഇത് ചെയ്തില്ല. ഗവൺമെന്റ് എന്തൊക്കെ ചെയ്തു. അങ്ങനെ ഗെയിൽ പൈപ്പ് ലൈൻ മുതൽ ഇങ്ങോട്ട് ഒത്തിരി കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. ഇടമൺ വൈദ്യുതി ലൈൻ അത് മുതൽ വലിയ റോഡുകൾ വിശാലമായ വളർച്ചയുടെ ഘട്ടം തന്നെ ആയിരുന്നു ഈ അഞ്ച് വർഷം എന്ന് പറയാം. പക്ഷെ ആത്യന്തികമായിട്ട് നോക്കുമ്പോഴത്തേക്ക് ഈ തിരഞ്ഞെടുപ്പിൽ പൊതുരാഷ്ട്രീയമായ പോരാട്ടം തന്നെയാണ്. ഇതിനിടക്ക് ബിജെപി എന്ത് റോൾ വഹിക്കും, ബിജെപിയുടെ വോട്ട് എങ്ങോട്ട് പോകും. ഞങ്ങളുടെ ശാഖ ജയിക്കുന്നത് അല്ലെങ്കിൽ ബിജെപിക്കാർ അണികൾ സാധാരണക്കാർ ആർക്ക് വോട്ട് ചയ്യും. ഈ ഘടകങ്ങൾ കൂടി ഇതിനകത്ത് കളിക്കുന്നുണ്ടാവും എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

അഭിമുഖം തയ്യാറാക്കിയത്; അഭിരാമി കെ എ

വീഡിയോ കാണുക…

The post വെള്ളാപ്പള്ളിയുടേത് കേരളം ശീലിക്കാത്ത ‘വിദ്വേഷ രാഷ്ട്രീയം’, മുഖ്യമന്ത്രി അത് ശ്രദ്ധിക്കേണ്ടിയിരുന്നു; ജേക്കബ് ജോർജ് appeared first on Express Kerala.

Spread the love

New Report

Close