അന്നമനട:അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേകി(26)നാണ് പരിക്കേറ്റത്. വ്യാഴം രാവിലെ 9-ന് ശീവേലി എഴുന്നള്ളിപ്പിനായി കോലം അണിയിക്കുന്നതിനിടെയാണ് അക്കിക്കാവ് കാർത്തികേയൻ എന്ന ആന ഇടഞ്ഞത്. ആനപ്പുറത്തുള്ള ആൾക്ക് താഴെനിന്ന് തിടമ്പ് കൈമാറുന്നതിനിടെ ആന വിവേകിന്റെ കാലിൽ തുമ്പിക്കെ കൊണ്ട് പിടികൂടി എടുത്തെറിയുകയായിരുന്നു. വിവേകിന്റെ മുഖത്തെ എല്ലുകൾ പൊട്ടുകയും കൈ ഒടിയുകയും ചെയ്‌തു. ഇയാളെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ആനപ്പുറത്തുണ്ടായിരുന്നവർ താഴെയിറങ്ങുകയും പാപ്പാന്മാരായ വിപിനും അഖിലും ചേർന്ന് ആനയെ തളയ്ക്കുകയും ചെയ്തു. ആന കൂടുതൽ അക്രമാസക്തനാകാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. മേളം ആരംഭിക്കുന്നതിന് തൊട്ടുമുന്പായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് ഉത്സവ ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചു.വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എലിഫൻ്റ് സ്ക്വാഡും സ്ഥലത്തെത്തി. പകൽ 11.15-ഓടെ ആനയെ മാറ്റിയ ശേഷമാണ് ചടങ്ങുകൾ പുനരാരംഭിച്ചത്.


