PUDUKAD-NEWS-PUTHUKAD-NEWS

ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ രോഗിയെ സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.

തൃശൂർ : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയ രോഗിയെ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കോട്ട വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന വ്യക്തിയാണ് മൂന്നാം നിലയിലെ വീതികുറഞ്ഞ സൺഷെയ്ഡിലേക്ക് ഇറങ്ങിയത്.

ചികിത്സയുടെ ഭാഗമായി ഡോക്ടർ സെഡേഷൻ നൽകിയിരുന്നതിനാൽ സൺഷെയ്ഡിൽ എത്തിയപ്പോഴേക്കും ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഏതു നിമിഷവും താഴേക്ക് വീഴാവുന്ന അതീവ അപകടകരമായ അവസ്ഥയിൽ കിടന്നിരുന്ന ഇയാളെ രക്ഷിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ ലാഡർ ഉപയോഗിച്ച് മുകളിലേക്ക് കയറി.
സേനാംഗങ്ങൾ അടുത്തേക്കെത്തിയതോടെ ഇയാൾ ബോധാവസ്ഥയിലേക്ക് മാറുകയും പരിഭ്രാന്തനാകുകയും ചെയ്തത് രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കി. ​തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെ ഇയാളെ കീഴ്‌പ്പെടുത്തി റെസ്‌ക്യൂ നെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി ആശുപത്രി അധികൃതർക്ക് കൈമാറുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഓഫീസർമാരായ കെ. ശിവദാസൻ, വി.വി. ജിമോദ്, സി.ജി. ആദർശ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.ജി. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡുമാരായ വിജയൻ, മുരളീധരൻ എന്നിവരും ദൗത്യത്തിൽ പങ്കാളികളായി.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top